മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു; നാല് മെയ്തികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വംശീയ കലാപം രൂക്ഷമാകുന്നു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയുമായി പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ നാല് മെയ്തികള്‍ അടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. നാല് ബി എസ് എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിങ്തൗഖോങ് ഖാ ഖുനൂവിലാണ് സംഭവം നടന്നത്. സായുധരായ അക്രമികള്‍ നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു എന്നാണ് ബിഷ്ണുപൂര്‍ പൊലീസ് സൂപ്രണ്ട് മേഘചന്ദ്ര സിംഗ് പറയുന്നത്.
'എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനും മറ്റ് നടപടിക്രമങ്ങള്‍ക്കുമായി ഇംഫാലിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മൃതദേഹങ്ങള്‍ മാറ്റിയിരിക്കുകയാണ്,' അദ്ദേഹം വ്യക്തമാക്കി. അതേസമയം കൊല്ലപ്പെട്ട മറ്റുള്ളവരില്‍ രണ്ട് പൊലീസുകാരുമുണ്ട് എന്നാണ് വിവരം. കേസ് അന്വേഷിച്ചു വരികയാണ് എന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വെടിയേറ്റ് മരിച്ച നാല് മെയ്തികള്‍ ഒരു കൃഷിയിടത്തില്‍ കൃഷി ചെയ്യുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത് എന്നാണ് റിപ്പോര്‍ട്ട്. ഇംഫാലില്‍ നിന്ന് 42 കിലോമീറ്റര്‍ അകലെ നിങ്തൗഖോങ് ഖാ-ഖുനൂവിലാണ് വ്യാഴാഴ്ച കൊലപാതകം നടന്നത്. തിയാം സോമെന്‍ സിംഗ് (50), നിംഗ്തൗജം നബാദിപ് മെയ്‌തേയ് (38), ഒയിനം ബമോള്‍ജാവോ സിംഗ് (63), മകന്‍ ഒയിനം മണിതോംബ സിംഗ് (32) എന്നിവരാണ് കൊല്ലപ്പെട്ട മെയ്തികള്‍.
ഇവര്‍ എല്ലാവരും നിങ്തൗഖോങ് ഖാ-ഖുനൂവിലെ നാലാം വാര്‍ഡ് നിവാസികളാണ്. ഇംഫാല്‍ നഗരത്തിലെ യായ്സ്‌കുലില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ മണിപ്പൂര്‍ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. അതിനിടെ, ഹെലികോപ്റ്ററുകളുടെ രൂപത്തിലുള്ള എയര്‍ അസറ്റുകള്‍ വ്യാഴാഴ്ച ഇംഫാലില്‍ എത്തി. മോറെയിലെ ക്രമസമാധാന നിലയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആഭ്യന്തര മന്ത്രാലയത്തോട് ഇംഫാലില്‍ ഒരാഴ്ചത്തേക്ക് എയര്‍ അസറ്റുകള്‍ വിന്യസിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അസം റൈഫിള്‍സിലെ ചില ഉന്നത ഉദ്യോഗസ്ഥരും മോറെയില്‍ എത്തിയിട്ടുണ്ട്. കൊലപാതകത്തെ തുടര്‍ന്ന്, സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചും ഇന്റര്‍-ഏജന്‍സി യൂണിഫൈഡ് കമാന്‍ഡിന്റെ ചെയര്‍മാനെ മാറ്റണമെന്നും ആവശ്യപ്പെട്ട് സ്ത്രീകള്‍ ഇംഫാലില്‍ റാലി നടത്തി. കഴിഞ്ഞ മേയിലാണ് മണിപ്പൂര്‍ ഗവര്‍ണര്‍ കുല്‍ദീപ് സിംഗിനെ സംസ്ഥാന-കേന്ദ്ര സേനകളുടെ ഏകീകൃത കമാന്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിച്ചത്.












Click it and Unblock the Notifications