മനോഹര്‍ പരീക്കറുടെ മകന്‍ ബിജെപി വിട്ടു, സ്വതന്ത്രനായി ബിജെപിക്കെതിരെ മത്സരിക്കും
മുംബൈ: ഗോവ മുന്‍ മുഖ്യമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ ബിജെപി വിട്ടു. അദ്ദേഹത്തിന് നേരത്തെ നേതൃത്വം സീറ്റ് നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ബിജെപിക്ക് വലിയ തിരിച്ചടിയാണിത്. ഉത്പലിനെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും നടന്നില്ല. പിതാവ് മനോഹര്‍ പരീക്കറിന്റെ പനാജി സീറ്റ് നല്‍കാനാവില്ലെന്ന് നേരത്തെ ബിജെപി ഉത്പലിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ഇതേ സീറ്റില്‍ നിന്ന് ബിജെപിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. തനിക്ക് ഒരു നിലപാട് എടുക്കാന്‍ സമയമായെന്ന് ഉത്പല്‍ പറഞ്ഞു.

അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ തന്നെ ഉത്പതലിനെ മത്സരിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അരവിന്ദ് കെജ്രിവാള്‍ അദ്ദേഹത്തെ ആംആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ഉപയോഗിച്ച് വലിച്ചെറിയുക എന്ന സമീപനമാണ് ബിജെപി എപ്പോഴും സ്വീകരിക്കറാറുള്ളത്. പരീക്കറിന്റെ കുടുംബത്തിന് പോലും ആ അവഗണന നേരിടേണ്ടി വന്നിരിക്കുകയാണ്. അദ്ദേഹത്തെ ഞാന്‍ ബഹുമാനിച്ചിരുന്നു. ഉത്പലിന് എഎപിയില്‍ ചേര്‍ന്ന് മത്സരിക്കാമെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ ഉത്പലിന് ജനപ്രീതിയില്ലെന്ന ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്. ഉത്പല്‍ പാര്‍ട്ടി വിടുന്നത് ഒഴിവാക്കാന്‍ എല്ലാ ശ്രമങ്ങളും ബിജെപി നടത്തിയിരുന്നു.
പനാജി സീറ്റ് വൈകാരികമായി അടുപ്പമുള്ള സീറ്റാണെന്ന് ഉത്പല്‍ പറയുന്നു. മണ്ഡലത്തിലെ ജനങ്ങളെയും അദ്ദേഹം നേരിട്ട് കണ്ട് പ്രചാരണവും തുടങ്ങിയിരുന്നു. എന്നാല്‍ മനോഹര്‍ പരീക്കറുടെ മകനായത് കൊണ്ട് മാത്രം ടിക്കറ്റ് നല്‍കാനാവില്ലെന്നാണ് ബിജെപിയുടെ നിലപാട്. തന്റെ രാഷ്ട്രീയ ഭാവി ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ഉത്പല്‍ വ്യക്തമാക്കി. 25 വര്‍ഷത്തോളം ഈ മണ്ഡലം ബിജെപിക്കൊപ്പമായിരുന്നു. പരീക്കറായിരുന്നു തുടര്‍ച്ചയായി വിജയിച്ചിരുന്നത്. അതനാഷിയോ ബാബുഷ് മോണ്‍സരാറ്റിയെ മത്സരിപ്പിക്കാനുള്ള ബിജെപിയുടെ തീരുമാനമാണ് ഉത്പലിനെ ചൊടിപ്പിച്ചത്. മോണ്‍സരാറ്റി പരീക്കറിന്റെ എക്കാലത്തെയും രാഷ്ട്രീയ എതിരാളിയായിരുന്നു.
നേരത്തെ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഈ സീറ്റില്‍ വിജയിച്ചത് മോണ്‍സരാറ്റിയായിരുന്നു. എന്നാല്‍ ഇയാള്‍ കോണ്‍ഗ്രസില്‍ നിന്ന് പിന്നീട് ബിജെപിയിലേക്ക് കൂറുമാറി. അവസാന നിമിഷം വരെ ബിജെപിക്കൊപ്പം നില്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ പാര്‍ട്ടി എന്ന കൈവിട്ടു. എനിക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല പനാജിയിലെ സാധാരണ ജനങ്ങളുമുണ്ട്. അതുകൊണ്ടാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. എന്റെ രാഷ്ട്രീയ ഭാവി അവര്‍ തീരുമാനിക്കും. അവസരവാദപരമായി പാര്‍ട്ടിയിലേക്ക് വന്ന ഒരാള്‍ക്കാണ് ബിജെപി സീറ്റ് നല്‍കിയത്. അത് അംഗീകരിക്കാനാവില്ല. അതുകൊണ്ട് കൂടിയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ഉത്പല്‍ വ്യക്തമാക്കി.












Click it and Unblock the Notifications