മണിപ്പൂരിൽ കനത്ത പ്രതിഷേധം; കർഫ്യൂ പ്രഖ്യാപിച്ചു..7 ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം
സംഘർഷത്തിന് പിന്നാലെ കാണാതായ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കനത്ത പ്രതിഷേധം. ഇംഫാലിലെ മന്ത്രിമാരുടേയും എംഎൽഎമാരുടേയും വീടുകളിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തി. നേതാക്കളുടെ വീട് പ്രതിഷേധക്കാർ ആക്രമിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാൽ വെസ്റ്റിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിൽ രണ്ട് ദിവസം ഇന്റർനെറ്റും നിരോധിച്ചു. ഇംഫാൽ വെസ്റ്റ്, ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്പോക്പി, ചുരാചന്ദ്പൂർ എന്നിവിടങ്ങളിലാണ് നിയന്ത്രണം.
ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെ ലാംഫെൽ സനാകീഥേൽ ഏരിയയിലെ വസതിയിൽ ഒരു ജനക്കൂട്ടം ഇരച്ചുകയറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. മുഖ്യമന്ത്രി ബീരേൻ സിംഗിന്റെ മരുമകനും ബിജെപി എംഎൽഎയുമായ ആർകെ ഇമോയുടെ വസതിക്ക് മുൻപിലും വലിയ പ്രതിഷേധമാണ് നടന്നത്. വീട്ടിലെ ഫർണിച്ചറുകൾക്ക് പ്രതിഷേധക്കാർ തീയിട്ടും. ജനാലുകളും തല്ലിതകർത്തു സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.

കെയ്‌ഷാംതോംഗ് മണ്ഡലത്തിലെ സ്വതന്ത്ര എംഎൽഎയായ സപം നിഷികാന്ത സിംഗിനെ ഉടമസ്ഥതയിലുള്ള പത്ര ഓഫീസും പ്രതിഷേധക്കാർ തകർത്തു. പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു. എന്നാൽ അദ്ദേഹം സംസ്ഥാനത്ത് ഇല്ലെന്ന് അറിയിച്ചതോടെ അക്രമം അഴിച്ചുവിടുകയായിരുന്നു.ഇംഫാലിലെ പ്രമുഖ മാർക്കറ്റായ ഖ്വൈരംബന്ദ് കെയ്ഥേലിലും പ്രകടനങ്ങൾ നടന്നു.
കാണാതായി അഞ്ച് ദിവസത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം മെയ്തി സമുദായാംഗങ്ങളായ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇതിൽ എട്ട് മാസം പ്രായമുള്ള കുട്ടിയും ഉൾപ്പെടുന്നു. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരായിരുന്നു ഇവർ. കഴിഞ്ഞാഴ്ച ജിരിബാം ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള വെടിവയ്പ്പുണ്ടായിരുന്നു. സംഭവത്തിൽ 11 പേരെ സുരക്ഷ സേന കൊലപ്പെടുത്തി. ഇതിന് പിന്നാലെയാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്.
കാണാതായവർക്കായി തിരച്ചിൽ തുടരുന്നതിനിടെ ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മണിപ്പൂർ-ആസാം അതിർത്തിയിലെ ജിരിമുഖ് എന്ന ഗ്രാമത്തിലെ നദിക്ക് സമീപത്ത് വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മറ്റ് മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ 18 മാസമായി കുക്കി-മെയ്തി വിഭാഗങ്ങൾ തമ്മിൽ വലിയ സംഘർമാണ് മണിപ്പൂരിൽ നടക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം അടുത്തിടെയാണ് വീണ്ടും മേഖലയിൽ സംഘർഷം രൂക്ഷമായത്.












Click it and Unblock the Notifications