സൈന്യത്തില്‍ ജയ് ഹിന്ദിന് പകരം റാം റാം?
ചണ്ഡിഗഡ്: നേതാജി സുഭാഷ് ചന്ദ്ര ബോസ് പ്രശസ്തമാക്കിയ ജയ് ഹിന്ദ് എന്ന മുദ്രാവാക്യത്തില്‍ വര്‍ഗീയതയോ? ജയ് ഹിന്ദ് എന്ന മുദ്രാവാക്യം വര്‍ഗീയമാണെന്നും അത് ഉപയോഗിക്കരുത് എന്നും തന്നോട് ആവശ്യപ്പെട്ടതായി സൈന്യത്തിലെ മതാധ്യാപകന്‍ വെളിപ്പെടുത്തുന്നു. ജയ് ഹിന്ദിന് പകരം റാം റാം എന്നോ ജയ് മാതാ ദി എന്നോ ഉപയോഗിക്കണം എന്നാണത്രെ ഇയാള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം.
ഇന്ത്യന്‍ ആര്‍മിയിലെ മൗലവിയായ സുബേദാര്‍ ഇഷ്‌റത്ത് അലിയാണ് ഈ നിര്‍ദേശത്തിനെതിരെ രാഷ്ട്രപതി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, ന്യൂനപക്ഷ കമ്മീഷന്‍ എന്നിവരെ സമീപിച്ചിരിക്കുന്നത്. ജയ് ഹിന്ദ് എന്ന മുദ്രാവാക്യം ഉപയോഗിക്കരുത് എന്ന് സീനിയര്‍ ഓഫീസര്‍മാര്‍ പറഞ്ഞു പകരം റാം റാം എന്നോ ജയ് മാതാ ദി എന്നോ പറയണമെന്നും ആവശ്യപ്പെട്ടു എന്നാണ് പരാതി.

ജയ് ഹിന്ദ് എന്ന മുദ്രാവാക്യം ഉപയോഗിച്ചാല്‍ അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് കിട്ടിയതായും ഇയാള്‍ പറയുന്നു. ഹിന്ദുമത പ്രയോഗങ്ങളായ റാം റാം, ജയ് മാതാ ദി എന്നിവ തനിക്ക് സ്വീകാര്യമല്ലെന്ന് ഇയാള്‍ സീനിയര്‍ ഓഫീസര്‍മാരെ അറിയിച്ചിട്ടുണ്ടത്രെ. 22 വര്‍ഷമായി താന്‍ സൈന്യത്തിലുണ്ട് എന്നും ഇത് വരെ ജയ് ഹിന്ദ് എന്ന മുദ്രാവാക്യം ഉപയോഗിക്കരുത് എന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും ഇയാള്‍ പറയുന്നു.
ജനറല്‍ വി കെ സിംഗ് അടക്കമുള്ള ഉദ്യോഗസ്ഥരെ താന്‍ ജയ് ഹിന്ദ് എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്തിട്ടുണ്ട്. ജയ് ഹിന്ദ് ദേശസ്‌നേഹമുള്ള മുദ്രാവാക്യമാണ്. ദേശസ്‌നേഹമുള്ള മുദ്രാവാക്യം വിളിച്ചാല്‍ താന്‍ കുറ്റക്കാരനാകുമോ. മാനസികമായി പീഡിപ്പിക്കപ്പെടുന്നു എന്നും തന്നെ അനാവശ്യമായി സ്ഥലം മാറ്റുന്നു എന്നും അലിക്ക് പരാതിയുണ്ട്. ജയ് ഹിന്ദ് എന്ന മുദ്രാവാക്യം വര്‍ഗീയത പടര്‍ത്തുന്നു എന്നാണത്രെ ഇഷ്‌റത്ത് അലിക്ക് കിട്ടിയ വിശദീകരണം.
ഇഷ്‌റത്ത് അലിയുടെ കമാന്‍ഡിംഗ് ഓഫീസറായ കേണല്‍ ചിത്ര സെന്‍ വിവാദത്തില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ചു. സൈന്യം പൂര്‍ണമായും മതേതരമാണ്. ജയ് ഹിന്ദ് അടക്കമുള്ള മുദ്രാവാക്യങ്ങളെ സൈന്യം ബഹുമാനിക്കുന്നു എന്നാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലായ ശോകിന്‍ ചൗഹാന്‍ പ്രതികരിച്ചത്. ഇദ്ദേഹവും ഇഷ്‌റത്ത് അലിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.


Click it and Unblock the Notifications