ജമ്മു കശ്മീരിൽ വീണ്ടും നാടകീയ നീക്കങ്ങൾ; മെഹ്ബൂഹ മുഫ്തിയും ഒമർ അബ്ദുള്ളയും അറസ്റ്റിൽ
ദില്ലി: കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും അറസ്റ്റിൽ. ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ബിൽ രാജ്യസഭയിൽ പാസായതിന് പിന്നാലെയാണ് നടപടി. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, 35 എന്നീവ കേന്ദ്രസർക്കാർ നേരത്തെ എടുത്ത് മാറ്റിയിരുന്നു.
മെഹബൂബ മുഫ്തിയെ സർക്കാർ ഗസ്റ്റ് ഹൗസായ ഹരി നിവാസിലേക്ക് മാറ്റിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി മെഹബൂബ മുഫ്തിയേയും ഒമർ അബ്ദുള്ളയേയും വീട്ടു തടങ്കലിൽ ആക്കുകയും കശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇരു നേതാക്കളുടെയും അറസ്റ്റിന് പിന്നിലെ കാരണം വ്യക്തമല്ല. ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ നടപടിയേയും കശ്മീരിനെ വിഭജിക്കാനുള്ള തീരുമാനത്തേയും ചോദ്യം ചെയ്ത് മെഹ്ബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും നേരത്തെ രംഗത്ത് വന്നിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണിതെന്നും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചിരുന്നു. കശ്മീരിലെ ജനങ്ങളെ വഞ്ചിച്ചുവെന്നും മെഹബൂബ മുഫ്തി ആരോപിച്ചിരുന്നു.

കശ്മീരിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് നടപടിയെന്നാണ് കശ്മീർ വിഭജന ബില്ലിനെ കുറിച്ച് രാജ്യസഭയിൽ അമിത് ഷാ പ്രതികരിച്ചത്. താഴ്വരയിൽ സമാധാനം പുനസ്ഥാപിച്ച് ഉചിതമായ സമയം വരുമ്പോൾ കശ്മീരിന് പൂർണ സംസ്ഥാന പദവി നൽകുമെന്നും അമിത് ഷാ പ്രതികരിച്ചു. 125 അംഗങ്ങൾ രാജ്യസഭയിൽ കശ്മീർ വിഭജന ബില്ലിനെ അനുകൂലിച്ചപ്പോൾ 61 പേർ എതിർത്തു.












Click it and Unblock the Notifications