രാജകുടുംബത്തിലെ അമ്മയും മകളും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
നൗഗാവ്: ഉത്തരാഖണ്ഡ് സംസ്ഥാനത്തെ നൗഗാവ് പ്രദേശം ഭരിച്ചിരുന്ന രാജകുടുംബത്തിലെ പിന്‍തലമുറക്കാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. നൗഗാവിലെ റായ് വിജയ് ബഹാദൂര്‍ സിങ്ങിന്റെ ഭാര്യ യുവറാണി(60), മകള്‍ ബേബി രാജ(40) എന്നിവരെയാണ് കൊട്ടാരത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊട്ടാരത്തില്‍ സ്ഥിരമായി പാല്‍ കൊണ്ടുവന്നിരുന്നയാള്‍ പോലീസില്‍ നല്‍കിയ വിവരം അനുസരിച്ച് നല്‍കിയ പരിശോധനയിലാണ് ഇരുവരെയും കണ്ടെത്തിയത്. കൊട്ടാരത്തിലെ വാതില്‍ രണ്ടുദിവസമായി തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയാണ് പാല്‍ക്കാരന്‍ പോലീസിനെ സമീപിച്ചത്. പോലീസ് നടത്തിയ പരിശോധനയില്‍ ഇരുവരും മരിച്ചതായി കണ്ടെത്തി.

ഇരുവരുടെയും കൈകള്‍ ഒരു ഹീറ്ററില്‍ തൊട്ട നിലയിലായിരുന്നു. ഷോക്കേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ശരീരത്തില്‍ അങ്ങിങ്ങായി പരിക്കുകള്‍ കണ്ടെത്തിയത് സംശയത്തിനിടനല്‍കുന്നതായി പോലീസ് പറഞ്ഞു. ഫോറന്‍സിക് സംഘവും മറ്റും സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തി. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണകാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
വിജയ് ബഹാദൂറിന്റെ മകനും മരുമകളും ഉത്തര്‍പ്രദേശില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഇതേ കൊട്ടാരത്തില്‍ നിന്നും ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണം പോയിരുന്നു. വിജയ് ബഹാദൂര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു.












Click it and Unblock the Notifications