വിദ്യാഭ്യാസ സ്ഥാപനങ്ങൾ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി; മുന്നറിയിപ്പുമായി എംകെ സ്‌റ്റാലിൻ
ചെന്നൈ: അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. കാമ്പസുകളിൽ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാനോ അനുവദിക്കാനോ ഉള്ള ഏതൊരു ശ്രമവും സർക്കാരിൽ നിന്ന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുമെന്നാണ് എംകെ സ്‌റ്റാലിൻ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.
വിദ്യാഭ്യാസം ശാസ്ത്രീയ ചിന്തയിലും സാമൂഹിക നീതിയിലും അധിഷ്‌ഠിതമായിരിക്കണം, അല്ലാതെ ഒരിക്കലും കെട്ടുകഥകളിലോ അശാസ്ത്രീയമായ ആചാരങ്ങളിലോ അല്ലെന്നുമാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശാസ്ത്രീയമായ സമീപനം സ്വീകരിക്കുകയും സാമൂഹിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

ഇതിനെതിരായി എന്തെങ്കിലും സംഭവിച്ചാൽ സർക്കാരിന്റെ പ്രതികരണം തീർത്തും കഠിനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ലക്ഷ്യത്തിലേക്ക് കാമ്പസുകളെ നയിക്കുന്നതിന് ഒരു കൃത്യമായ പദ്ധതി തയ്യാറാക്കാൻ സർവകലാശാലാ മേധാവികൾക്ക് നിർദ്ദേശം നൽകിയതായും സ്‌റ്റാലിൻ അറിയിച്ചു.
മോഷ്‌ടിക്കാൻ കഴിയാത്ത ഒരേയൊരു സമ്പത്ത് വിദ്യാഭ്യാസമാണെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്നുള്ള വിജയത്തിന്റെ വ്യാജ വാഗ്‌ദാനങ്ങളാൽ വഴിതെറ്റിക്കപ്പെടുന്നതിനെതിരെ അദ്ദേഹം വിദ്യാർത്ഥികളെ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും കണ്ടന്റ് ക്രിയേറ്റേഴ്‌സിനെയും പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
ഷോപ്പുകൾ ആരംഭിച്ചോ യൂട്യൂബിൽ പ്രശസ്‌തനാകുന്നതിലൂടെയോ എളുപ്പത്തിൽ പണം സമ്പാദിക്കാൻ കഴിയുമെന്ന് നിരവധി വ്യക്തികൾ അവകാശപ്പെടുന്നുണ്ടെന്ന് സ്‌റ്റാലിൻ അഭിപ്രായപ്പെട്ടു, എന്നാൽ അപവാദങ്ങൾ ഉദാഹരണങ്ങളല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ കുറിച്ചുള്ള മോശം വാർത്തകൾ വ്യാപകമായി പാലയിടത്തും ഉയരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ സ്‌റ്റാലിൻ തന്നെ പ്രതികരിച്ചത്.
സോഷ്യൽ മീഡിയയിൽ തങ്ങളുടെ മാതൃകകളെ തിരയരുതെന്ന് വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ച മുഖ്യമന്ത്രി സ്‌റ്റാലിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം ടെക്നോളജി, കമ്പ്യൂട്ടിംഗ് തുടങ്ങിയ നൂതന മേഖലകളിൽ തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾ ഇതിനകം തന്നെ മികവ് പുലർത്തുന്നുണ്ടെന്ന് അവരെ ഓർമ്മിപ്പിച്ചു. ആഗോളതലത്തിൽ മത്സരിക്കാൻ യുവാക്കൾ തയ്യാറായിരിക്കണം, അത് നേടുന്നതിനുള്ള താക്കോലാണ് വിദ്യാഭ്യാസമെന്നും അദ്ദേഹം ഊന്നിപറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ പിഎച്ച്ഡി സ്കോളർമാരുള്ളത് തമിഴ്‌നാട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നമ്മൾ വളരെ മുന്നിലാണെന്ന് പറഞ്ഞ എംകെ സ്‌റ്റാലിൻ ഈ നേട്ടങ്ങൾക്കിടയിലും, ആഗോള നിലവാരവുമായി പൊരുത്തപ്പെടാൻ സംസ്ഥാനം നിരന്തരം പരിശ്രമിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
കേന്ദ്ര പദ്ധതികൾക്ക് എതിരെ ശക്തമായ ഭാഷയിലാണ് എംകെ സ്‌റ്റാലിൻ പ്രതികരിച്ചത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ദേശീയ വിദ്യാഭ്യാസ നയം (എൻഇപി), വിശ്വകർമ യോജന തുടങ്ങിയ ചില കേന്ദ്ര പദ്ധതികളെ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കുട്ടികൾ പഠിക്കുന്നത് തടയാൻ വേണ്ടിയാണ് അവ രൂപകൽപ്പന ചെയ്‌തിട്ടുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം, കേന്ദ്ര സർക്കാരുമായി ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടെ നേരിട്ടുള്ള പോര് തുടരവെയാണ് എംകെ സ്‌റ്റാലിന്റെ നീക്കം. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ പദ്ധതിയെ ശക്തമായാണ് തമിഴ്‌നാട് എതിർക്കുന്നത്. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയും ചെയ്യില്ലെന്നും ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ അംഗീകരിക്കില്ലെന്നുമാണ് ഡിഎംകെയുടെയും സ്‌റ്റാലിന്റെയും നിലപാട്.
എന്നാൽ സർവശിക്ഷാ അഭിയാൻ ഉൾപ്പെടെയുള്ള പദ്ധതികൾ മുഖേനയുള്ള ഫണ്ടുകൾ കേന്ദ്രം തടഞ്ഞു വച്ചിരിക്കുകയാണെന്നും തമിഴ്‌നാട് ആരോപിച്ചിരുന്നു. ഇതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി വാക്പോരും തുടങ്ങിയിരുന്നു. ഡിഎംകെ സർക്കാർ ഇക്കാര്യത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബിജെപി പറയുന്നത്. എന്നാൽ അടുത്ത വർഷം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിന്ദി അടിച്ചേൽപ്പിക്കൽ മുഖ്യ വിഷയമാക്കാനാണ് ഡിഎംകെ ശ്രമം.












Click it and Unblock the Notifications