മഹായുതി കോട്ട പൊളിക്കുമോ മഹാ അഘാഡി: എന്‍ഡിഎയില്‍ അങ്കലാപ്പ്, എംഎല്‍എമാരെ റിസോർടിലേക്ക് മാറ്റി
മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ നാടകങ്ങള്‍. ലെജിസ്ലേറ്റീവ് കൗൺസിലെ 11 ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് വീണ്ടും റിസോർട്ട് രാഷ്ട്രീയം സജീവമായത്. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ പല അംഗങ്ങളുടേയും രാഷ്ട്രീയ നിലപാടിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ ക്രോസ് വോട്ടിംഗിനും കുതിരക്കച്ചവടത്തിനും സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും ശക്തമാണ്.
സംസ്ഥാനത്തെ 48 സീറ്റുകളിൽ 30 എണ്ണവും നേടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മഹാ വികാസ് അഘാഡി സഖ്യത്തിന് അനുകൂലമായി ഭരണ പക്ഷത്ത് നിന്നും വോട്ടുകള്‍ ചേർന്നേക്കുമെന്നാണ് സൂചന. മൂന്ന് സ്ഥാനാർത്ഥികളെയാണ് സഖ്യം നിലനിർത്തിയിരിക്കുന്നത്. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിൽ നിലവിൽ 274 അംഗങ്ങളാണുള്ളത്. അതായത് ഓരോ എം എൽ സി സ്ഥാനാർത്ഥിക്കും തിരഞ്ഞെടുക്കപ്പെടാൻ 23 ഒന്നാം മുൻഗണന വോട്ടുകൾ ആവശ്യമാണ്.

ബി ജെ പിയും ശിവസേനയുടെ ഏക്‌നാഥ് ഷിൻഡെ വിഭാഗവും എൻ സി പിയുടെ അജിത് പവാർ വിഭാഗവും അടങ്ങുന്ന എൻ ഡി എ സഖ്യത്തിൻ്റെ ഭാഗമായ ഭരണകക്ഷിയായ മഹായുതി ഒമ്പത് സ്ഥാനാർഥികളെയാണ് എം എല്‍ സി സ്ഥാനാർത്ഥികളായി നിർത്തിയിരിക്കുന്നത്. സ്വതന്ത്രരും ചെറുകക്ഷികളും ഉൾപ്പെടെ ആകെ 201 എം എൽ എമാരുടെ പിന്തുണയും അവർക്കുണ്ട്. വോട്ടുകള്‍ ഒന്നും ചോർന്നില്ലെങ്കില്‍ 9 സ്ഥാനാർത്ഥികളും വിജയിക്കും.
മഹാ വികാസ് അഘാഡിയുടെ പ്രധാന ഘടകകക്ഷികളായ കോൺഗ്രസ്, ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ), എൻസിപി (ശരദ്ചന്ദ്ര പവാർ) എന്നിവർക്ക് 67 എം എൽ എമാരുടെ പിന്തുണയാണുള്ളതെങ്കിലും മൂന്ന് സ്ഥാനാർത്ഥികളെ നിർത്താന്‍ സഖ്യം തീരുമാനിക്കുകയായിരുന്നു. ഒരു സ്വതന്ത്രൻ ഉൾപ്പെടെ ആറ് എം എൽ എമാർ നിഷ്പക്ഷ പാത പിന്തുടരുന്നു.
11 സീറ്റുകളിലേക്ക് ആകെ 12 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് സംസ്ഥാനനിയമസഭാ തെരഞ്ഞെടുപ്പി തൊട്ടുമുമ്പുള്ള ബലപരീക്ഷണം കൂടിയാണ്. ലോക്സഭ തിരഞ്ഞെടുപ്പിന് പരാജയത്തിന് പിന്നാലെ ഔദ്യോഗിക ശിവസേനയിലും എന്‍ സി പിയിലും പിളർപ്പുണ്ടാകുമെന്ന് അവകാശപ്പെട്ട് നേതാക്കള്‍ രംഗത്ത് വന്നിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രം വിജയിച്ച അജിത് പവാറിന്റെ എന്‍ സി പിയില്‍ നിന്നും എം എൽ എമാർ ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള പാർട്ടിലേക്ക് മടങ്ങാൻ നോക്കുവെന്നതിന് ശക്തമായ സൂചനയുമുണ്ട്. ഇവരുടെ പിന്തുണയാണ് മൂന്നാമതൊരു സ്ഥാനാർത്ഥിയെ നിർത്താനുള്ള ആത്മവിശ്വാസം പ്രതിപക്ഷത്തിന് നൽകിയത്.
ശിവസേന യുബിടി നേതാവ് മിലിന്ദ് നർവേക്കറെയാണ് എംവിഎ സഖ്യത്തില്‍ മൂന്നാമതായി മത്സരിക്കുന്നത്. "ഞങ്ങൾക്ക് വിജയിക്കുമെന്ന ആത്മവിശ്വാസമില്ലായിരുന്നുവെങ്കിൽ ഞങ്ങൾ മൂന്നാമത്തെ സ്ഥാനാർത്ഥിയെ നിർത്തുകയില്ലായിരുന്നു " ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ പറഞ്ഞു.
103 എം എൽ എമാരുള്ള ബി ജെ പി അഞ്ച് സ്ഥാനാർത്ഥികളെയാണ് നിർത്തിയിരിക്കുന്നത്. പങ്കജ മുണ്ടെ, യോഗേഷ് തിലേക്കർ, പരിണയ് ഫുകെ, അമിത് ഗോർഖെ, സദാഭൗ ഖോട്ട് എന്നിവരാണ് സ്ഥാനാർത്ഥികള്‍. എന്നാല്‍ ഇതില്‍ അഞ്ചാമത്തെ സ്ഥാനാർത്ഥിക്ക് വിജയിക്കാന്‍ 12 അംഗങ്ങളുടെ പിന്തുണയുടെ കുറവുണ്ട്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് നിയമസഭയിൽ 37 അംഗങ്ങളുണ്ട്. രണ്ട് സ്ഥാനാർത്ഥികളെയാണ് ഇവർ നിർത്തിയത്, കൃപാൽ തുമാനെയും ഭാവന ഗാവ്‌ലിയും. രണ്ട് പേരേയും വിജയിപ്പിക്കാന്‍ ഒമ്പത് എം എൽ എമാരുടെ കുറവ്.
അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻ സി പി വിഭാഗത്തിന് 39 എം എൽ എമാരുണ്ട്. രാജേഷ് വിതേകർ, ശിവാജിറാവു ഗാർജെ എന്നിങ്ങനെ രണ്ടുപേരെ ഇവരും നിർത്തി. വിജയിക്കാന്‍ ആവശ്യമായ 46 വോട്ടുകളിൽ ഏഴിന്റെ കുറവ്. എന്നിരുന്നാലും, ഭരണസഖ്യം ചെറുപാർട്ടികളിൽ നിന്നുള്ള ഒമ്പത് എംഎൽഎമാരുടേയും 13 സ്വതന്ത്രരുടേയും പിന്തുണയുടെ ഈ കുറവ് മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
37 എം എൽ എമാരും ഒരു സ്ഥാനാർത്ഥിയും (പ്രദീന സതവും) ഉള്ള കോൺഗ്രസ് 14 മിച്ച വോട്ടുള്ള ഏക പാർട്ടിയാണ്. 13 എം എൽ എമാരുള്ള ശരദ് പവാറിൻ്റെ എൻ സി പി പെസൻ്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടി (പിഡബ്ല്യുപി) നേതാവായ ജയന്ത് പാട്ടീലിനെ പിന്തുണയ്ക്കുന്നു. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ശിവസേന വെറും 15 എം എൽ എമാരുടെ പിന്തുണയിലാണ് നർവിനെ സ്ഥാനാർത്ഥിയായിക്കിയിരിക്കുന്നത്.
തങ്ങളുടെ ശേഷിക്കുന്ന വോട്ടുകള്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ മറ്റ് സ്ഥാനാർത്ഥികള്‍ക്ക് നല്‍കും. എന്നാൽ എ ഐ എം ഐ എമ്മിൻ്റെ രണ്ട് എം എൽ എമാർ, എസ് പിയു രണ്ട്, സി പി ഐ എമ്മിൻ്റെ ഏക എം എൽ എ, ഒരു സ്വതന്ത്രൻ എന്നിവരുടെ വോട്ടുകളും തങ്ങള്‍ക്ക് ലഭിക്കുമെന്നും എം എവി എ അവകാശപ്പെടുന്നു. ഇവർക്ക് പുറമെ മറുപക്ഷത്ത് നിന്നും വോട്ട് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications