പള്ളിയില്‍ കയറി വിശ്വാസികളെ മര്‍ദ്ദിച്ചു; ഒഴിഞ്ഞുപോകണമെന്ന് ആവശ്യം, വധഭീഷണി, കേസ്
ന്യൂഡല്‍ഹി: പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയ മുസ്ലിങ്ങളെ ഒരുകൂട്ടം പ്രദേശവാസികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്നും അല്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഗുരുഗ്രാമിലെ പള്ളിയില്‍ നടന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് കേസ്. പള്ളിക്ക് അകത്ത് കയറിയ അക്രമികള്‍ അവിടെ അലങ്കോലമാക്കി. ഭോറ കലന്‍ ഭാഗത്താണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. വിശ്വാസികളെ മര്‍ദ്ദിച്ച് പള്ളിയില്‍ പൂട്ടിയിട്ട സംഘം ഓടി രക്ഷപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.

സുബേദാര്‍ നാസര്‍ മുഹമ്മദ് നല്‍കിയ പരാതിയിലാണ് ബിലാസ്പൂര്‍ പോലീസ് കേസെടുത്തതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഭോറ കലനില്‍ നാല് മുസ്ലിം കുടുംബങ്ങളാണ് താമസിക്കുന്നത്. ബുധനാഴ്ച വൈകീട്ട് പ്രാര്‍ഥന നടക്കവെയാണ് ഒരുകൂട്ടം ആളുകള്‍ ഇടിച്ചുകയറി വന്നത്. വിശ്വാസികളെ മര്‍ദ്ദിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുഹമ്മദ് പരാതിയില്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295-എ, 323, 506, 147, 148 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു. പ്രതികളില്‍ മൂന്ന് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രാജേഷ് ചൗഹാന്‍, അനില്‍ ഭദുരിയ, സഞ്ജയ് വ്യാസ് എന്നിവരാണ് പ്രതികള്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവരെ പിടിക്കാന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് സംശയിക്കുന്നു.












Click it and Unblock the Notifications