കോണ്‍ഗ്രസ് മിസ്റ്റര്‍ ഫ്രോഡ്: നരേന്ദ്രമോദി
പാലംപൂര്‍: വാഗ്ദാനങ്ങള്‍ നല്‍കി രാജ്യത്തെ ജനങ്ങളെ വഞ്ചിച്ച മിസ്റ്റര്‍ ഫ്രോഡാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് ബി ജെ പി നേതാവ് നരേന്ദ്ര മോദി. 2009 ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് പറഞ്ഞത് 100 ദിവസത്തിനകം വിലക്കയറ്റം തടയാനുള്ള നടപടി എടുക്കും എന്നാണ്. എന്നിട്ടെവിടെ ചെയ്‌തോ? വാക്ക് പാലിക്കാത്ത ആളുകളെ ഫ്രോഡുകള്‍ എന്നല്ലാതെ പിന്നെ എന്താണ് വിളിക്കുക - മോദി ചോദിച്ചു.
ഒരു തെറ്റ് പറ്റിയാല്‍ ചിലപ്പോള്‍ ജനങ്ങള്‍ ക്ഷമിച്ചു വരും. എന്നാല്‍ ജനങ്ങളെ വഞ്ചിച്ചാല്‍ അവര്‍ ക്ഷമിക്കില്ല. കേന്ദ്രത്തില്‍ ബി ജെ പിക്ക് ഒരു അവസരം തരൂ എന്നും മോദി പറഞ്ഞു. 60 വര്‍ഷം നിങ്ങള്‍ കോണ്‍ഗ്രസിന് നല്‍കിയില്ലേ. 60 ദിവസങ്ങള്‍ നിങ്ങളെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കൂ. ഒരു ഭരണാധികാരിയെ അല്ല, ഒരു സേവകനെയാണ് രാജ്യത്തിന് ആവശ്യം.

രാജ്യത്തെ സേവിക്കാനാണ് ഞാന്‍ പ്രധാന മന്ത്രി പദത്തിലെത്തുന്നത്. അതിന് എനിക്ക് നിങ്ങളുടെ അനുഗ്രഹം വേണം. ഭരണത്തിലെത്താനായി എനിക്ക് 300 താമരകള്‍ വിരിയിക്കണം. ഹിമാചല്‍ പ്രദേശിലെ നാല് സീറ്റുകളിലും ബി ജെ പിയെ വിജയിപ്പിക്കണം. എങ്കില്‍ മാത്രമേ ശക്തമായ ഒരു ഭരണം കേന്ദ്രത്തിലുണ്ടാകൂ. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിമാചല്‍ പ്രദേശിലെ പാലംപൂരില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
കാംഗ്ര, മാണ്ഡി, സോലന്‍ എന്നിവിടങ്ങളിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും മോദി തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. നാല് സീറ്റുകളാണ് ഹിമാചല്‍ പ്രദേശില്‍ ഉള്ളത്. മെയ് ഏഴിന് ഒറ്റഘട്ടത്തിലായാണ് ഇവിടെ വോട്ടെടുപ്പ്. 2009 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മൂന്നും കോണ്‍ഗ്രസിന് ഒന്നും സീറ്റുകളാണ് ഹിമാചലില്‍ കിട്ടിയത്.












Click it and Unblock the Notifications