തലയെടുപ്പോടെ സ്മൃതി... തോറ്റ എംപിയല്ല, പുലിയെ മടയില്‍ ചെന്ന് വീഴ്ത്തിയ അതികായ
ദില്ലി: 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അമേഠിയില്‍ സ്മൃതി ഇറാനിയെ ബിജെപി രംഗത്തിറക്കിയപ്പോള്‍ പലര്‍ക്കും പരിഹാസമായിരുന്നു. രാഹുലിന്റെ തട്ടകത്തില്‍ സ്മൃതി വെറുതേ മത്സരിച്ച് തോല്‍ക്കുമെന്നായിരുന്നു പ്രചാരണം. സംഗതി സത്യമായി. ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് സ്മൃതി ഇറാനി തോറ്റമ്പി. പക്ഷേ, രാഹുലിന്റെ ഭൂരിപക്ഷം മൂന്നിലൊന്നായി കുറയ്ക്കാന്‍ അന്നേ സ്മൃതി ഇറാനിയ്ക്ക് കഴിഞ്ഞിരുന്നു.
എന്നാല്‍ 'പെങ്ങളൂട്ടി' ആയ സ്മൃതിയെ ഒരു തോല്‍വികൊണ്ട് ഉപേക്ഷിക്കാന്‍ നരേന്ദ്ര മോദി തയ്യാറായിരുന്നില്ല. രാജ്യസഭാംഗത്വം കൊടുത്ത് സ്മൃതിയെ മന്ത്രിയാക്കി. അതും നിര്‍ണായകമായ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി.
അഞ്ച് വര്‍ഷങ്ങള്‍ സ്മൃതിയെ സംബന്ധിച്ച് വിവാദ പൂര്‍ണമായിരുന്നു. ഒരു ഘട്ടത്തില്‍ സ്മൃതിയില്‍ നിന്ന് മാനവവിഭവശേഷി വകുപ്പ് എടുത്ത് മാറ്റുകയും ചെയ്തു. പക്ഷേ, ഏത് വിവാദത്തിലും അമേഠിയില്‍ ഒരു കണ്ണുണ്ടായിരുന്നു അവര്‍ക്ക്. അങ്ങനെ 2019 ലെ തിരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ ജയിന്റ് കില്ലറായി മാറി സ്മൃതി ഇറാനി. കഴിഞ്ഞ തവണ തോറ്റ എംപിയായില്‍ നിന്ന് മന്ത്രിയായെങ്കില്‍, ഇത്തവണ അതികായനെ വീഴ്ത്തിയ ജയിച്ച എംപിയായാണ് സ്മൃതി ഇറാനി മന്ത്രിക്കസേരയില്‍ ഇരിക്കുന്നത്. സ്മൃതി ഇറാനിയുടെ ജീവിതത്തിലൂടെ....

ജന്മം മുതലേ സംഘത്തിനൊപ്പം
1976 മാര്‍ച്ച് 23 ന് ആയിരുന്നു സ്മൃതി ഇറാനിയുടെ ജനനം. അച്ഛന്‍ പഞ്ചാബി-മഹാരാഷ്ട്രക്കാരനായ അജയ് കുമാര്‍ മല്‍ഹോത്ര. അമ്മ ബംഗാളിയായ ഷിബാനി ബാഗ്ചി. സ്മൃതി മല്‍ഹോത്ര എന്നായിരുന്നു പേര്. സിബിന്‍ ഇറാനിയെ വിവാഹം കഴിച്ചതിന് ശേഷം ആണ് സ്മൃതി മല്‍ഹോത്ര സ്മൃതി ഇറാനി ആയത്.
സ്മൃതി മുത്തച്ഛന്‍ ഒരു സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ആയിരുന്നു- ആര്‍എസ്എസ് സ്വയം സേവകന്‍. അമ്മയാകട്ടെ ജനസംഘത്തിന്റെ പ്രവര്‍ത്തകയും. ചെറുപ്പം മുതലേ സംഘപരിവാര്‍ സ്വാധീനത്തിലായിരുന്നു സ്മൃതിയുടെ ജീവിതം.

മിസ്സ് ഇന്ത്യ ആകാന്‍
മോഡലിങ്ങില്‍ ആയിരുന്നു സ്മൃതിയുടെ തുടക്കം. 1998 ലെ മിസ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിലെ മത്സരാര്‍ത്ഥിയായിരുന്നു. ഭാഗ്യം കൊണ്ടോ, നിര്‍ഭാഗ്യം കൊണ്ടോ... അവസാന ഒമ്പതില്‍ എത്താന്‍ സ്മൃതിയ്ക്ക് സാധിച്ചില്ല.
രണ്ട് വര്‍ഷത്തിന് ശേഷം സ്മൃതി ആദ്യമായി ടിവി സീരിയലില്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് സ്മൃതിയ്ക്ക് തിരഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സ്റ്റാര്‍ പ്ലസില്‍ ആയിരുന്നു സ്മൃതിയുടെ സൂപ്പര്‍ ഹിറ്റ് പരമ്പരകള്‍ എല്ലാം സംപ്രേഷണം ചെയ്തിരുന്നത്. ഇതോടെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയായി സ്മൃതി പേരെടുക്കുകയും ചെയ്തു.

അമ്മായിയമ്മയും ഒരിക്കല്‍ മരുമകള്‍ ആയിരുന്നു
'ക്യോംകി, സാസ് ഭീ കഭീ ബഹൂ ഥീ' എന്ന സീരിയല്‍ ആയിരുന്നു സ്മൃതിയുടെ ഏറ്റവും ശ്രദ്ധേയമായ സീരിയല്‍. ഏക്ത കപൂറിന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ഈ പരമ്പരയില്‍ തുളസി വിരാനി എന്ന കഥാപാത്രത്തെ ആണ് സ്മൃതി ഇറാനി അവതരിപ്പിച്ചത്. തുടര്‍ച്ചയായി ഏഴ് വര്‍ഷം സ്മൃതി ഈ സീരിയലില്‍ അഭിനയിച്ചു. ഇതിനിടെ തുടര്‍ച്ചയായി അഞ്ച് സവണ മികച്ച ടെലിവിഷന്‍ നടിയ്ക്കുന്ന അവാര്‍ഡും സ്വന്തമാക്കി.
2007 ല്‍ സ്മൃതി ഈ സീരിയലില്‍ നിന്ന് പുറത്ത് പോയി. ഇതിന് ശേഷം 2008 ല്‍ ഒരിക്കല്‍ മാത്രം ഒരു സ്‌പെഷ്യല്‍ എപ്പിസോഡില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
ഇതിനിടെ മറ്റ് സീരിയലുകളില്‍ അഭിനയിക്കുകയും സ്വന്തമായി സീരിയല്‍ നിര്‍മിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. സീ ടിവിയില്‍ സംപ്രേഷണം ചെയ്ത രാമായണത്തില്‍ സീതയായും അഭിനയിച്ചു.

രാഷ്ട്രീയത്തില്‍
സീരിയലില്‍ സജീവമായിരുന്ന കാലത്ത് തന്നെ സ്മൃതിയുടെ രാഷ്ട്രീയ പ്രവേശനവും നടന്നു. 2003 ല്‍ ആണ് സ്മൃതി ഇറാനി ബിജെപിയില്‍ അംഗത്വം എടുക്കുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ മഹാരാഷ്ട്ര യുവമോര്‍ച്ചയുടെ സംസ്ഥാന ഉപാധ്യക്ഷയും ആയി.
2014 ലെ സ്മൃതിയുടെ തിരഞ്ഞെടുപ്പ് തോല്‍വിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത് എങ്കിലും സ്മൃതി ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് 2004 ല്‍ ആയിരുന്നു. ദില്ലിയിലെ ചാന്ദ്‌നി ചൗക്കില്‍ കപില്‍ സിബിലിനെതിരെ ആയിരുന്നു മത്സരിച്ചത്. ആദ്യ അങ്കം തന്നെ തോല്‍വിയിലാണ് അവസാനിച്ചത്.
എന്നാലും ബിജെപിയുടെ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ആ വര്‍ഷം തന്നെ സ്മൃതി എത്തി.

മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച യുവതുര്‍ക്കി
2004 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ പരാജയം ആണ് ഏറ്റുവാങ്ങിയത്. ഇന്ത്യ തിളങ്ങുന്നു എന്ന പരസ്യ വാചകവും ആയി തുടര്‍ഭരണം തേടിയിറങ്ങിയ വാജ്‌പേയി അന്ന് പരാജയപ്പെട്ടു.
ഗുജറാത്ത് കലാപത്തിന്റെ ഒരു പ്രതിഫലനം കൂടി ആയിരുന്നു ആ തിരഞ്ഞെടുപ്പ് ഫലം. ഇതിന്റെ പേരില്‍ നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച യുവതുര്‍ക്കി ആയിരുന്നു സ്മൃതി ഇറാനി.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും വരെ നിരാഹാരമിരിക്കും എന്നായിരുന്നു സ്മൃതി പ്രഖ്യാപനം. പക്ഷേ, കേന്ദ്ര നേതൃത്വത്തിന്റെ ഭീഷണിക്ക് വഴങ്ങി, ഈ പ്രഖ്യാപനത്തില്‍ നിന്ന് സ്മൃതി പിന്‍തിരിഞ്ഞു. മോദി രാജിവച്ചതും ഇല്ല, സ്മൃതി നിരാഹാരമിരുന്നതും ഇല്ല.

ദേശീയ സെക്രട്ടറി
2004 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങളില്‍ സ്മൃതി ഇറാനി അത്രയൊന്നും ദേശീയ ശ്രദ്ധ നേടിയിരുന്നില്ല. 2009 ലെ തിരഞ്ഞെടുപ്പില്‍ വിജയ് ഗോയലിന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം എന്ന് സ്മൃതി ആവശ്യപ്പെട്ടത് ഈ പ്രചാരണത്തിനിടെ ആയിരുന്നു.
2010 ല്‍ സ്മൃതിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. ഇതേ വര്‍ഷം തന്നെ മഹിള മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റ് ആയും സ്മൃതി ഇറാനി നിയോഗിക്കപ്പെട്ടു.
തൊട്ടടുത്ത വര്‍ഷം ആണ് സ്മൃതിയെ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗം ആയി തിരഞ്ഞെടുക്കുന്നത്.

മോദിയുടെ പെങ്ങള്‍
നരേന്ദ്ര മോദിയ്ക്ക് അത്രയേറെ വാത്സല്യമുള്ള ഒരാളാണ് സ്മൃതി ഇറാനി. തിരിച്ച് സ്മൃതിയ്ക്കും അതുപോലെ തന്നെ. പണ്ട് മോദിയുടെ രാജി ആവശ്യപ്പെട്ട ആളാണെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ ജിഹ്വയായി മാറിയതും സ്മൃതി ഇറാനി തന്നെ.
നരേന്ദ്ര മോദി എന്ന് രാഷ്ട്രീയം ഉപേക്ഷിക്കുന്നോ, അന്ന് താനും രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തും എന്നാണ് സ്മൃതി വ്യക്തമാക്കിയിട്ടുള്ളത്.

അമേഠിയിലെ ആദ്യ തോല്‍വി
2014 ല്‍ രാജ്യമെങ്ങും മോദി തരംഗം ആണ്. മോദിയുടെ പോരാളിയായിട്ടാണ് സ്മൃതി ഇറാനിയെ അമേഠിയില്‍ രാഹുലിനെതിരെ മത്സരിപ്പിക്കുന്നത്. അമേഠി ഇതുവരെ കാണാത്ത തരത്തിലായിരുന്നു അന്നത്തെ പ്രചാരണങ്ങള്‍. പക്ഷേ, വന്‍ മോദി തരംഗത്തിലും സ്മൃതിയ്ക്ക് അന്ന് വിജയിക്കാന്‍ ആയില്ല. പക്ഷേ രാഹുല്‍ ഗാന്ധിയുടെ മൂന്ന് ലക്ഷത്തില്‍ അധികമുള്ള ഭൂരിപക്ഷം ഒരു ലക്ഷത്തിലെത്തിക്കാന്‍ സ്മൃതിയ്ക്ക് സാധിച്ചു.

തോറ്റിട്ടും കേന്ദ്ര മന്ത്രി
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും സ്മൃതി ഇറാനി കേന്ദ്ര മന്ത്രിസഭയില്‍ എത്തി. അതും ക്യാബിനറ്റ് പദവിയോടെ മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍. മോദിയുടെ വാത്സല്യത്തിനുള്ള തെളിവായി ഇത് വാഴ്ത്തപ്പെടുകയും ചെയ്തു.
രാജ്യസഭാംഗം എന്ന നിലയില്‍ ആയിരുന്നു അത്തവണ സ്മൃതിയെ കേന്ദ്ര മന്ത്രിയാക്കിയത്. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗം ആയിരുന്നു സ്മൃതി.

ഡിഗ്രി വിവാദം
വിദ്യാഭ്യാസ യോഗ്യത വിഷയത്തില്‍ ആയിരുന്നു സ്മൃതി ഇറാനി ഏറ്റവും വലിയ വിവാദത്തില്‍ പെട്ടത്. 2004 ലെ തിരഞ്ഞെടുപ്പില്‍ ദില്ലി സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിഎ ബിരുദ ധാരി ആണ് എന്നായിരുന്നു സത്യവാങ്മൂലത്തില്‍ നല്‍കിയിരുന്നത്.
എന്നാല്‍ 2011 ലെ രാജ്യസഭ തിരഞ്ഞെടുപ്പിലും 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും നല്‍കിയ സത്യവാങ്മൂലത്തില്‍ ഇത് ദില്ലി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്ങില്‍ നിന്നുള്ള ബി കോം പാര്‍ട്ട് വണ്‍ ആയി.
അന്വേഷണങ്ങള്‍ക്കൊടുവില്‍ ആ സത്യം തെളിയിക്കപ്പെടുകയും ചെയ്തു. സ്മൃതിയ്ക്ക് ബിരുദം ഇല്ല.

ജെഎന്‍യു, എച്ച്‌സിയു വിവാദങ്ങള്‍
ജെഎന്‍യു , ഹൈദരാബാദ് സര്‍വ്വകലാശാല വിവാദങ്ങളെല്ലാം സ്മൃതി ഇറാനി മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന കാലത്തായിരുന്നു. രോഹിത് വെമുലയുടെ ആത്മഹത്യ രാജ്യത്തെ തന്നെ പിടിച്ചുകുലുക്കി. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെല്ലാം കാവി വല്‍ക്കരണം നടത്തുന്നു എന്ന ആരോപണവും സ്മൃതി ഇറാനിയ്‌ക്കെതിരെ ഉയര്‍ന്നു വന്നു.
വിവാദങ്ങള്‍ ആളിക്കത്തിയ സാഹചര്യത്തില്‍ മന്ത്രിസഭ പുന:സംഘടനാ വേളയില്‍ മാനവ വിഭവശേഷി വകുപ്പ് സ്മൃതിയില്‍ നിന്ന് എടുത്ത് മാറ്റപ്പെട്ടു. പകരം ടെക്‌സ്റ്റൈല്‍ വകുപ്പാണ് നല്‍കിയത്. പിന്നീട് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി ആയപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ ചുമതലയും സ്മൃതി ഇറാനിയ്ക്ക് നല്‍കി. പിന്നീട് ഈ വകുപ്പ് രാജ്യവര്‍ദ്ധന്‍ സിങ് റോഥോഡിന് നല്‍കുകയും ചെയ്തു.

രാഹുലിനെ വീഴ്ത്തി ചരിത്രം കുറിച്ചു
2019 ലെ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി ശക്തയായിരുന്നു. രാഹുല്‍ ഗാന്ധി വയനാട്ടിലും കൂടി മത്സരിക്കുന്നത് അമേഠിയിലെ തോല്‍വി ഭയന്നിട്ടാണെന്ന പ്രചാരണവും ഫലം കണ്ടു. ഒടുവില്‍ ഫലം വന്നപ്പോള്‍ രാഹുല്‍ ഗാന്ധിയെ തറപറ്റിച്ച് അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സ്മൃതി ഇറാനി വിജയിച്ചു.
ഇത്തവണ ജയിച്ച എംപിയായിത്തന്നെയാണ് സ്മൃതി പാര്‍ലമെന്റില്‍ എത്തുന്നത്. അതും ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വിലപ്പെട്ട വിജയവും ആയി!












Click it and Unblock the Notifications