കൊവിഡ് പോരാട്ടത്തിൽ ഗ്രാഫ് കുത്തനെ ഉയർന്ന് നരേന്ദ്രമോദി! 93.5 % പേരും വിശ്വസിക്കുന്നുവെന്ന് സർവ്വേ
ദില്ലി; കൊവിഡ് പ്രതിസന്ധിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് രാജ്യം. ദിനംപ്രതി രോഗികളുടെ എണ്ണത്തിൽ വൻ വർധവാണ് ഉണ്ടാകുന്നത്. ലോക്ക് ഡൗണും സാമ്പത്തിക പ്രതിസന്ധിയും മറ്റൊരു വശത്ത്. ജോലിയും ആഹാരവും ഇല്ലാതെ ദിവസക്കൂലിക്കാരായ നിരവധി പേരാണ് ദുരിതത്തിൽ ആയത്. വൈറസ് വ്യാപനം തടയാൻ ഇനിയും ലോക്ക് ഡൗൺ നീട്ടേണ്ടി വരുമോയെന്നതുൾപ്പെടെയുള്ള ആശങ്കകളും ശക്തമായിട്ടുണ്ട്.
എന്നാൽ ഇത്തരം പ്രതിസന്ധികളിലും ജനം മോദിയെ കൈവിട്ടില്ലെന്നാണ് സർവ്വേ ഫലം വെളിപ്പെടുത്തുന്നത്. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ മോദിക്ക് ഫുൾ മാർക്കാണ് ജനം നൽകുന്നത്. വിശദാംശങ്ങളിലേക്ക്

മോദിയെ വിശ്വസിക്കുന്നുവെന്ന് ജനം
ഐഎഎൻഎസ്-സ വോട്ടർ ആണ് ഇത് സംബന്ധിച്ച സർവ്വേ ഫലം പുറത്തുവിട്ടത്. കൊറോണ വൈറസിനെ കൈകാര്യം ചെയ്യുന്നതിൽ നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെ 93.5 ശതമാനം ആളുകളും വിശ്വസിക്കുന്നുവെന്ന് സർവ്വേ ഫലം വ്യക്തമാക്കുന്നു. വെറും നാല് ശതമാനം ആളുകൾ മാത്രമാണ് ഇതിനെ എതിർത്തത്.

മോദിയ്ക്ക് പിന്തുണ
മാർച്ച് 25 നാണ് രാജ്യത്ത് കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. 21 ദിവസത്തേക്കായിരുന്നു ലോക്ക് ഡൗൺ. മുന്നറിയിപ്പുകൾ ഒന്നും കൂടാതെ നടത്തിയ പ്രഖ്യാപനത്തിൽ ജനം കടുത്ത ദുരിതമാണ് നേരിട്ടത്. പിന്നീട് ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടുകയും ചെയ്തു. അതേസമയം ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ നാളുകളിൽ മോദിയ്ക്കെതിരെ ഉയർന്ന ജനവികാരം ക്രമേണ കുറഞ്ഞെന്ന് സർവ്വേ വ്യക്തമാക്കുന്നു.

92.5 ശതമാനം പേരും
ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ദിവസങ്ങൾ സി വോട്ടർ സർവ്വേ പ്രകാരം 76.8 ശതമാനം പേരായിരുന്നു മോദി സർക്കാരിൽ വിശ്വാസം അർപ്പിച്ചിരുന്നത്. എന്നാൽ ഏപ്രിൽ 21 ആയപ്പോഴേക്കും ഇത് കുത്തനെ ഉയർന്നു. 93.5 ശതമാനം പേരാണ് മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതെന്ന് സർവ്വേഫലം വ്യക്തമാക്കുന്നു.

ലോക്ക് ഡൗൺ ദുരിതങ്ങൾ
ജനം ലോക്ക് ഡൗൺ ദുരിതങ്ങളെ നേരിടാൻ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും സർവ്വേ സൂചിപ്പിക്കുന്നു. ആദ്യഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഭക്ഷണം ഉൾപ്പെടെ കൈയ്യിൽ കരുതിയിരുന്നവരുടെ എണ്ണം വളരെ കുറവായിരുന്നുവെന്ന് സർവ്വേ പറയുന്നു. ഏകദേശം 90 ശതമാനം ആളുകളും ഭക്ഷണം കരുതിവെച്ചിരുന്നില്ല.

കരുതിവെച്ചിട്ടുണ്ടെന്ന്
എന്നാൽ ഇപ്പോൾ സ്ഥിതി പൂർണമായും മാറി. സർവ്വേയിൽ പങ്കെടുത്ത 42. 9 ശതമാനം ആളുകളാണ് വരും നാളുകളിലേക്കുള്ള അവശ്യസാധനങ്ങളും ഭക്ഷണങ്ങളുമെല്ലാം കരുതിവെച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയത്. ഏത് നിമിഷവും കുംടുംബത്തിലുള്ള ഒരാൾക്ക് രോഗം പിടിപെട്ടേക്കാമെന്ന ഭീതിയിൽ കഴിയുന്നത് 41.1 ശതമാനം ആളുകളാണെന്ന് സർവ്വേ വ്യക്തമാക്കുന്നു.അതേസമയം 56.3 ശതമാനം ആളുകളും തങ്ങൾക്ക് രോഗം ബാധിക്കില്ലെന്ന വിശ്വാസത്തിൽ കഴിയുന്നവരാണ്.

ലോക നേതാക്കളിൽ
അതിനിടെ കോവിഡ് 19-നെതിരെ പോരാടുന്നതിനിടയില്‍ യുഎസ് ആസ്ഥാനമായുള്ള സര്‍വേ ഗവേഷണ സ്ഥാപനമായ മോര്‍ണിംഗ് കണ്‍സള്‍ട്ട് നടത്തിയ സർവ്വേയിലും ലോകത്തെ പത്ത് പ്രധാന നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. 68 പോയിന്റാണ് നരേന്ദ്രമോദിക്ക് ലഭിച്ചത്. തൊട്ടുപിന്നില്‍ മെക്‌സിക്കോയുടെ ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരാണ്.
Recommended Video

അഭിനന്ദിച്ച് ബിൽഗേറ്റ്സ്
കൊവിഡ് 19 വൈറസ് ബാധയ്ക്കെതിരെ പോരാട്ടം നടത്തുന്നതില്‍ പുലര്‍ത്തുന്ന മികവിന് മോദിയെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സും രംഗത്തെത്തിയിരുന്നു. ലോക്ക് ഡൗൺ നടപ്പിലാക്കിയത്, ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ഐസൊലേഷൻ പ്രാവർത്തികമാക്കിയത്, രോഗം സ്ഥിരീകരിച്ചവരെ ക്വാറന്റൈൻ ചെയ്ത നടപടികൾ, കൂടാതെ രോഗവ്യാപനം തടയാൻ ഡിജിറ്റൽ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയത്, എന്നിവയെല്ലാം അഭിനന്ദനം അർഹിക്കുന്നുവെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ബിൽഗേറ്റ്സ് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications