കോൺഗ്രസിന് ഊർജ്ജം, ഗുലാം നബി ആസാദിന്റെ പാർട്ടിയിൽ നിന്നടക്കം തിരിച്ചെത്തി നേതാക്കൾ
ന്യൂ ഡല്‍ഹി: കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി ജമ്മു- കശ്മീരില്‍ നിന്നുളള ഇരുപതിലധികം നേതാക്കള്‍. കോണ്‍ഗ്രസ് വിട്ട് ഗുലാം നബി ആസാദ് രൂപീകരിച്ച ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് ആസാദ് പാര്‍ട്ടിയില്‍ നിന്നാണ് കൂടുതല്‍ നേതാക്കളും രാജി വെച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തില്‍ നേതാക്കള്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
മുന്‍ മന്ത്രിയും രണ്ട് തവണ എംഎല്‍എയും ജമ്മു കശ്മീരിലെ ആം ആദ്മി പാര്‍ട്ടി നേതാവുമായ യശ്പാല്‍ കുന്തല്‍, ആസാദിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ ജെകെപിസിസി വൈസ് പ്രസിഡണ്ട് ഹാജി അബ്ദുള്‍ റാഷിദ് ദര്‍ എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാക്കളുടെ കൂട്ടത്തിലുണ്ട്.

ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് ആസാദ് പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് തിരികെ എത്തിയ നേതാക്കള്‍- നരേഷ് കെ ഗുപ്ത, ഷാം ലാല്‍ ഭഗത്, സൈമ ജാന്‍, ഷാജഹാന്‍ ദര്‍, തരണ്‍ജിത്ത് സിംഗ് ടോണി, ഗസന്‍ഫര്‍ അലി, സന്തോഷ് മജോത്ര, രജനി ശര്‍മ, നിര്‍മല്‍ സിംഗ് മെഹ്ത, നസീര്‍ അഹമ്മദ് ഓഖബ്, മഹേശ്വര്‍ വിശ്വകര്‍മ, ജുംഗ് ബഹാദൂര്‍ ശര്‍മ എന്നിവരാണ്.
അപ്‌നി പാര്‍ട്ടിയില്‍ നിന്ന് നമ്രത ശര്‍മ, മദന്‍ ലാല്‍ ഛലോത്ര എന്നിവരും ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ഫറൂഖ് അഹമ്മദ്, വൈദ് രാജ് ശര്‍മ, മന്‍ദീപ് ചൗധരി എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഖാര്‍ഗെയ്ക്ക് ഒപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, എഐസിസി അംഗം രജനി പാട്ടീല്‍, ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വികാര്‍ റസൂല്‍ വാനി എന്നിവരും കോണ്‍ഗ്രസിലേക്ക് എത്തിയ നേതാക്കളെ സ്വീകരിച്ചു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗുലാം നബി ആസാദ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ക്കുന്നവര്‍ അടിത്തട്ടിലെ സാഹചര്യങ്ങളെ കുറിച്ച് ബോധമില്ലാത്തവരാണ് എന്ന് ഗുലാം നബി ആസാദ് പറഞ്ഞത് അദ്ദേഹത്തിന്റെ ഡിഎന്‍എയിലുണ്ടായ മാറ്റത്തിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications