വിപ്പ് വേണ്ട, കക്ഷിഭേദമില്ലാതെ എംപിമാര്‍ക്ക് വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യം വേണം: കോണ്‍ഗ്രസ് എംപി തിവാരി
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പാര്‍ട്ടികള്‍ നല്‍കുന്ന വിപ്പില്‍ നിന്ന് മോചനം വേണമെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി. ബില്ലുകളിലും പ്രമേയങ്ങളിലും വോട്ട് ചെയ്യുമ്പോള്‍ പാര്‍ലമെന്റിലെയും നിയമസഭകളിലെയും അംഗങ്ങള്‍ പാര്‍ട്ടിയുടെ നിര്‍ബന്ധങ്ങളില്‍ നിന്ന് മുക്തരാകണമെന്നാണ് തിവാരിയുടെ ആഗ്രഹം. ഡിസംബര്‍ 19 ന് അവസാനിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ ലോക്‌സഭയില്‍ ഒരു സ്വകാര്യ ബില്ലായി അദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുന്നത് ഇക്കാര്യമാണ്.
നിലവില്‍, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് അവരുടെ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ഒരു ഔപചാരിക കുറിപ്പിലൂടെ വോട്ട് ചെയ്യാന്‍ നിയമപരമായി ബാധ്യതയുണ്ട്. എന്നാല്‍ ഇത് നിഷ്‌കര്‍ശിക്കുന്ന കൂറുമാറ്റ നിരോധന നിയമം ഭേദഗതി ചെയ്യുന്നതിനാണ് തിവാരിയുടെ നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം. നിയമനിര്‍മ്മാതാക്കളെ വിപ്പ് നയിക്കുന്ന സ്വേച്ഛാധിപത്യത്തില്‍ നിന്ന് മോചിപ്പിക്കാനും നല്ല നിയമനിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനുമുള്ള തന്റെ ശ്രമമാണ് ഈ ബില്‍ എന്ന് അദ്ദേഹം പറഞ്ഞു.

വിശ്വാസ വോട്ടുകള്‍, മാറ്റിവയ്ക്കല്‍ പ്രമേയങ്ങള്‍, പണ ബില്ലുകള്‍, സര്‍ക്കാരിന്റെ സ്ഥിരതയെ ബാധിക്കുന്ന മറ്റ് കാര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ജനാധിപത്യത്തില്‍ ആര്‍ക്കാണ് പ്രാഥമികതയെന്ന് ഊന്നിപ്പറയാന്‍ ബില്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ബില്ലുകള്‍ പാസാകുമോ എന്ന് അറിയില്ല. 2010 നും 2021 നും ശേഷം മൂന്നാം തവണയാണ് തിവാരി ഈ ബില്ല് അവതരിപ്പിച്ചത്.
എന്നാല്‍ പാര്‍ലമെന്റിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തോല്‍വികളും ആഭ്യന്തര കലഹങ്ങളും കൊണ്ട് വലയുന്ന സമയത്താണ് അദ്ദേഹത്തിന്റെ സ്വതന്ത്ര നിലപാട് വരുന്നത് എന്നതും ശ്രദ്ധേയമാണ്. തിവാരി തന്റെ പാര്‍ട്ടിയുടേതില്‍ നിന്ന് വ്യത്യസ്തമായ നിലപാടുകള്‍ പല വിഷയങ്ങളിലും സ്വീകരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവില്‍ ഓപ്പറേഷന്‍ സിന്ദൂരിനുശേഷം മോദി സര്‍ക്കാരിന്റെ ആഗോള പ്രതിനിധി സംഘത്തിന്റെ ഭാഗമായതായിരുന്നു.
''ഈ ബില്‍ മനസ്സാക്ഷി, മണ്ഡലം, സാമാന്യബുദ്ധി എന്നിവ നിയമസഭയുടെ തലങ്ങളിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു,'' തിവാരി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. വിപ്പുകള്‍ നിയമസഭാംഗങ്ങളെ ''ലോബോടോമിസ്ഡ് നമ്പറുകളും'' ''ഡോഗ്മാറ്റിക് സൈഫറുകളും'' ആക്കി മാറ്റുന്നുവെന്ന് അദ്ദേഹംല പറഞ്ഞു. നിയമങ്ങള്‍ പലപ്പോഴും ചര്‍ച്ചയില്ലാതെ പാസാക്കപ്പെടാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
''ഇതിന് കാരണം, പാര്‍ലമെന്റേറിയന്മാര്‍ നിയമനിര്‍മ്മാണത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കും കാണുന്നില്ല എന്നതാണ്,'' അദ്ദേഹം പറഞ്ഞു. നിയമം ഏതെങ്കിലും മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയാണ് നിര്‍മ്മിക്കുന്നത്. അത് പാര്‍ലമെന്റില്‍ കൊണ്ടുവരുന്നു, അവിടെ ഒരു മന്ത്രി അത് എന്താണെന്ന് വിശദീകരിക്കുന്ന തയ്യാറാക്കിയ പ്രസ്താവന വായിക്കുന്നു; തുടര്‍ന്ന് അത് ഒരു പ്രോ ഫോര്‍മ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നു,' അദ്ദേഹം വിശദീകരിച്ചു.
വിപ്പ് നയിക്കുന്ന സ്വേച്ഛാധിപത്യത്തിന്റെ ഫലമായി, ട്രഷറി ബെഞ്ചുകളിലുള്ളവര്‍ സ്ഥിരമായി അതിന് അനുകൂലമായും പ്രതിപക്ഷ ബെഞ്ചുകളിലുള്ളവര്‍ എതിര്‍ത്തും വോട്ട് ചെയ്യുന്നു എന്നും അദ്ദേഹം കുറിച്ചു.












Click it and Unblock the Notifications