ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രത്തിനായി 2.5 കോടി വിലമതിക്കുന്ന ഭൂമി വിട്ടുനല്‍കി ബീഹാറിലെ മുസ്ലീം കുടുബം
പട്ന: രാജ്യത്തെ സാമുദായിക സൗഹാര്‍ദത്തിന് മാതൃകയായി ബിഹാറിലെ മുസ്ലിം കുടുംബം. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ വിരാട് രാമായണ്‍ മന്ദിറിന്റെ നിര്‍മ്മാണത്തിനായി 2.5 കോടി രൂപ വിലമതിക്കുന്ന ഭൂമി ബീഹാറിലെ മുസ്ലീം കുടുംബം സംഭാവന ചെയ്തു. ഇഷ്തിയാഖ് അഹമ്മദ് ഖാന്‍ എന്നയാളാണ് തന്റെ ഭൂമി ക്ഷേത്ര നിര്‍മാണത്തിനായി വിട്ടുകൊടുത്തത്.
ഗുവാഹത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഴക്കന്‍ ചമ്പാരനില്‍ നിന്നുള്ള വ്യവസായിയാണ് ഭൂമി സംഭാവന ചെയ്ത ഇഷ്തിയാഖ് അഹമ്മദ് ഖാന്‍. പട്ന ആസ്ഥാനമായുള്ള മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് മേധാവി ആചാര്യ കിഷോര്‍ കുനാലിന്റെ നേതൃത്വത്തിലാണ് ക്ഷേത്ര നിര്‍മാണം നടക്കുന്നത്.

ഇദ്ദേഹമാണ് ഇഷ്തിയാഖ് അഹമ്മദ് ഖാന്‍ സ്ഥലം വിട്ടു നല്‍കിയ കാര്യം തിങ്കളാഴ്ച ഇവിടെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ക്ഷേത്രം പണിയുന്നതിനായി തന്റെ കുടുംബത്തിന്റെ ഭൂമി സംഭാവന ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും അദ്ദേഹം അടുത്തിടെ കേസരിയ സബ് ഡിവിഷന്റെ (ഈസ്റ്റ് ചമ്പാരന്‍) രജിസ്ട്രാര്‍ ഓഫീസില്‍ പൂര്‍ത്തിയാക്കി,'' മുന്‍ ഇന്ത്യന്‍ പോലീസ് സര്‍വീസ് ഓഫീസര്‍ കൂടിയായ കിഷോര്‍ കുനാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സാമൂഹിക സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ ഉദാഹരണമാണ് ഇഷ്തിയാഖ് അഹമ്മദ് ഖാനും കുടുംബവും നല്‍കിയ ഈ സംഭാവനയെന്ന് ആചാര്യ പറഞ്ഞു. മുസ്ലിങ്ങളുടെ സഹായമില്ലായിരുന്നെങ്കില്‍ ഈ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പ്രയാസമായേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് ഇതുവരെ 125 ഏക്കര്‍ ഭൂമി ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി നേടിയിട്ടുണ്ട്.
പ്രദേശത്ത് 25 ഏക്കര്‍ ഭൂമി കൂടി മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് ഉടന്‍ ലഭ്യമാക്കും. 215 അടി ഉയരമുള്ള കമ്പോഡിയയിലെ 12-ാം നൂറ്റാണ്ടിലെ ലോകപ്രശസ്തമായ അങ്കോര്‍ വാട്ട് സമുച്ചയത്തേക്കാള്‍ ഉയരം കൂടിയതാണ് വിരാട് രാമായണ മന്ദിര്‍. കിഴക്കന്‍ ചമ്പാരനിലെ സമുച്ചയത്തില്‍ 18 ക്ഷേത്രങ്ങള്‍ ഉള്‍പ്പെടും. അതിലെ ശിവക്ഷേത്രത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ഉണ്ടാകും.
ഏകദേശം 500 കോടി രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കുന്നത്. ന്യൂദല്‍ഹിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദഗ്ധരില്‍ നിന്ന് നിര്‍മാണ പ്രവര്‍ത്തനത്തിനായി ട്രസ്റ്റ് ഉടന്‍ ഉപദേശം സ്വീകരിക്കും.












Click it and Unblock the Notifications