കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംജിആറിനെ വളര്‍ത്തിയ കലൈഞ്ജര്‍... അടിമുടി ദ്രാവിഡന്‍, എഴുത്താളന്‍, തമിഴനെ മാറ്റിമറിച്ച 'കരുണാനിധി'!!

  • By Desk
Google Oneindia Malayalam News

തമിഴ് രാഷ്ട്രീയം എന്നും വൈകാരികതയുടെ വിളനിലമാണ്. ജാതീയതയേയും മതവര്‍ഗ്ഗീയതയേയും തീണ്ടാപ്പാടകലെ നിര്‍ത്തിയ പെരിയോര്‍ ഇവി രാമസ്വാമി നായ്ക്കര്‍ ആണ് അവരുടെ വീരപുരുഷന്‍. എന്നിരുന്നാലും ജാതിരാഷ്ട്രീയത്തിന്റെ വേരുകള്‍ തമിഴകത്തിന്റെ ദ്രാവിഡ മണ്ണില്‍ പടര്‍ന്ന് കിടക്കുകയാണ് എന്ന യാഥാര്‍ത്ഥ്യത്തെ മായ്ച്ചുകളയാന്‍ ആവില്ല.

കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ തമിഴക രാഷ്ട്രീയത്തെ കലൈഞ്ജര്‍ എന്ന് വിളിക്കപ്പെടുന്ന മുത്തുവേല്‍ കരുണാനിധിയുടെ രാഷ്ട്രീയ കാലം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. തമിഴകത്ത് ഇത്രയധികം കാലം രാഷ്ട്രീയ നിലനില്‍പ്പുണ്ടായ മറ്റൊരു മനുഷ്യനും ഉണ്ടായിരുന്നില്ല. സത്യത്തെ ഒരിക്കലും മായ്ച്ചുകളയാനും ആവില്ല.

ഒരിക്കല്‍ പോലും തിരഞ്ഞെടുപ്പില്‍ തോല്‍ക്കാത്ത മഹാരഥന്‍ എന്ന് വിശേഷിപ്പിച്ച് അവസാനിപ്പിക്കാന്‍ ആവില്ല കരുണാനിധിയുടെ രാഷ്ട്രീയ ജീവിതത്തെ. ഏറ്റവും അധികം തവണ തമിഴകത്തിന്റെ മുഖ്യമന്ത്രിയായ നേതാവ് എന്നതിലും ഒതുങ്ങില്ല മുത്തുവേല്‍ കരുണാനിധി. തമിഴകത്തിന് രണ്ട് മികച്ച രാഷ്ട്രീയ നേതൃത്വങ്ങളെ(പിന്നീട് എതിരാളികള്‍ ആയെങ്കിലും) സംഭാവന ചെയ്ത ആള്‍ എന്നതിലും തീരില്ല കലൈഞ്ജറുടെ സംഭാവനകള്‍.

തിരക്കഥാകൃത്ത്, കവി, നോവലിസ്റ്റ്, ജീവചരിത്രകാരന്‍... ജാതി വിരുദ്ധതയുടെ മുന്നണി പോരാളി, ബ്രാഹ്മണിക്കല്‍ മേല്‍ക്കോയ്മകളുടെ എതിരാളി അങ്ങനെയങ്ങനെ നീളുന്നു മുത്തുവേല്‍ കരുണാനിധി എന്ന കലൈഞ്ജറുടെ തമിഴക രാഷ്ട്രീയ, സാംസ്‌കാരിക ജീവിതം.

ദക്ഷിണാമൂര്‍ത്തി

ദക്ഷിണാമൂര്‍ത്തി

മുത്തുവേല്‍ കരുണാനിധി എന്നാണ് ലോകം അറിയപ്പെടുന്നത്. എന്നാല്‍ മുത്തുവേലര്‍ക്കും അഞ്ജുകം അമ്മയാര്‍ക്കും ദക്ഷിണാമൂര്‍ത്തിയായിരുന്നു. അതായിരുന്നു മാതാപിതാക്കളായ മുത്തുവേലരും അഢ്ജുവും കരുണാനിധിയ്ക്ക് നല്‍കിയ പേര്. നാകപട്ടണം ജില്ലയില്‍ തിരുവാരൂരിനടത്തുള്ള തിരുക്കുവളൈയില്‍ ആയിരുന്നു കരുണാനിധിയുടെ ജനനം.

എഴുത്താളന്‍

എഴുത്താളന്‍

എഴുത്തായിരുന്നു കരുണാനിധി എന്ന ദക്ഷിണാമൂര്‍ത്തിയുടെ വഴി. സ്‌കൂള്‍ പഠന കാലത്ത് തന്നെ നാടകവും കവിതയും ഒക്കെ ആയിരുന്നു താത്പര്യ മേഖലകള്‍. അന്ന് സിനിമ അത്ര വലിയ ഒരു സ്വാധീന മേഖലയായി മാറിയിട്ടുണ്ടായിരുന്നില്ല. എഴുത്തിനപ്പുറം രാഷ്ട്രീയമായ താത്പര്യങ്ങള്‍ ചെറുപ്പത്തിലേ പ്രകടിപ്പിച്ചിരുന്നു കരുണാനിധി.

ജസ്റ്റിസ് പാര്‍ട്ടിയിലൂടെ

ജസ്റ്റിസ് പാര്‍ട്ടിയിലൂടെ

തന്റെ പതിനാലാം വയസ്സില്‍, കരുണാനിധി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ജസ്റ്റിസ് പാര്‍ട്ടിയിലൂടെ ആയിരുന്നു അത്. അഴഗിരിസ്വാമിയുടെ പ്രസംഗങ്ങള്‍ ആയിരുന്നു കരുണാനിധിയെ രാഷ്ട്രീയത്തിലേക്കും ജസ്റ്റിസ് പാര്‍ട്ടിയിലേക്കും ആകര്‍ഷിച്ചത്.

ഇളൈഞ്ചര്‍ മറുമലര്‍ച്ചി

ഇളൈഞ്ചര്‍ മറുമലര്‍ച്ചി

ചെറുപ്പം മുതലേ, സംഘാടനത്തില്‍ അതീവ മികവുപുലര്‍ത്തിയിരുന്ന ഒരാളായിരുന്നു കരുണാനിധി. വിദ്യാര്‍ത്ഥികളുടെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കായി അങ്ങനെ രൂപീകരിച്ചകായിരുന്നു ഇളൈഞ്ചര്‍ മറുമലൈര്‍ച്ചി എന്ന സംഘടന. പിന്നീടിത് തമിഴകം മുഴുവന്‍ വ്യാപിച്ചു. ഡിഎംകെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന വിദ്യാര്‍ത്ഥി കഴകം ആയി മാറുകയും ചെയ്തു.

ഹിന്ദി വിരുദ്ധ സമരം

ഹിന്ദി വിരുദ്ധ സമരം

തമിഴകത്ത് കത്തിപ്പടര്‍ ഹിന്ദി വിരുദ്ധ സമരത്തിലും കരുണാനിധി ഉണ്ടായിരുന്നു. കള്ളാക്കുടിയെ ദാല്‍മിയപുരം ആക്കിയ സംഭവത്തില്‍ നടന്ന കള്ളാക്കുടി പ്രക്ഷോഭം ഇതിന്റെ ഭാഗമായിരുന്നു. അന്ന് കരുണാനിധിയുടെ നേതൃത്വത്തില്‍ ആയിരുന്നു സമരം കത്തിപ്പടര്‍ന്നത്. ഈ സമരത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കരുണാനിധിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 1953 ല്‍ ആയിരുന്നു ഇത്.

ഡിഎംകെയിലേക്ക്

ഡിഎംകെയിലേക്ക്

പെരിയോര്‍ ഇവി രാമസ്വാമി നായ്ക്കര്‍ തന്നെ ആയിരുന്നു ഒട്ടുമിക്ക ആദ്യകാല തമിഴ് നേതാക്കളേയും പോലെ കരുണാനിധിയുടേയും വീരപുരുഷന്‍. അദ്ദേഹം സ്ഥാപിച്ച ദ്രാവിഡര്‍ കഴകം പിളര്‍ന്നാണ് ദ്രാവിഡ മുന്നേറ്റ കഴകം തന്നെ അണ്ണാദുരൈ രൂപീകരിക്കുന്നത്. ദ്രാവിഡ രാഷ്ട്രം എന്നതായിരുന്നു ഡിഎംകെയുടെ ലക്ഷ്യം. എന്നാല്‍ പിന്നീട് ഇതില്‍ നിന്ന് അവര്‍ പിറകോട്ട് പോവുകയായിരുന്നു.

മുരശൊലി

മുരശൊലി

കരുണാനിധി ആയിരുന്നു മുരശൊലി എന്ന പത്രത്തിന്റെ തുടക്കക്കാരന്‍. രണ്ടാംലോക മഹായുദ്ധകാലത്ത് ഒരു കൈയ്യെഴുത്ത് മാസിക പോലെ ആയിരുന്നു തുടക്കം. എന്നാല്‍ പിന്നീടിത് വളരുകയായിരുന്നു. ഒടുവില്‍ ഡിഎംകെയുടെ ഔദ്യോഗിക ദിനപത്രമായി മുരശൊലിയെ വളര്‍ത്തിയതും കരുണാനിധി തന്നെ ആയിരുന്നു.

 തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍

1957 ലെ നിയമസഭ തിരഞ്ഞെടുപ്പ് ഡിഎംകെയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു. എന്നാല്‍ വന്‍ വിജയം ഒന്നും അന്ന് സ്വന്തമാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. പക്ഷേ, കുളിത്തലൈ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കരുണാനിധി വിജയിച്ചു. പിന്നീട് മത്സരിച്ച ഒരു തിരഞ്ഞെടുപ്പിലും കരുണാനിധിയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഒരു അശ്വമേധം പോലെ ആ വിജയം തുടരുകയായിരുന്നു.

സിനിമയെ രാഷ്ട്രീയ വഴിയാക്കിയവന്‍

സിനിമയെ രാഷ്ട്രീയ വഴിയാക്കിയവന്‍

സിനിമ തമിഴ് ജനതയെ അത്രയേറെ സ്വാധീനിച്ച ഒരു മാധ്യമം ആണ്. അത് തിരിച്ചറിഞ്ഞുകൊണ്ട്, സിനിമയെ ഒരു രാഷ്ട്രീയ മാധ്യമം ആക്കിയ വ്യക്തി ആയിരുന്നു കരുണാനിധി. അത് ഡിഎംകെ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ അത്രയേറെ സ്വാധീനിക്കുകയും ചെയ്തു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.

ശിവാജിയും രാജേന്ദ്രനും

ശിവാജിയും രാജേന്ദ്രനും

കരുണാനിധി ഒരുക്കിയ പരാശക്തി എന്ന ചിത്രം തമിഴകത്തെ പിടിച്ചുലച്ച ഒന്നായിരുന്നു. ശിവാജി ഗണേശന്‍ എന്ന മഹാനടികരെ തമിഴ് സിനിമയ്ക്ക് സമ്മാനിച്ചതും ഇതേ സിനിമ തന്നെ ആയിരുന്നു. എസ്എസ് രാജേന്ദ്രന്റേയും ആദ്യ സിനിമ ആയിരുന്നു ഇത്. ബ്രാഹ്മണിക്കല്‍ മേധാവിത്വത്തെ ചോദ്യം ചെയ്യുന്ന സിനിമയ്ക്ക് ആദ്യം ഭരണകൂടം വിലക്കേര്‍പ്പെടുത്തി. പിന്നീട് 1952 ല്‍ ആണ് സിനിമ റിലീസ് ചെയ്യുന്നത്. തമിഴകത്തെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായി അത് മാറുകയും ചെയ്തു.

അണ്ണാദുരൈ മരിച്ചപ്പോള്‍

അണ്ണാദുരൈ മരിച്ചപ്പോള്‍

അതുവരെ സിഎന്‍ അണ്ണാദുരൈ ആയിരുന്നു ഡിഎംകെയുടെ എല്ലാമെല്ലാം... പെരിയോരുടെ ദ്രാവിഡര്‍ കഴകത്തില്‍ നിന്ന് പിളര്‍ന്ന് പോന്നതെങ്കിലും ഡിഎംകെയുടെ അധ്യക്ഷ പദവി അണ്ണാ ദുരൈ പെരിയോര്‍ക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയായിരുന്നു. മരണം വരെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം മാത്രമാണ് അണ്ണാദുരൈ വഹിച്ചിരുന്നത്.

പാര്‍ട്ടി കൈപ്പിടിയില്‍

പാര്‍ട്ടി കൈപ്പിടിയില്‍

എന്നാല്‍ അണ്ണാദുരൈയുടെ മരണത്തിന് ശേഷം ഡിഎംകെ എന്ന പാര്‍ട്ടി കരുണാനിധിയുടെ കൈപ്പിടിയില്‍ ആയി. അതിന് മുമ്പേ, നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവിന്റെ പദവിയും പാര്‍ട്ടിയുടെ ട്രഷറര്‍ പദവിയും കരുണാനിധിയെ തേടി എത്തിയിരുന്നു. 1967 ല്‍ ഭറമം നേടിയപ്പോള്‍ പൊതുമരാമത്ത് മന്ത്രി സ്ഥാനവും ലഭിച്ചു കരുണാനിധിക്ക്. സ്വതസിദ്ധമായ, നര്‍മത്തില്‍ പൊതിഞ്ഞ പ്രസംഗ ശൈലിയും എഴുത്തിലെ കെടാത്ത തീയും കരുണാനിധിയ്ക്ക് അത്രയേറെ ജനപിന്തുണയും സമ്മാനിച്ചിരുന്നു അപ്പോള്‍ തന്നെ.

മുഖ്യമന്ത്രി

മുഖ്യമന്ത്രി

അണ്ണാദുരൈ അന്തരിക്കുന്നത് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ ആയിരുന്നു. അതിന് ശേഷം ആരായിക്കണം പാര്‍ട്ടി നേതാവ് എന്ന കാര്യത്തില്‍ ചില തര്‍ക്കങ്ങള്‍ എല്ലാം ഉണ്ടായിരുന്നു. വിആര്‍ നെടുഞ്ചേഴിയന്‍ എന്ന മുതിര്‍ന്ന നേതാവിനെ ആയിരുന്നു പലരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ടിരുന്നത്. എന്നാല്‍ അതിനെ മറികടക്കാന്‍ കരുണാനിധിക്ക് എളുപ്പത്തില്‍ സാധിച്ചു.

എംജിആറിനെ കൊണ്ടുവന്ന ആള്‍

എംജിആറിനെ കൊണ്ടുവന്ന ആള്‍

തമിഴ് സിനിമ ലോകം എംജിആര്‍ എന്ന എംജി രാമചന്ദ്രന്‍ കൈയ്യടക്കിയിരുന്ന കാലം ആയിരുന്നു അമ്പതുകള്‍. കോണ്‍ഗ്രസ് അനുഭാവിയായിരുന്ന എംജിആറിനെ ഡിഎംെയിലേക്ക് കൊണ്ടുവരുന്നത് കരുണാനിധി തന്നെ ആയിരുന്നു. അണ്ണാദുരൈയുടെ അനുമതിയോടേയും ആശീര്‍വാദത്തോടേയും ആയിരുന്നു ഇത്. എന്നാല്‍, പിന്നീട് കരുണാനിധിയ്ക്ക് ഏറ്റവും വലിയ എതിരാളി ആയതും എംജിആര്‍ തന്നെ ആയിരുന്നു.

മുഖ്യമന്ത്രിയാക്കിയ എംജിആര്‍

മുഖ്യമന്ത്രിയാക്കിയ എംജിആര്‍

അണ്ണാദുരൈയുടെ മരണം ശേഷം വിആര്‍ നെടുഞ്ചേഴിയനെ മുഖ്യമന്ത്രിയാക്കാന്‍ ഒരു നീക്കം നടന്നിരുന്നു. എന്നാല്‍ കരുണാനിധിക്ക് വേണ്ടി അന്ന് ചരടുവലിച്ചതില്‍ പ്രമുഖന്‍ എംജിആര്‍ ആയിരുന്നു. പെരിയോര്‍ ഇവി രാമസ്വാമി നായ്ക്കര്‍ വേണ്ടി അണ്ണാദുരൈ കാത്തുവച്ച പ്രസിഡന്റ് പദവി, മെല്ലെ കരുണാനിധി സ്വന്തമാക്കി. നെടുഞ്ചേഴിയനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി അവരോധിക്കുകയും ചെയതു. എംജിആറിന് പാര്‍ട്ടി ട്രഷറര്‍ സ്ഥാനവും നല്‍കി.

കലൈഞ്ജര്‍ കരുണാനിധി

കലൈഞ്ജര്‍ കരുണാനിധി

ഇപ്പോള്‍ കരുണാനിധി എല്ലാവര്‍ക്കും കലൈഞ്ജര്‍ ആണ്. ആരാണ് അദ്ദേഹത്തിന് ആ പേര് നല്‍കിയത് എന്ന് അറിയാമോ.... തമിഴകത്തെ എക്കാലത്തേയും മികച്ച നടന്‍മാരില്‍ ഒരാളായ എംആര്‍ രാധ എന്ന മദ്രാസ് രാജഗോപാലന്‍ രാധാകൃഷ്ണന്‍ ആയിരുന്നു അത്. എംജിആറിനെ വെടിവച്ച് കൊല്ലാന്‍ ശ്രമിക്കുകയും പിന്നീട് നാല് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്ത അതേ എംആര്‍ രാധ തന്നെ!

പാലുകൊടുത്ത കൈക്ക് തന്നെ

പാലുകൊടുത്ത കൈക്ക് തന്നെ

എംജിആറിനെ ഒരു രാഷ്ട്രീയക്കാരനായി വളര്‍ത്തിയത് കരുണാനിധി ആയിരുന്നു. എന്നാല്‍ അധികാരത്തിന്റെ അടുക്കളപ്പുറങ്ങളില്‍ തര്‍ക്കങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ 1972 ല്‍ എംജിആര്‍ ഡിഎംകെ പിളര്‍ത്തി പുതിയ പാര്‍ട്ടിയുണ്ടാക്കി. അങ്ങനെ, എഐഎഡിഎംകെ നിലവില്‍ വന്നു. അതിന് ശേഷം കരുണാനിധിയുടെ രാഷ്ട്രീയ ജീവിതം പരാജയങ്ങളുടേത് കൂടി ആയിരുന്നു.

ജലയളിത

ജലയളിത

കരുണാനിധി പാര്‍ട്ടിയില്‍ എല്ലാമെല്ലാം ആയിരിക്കവെ തന്നെ ആണ് ജയലളിതയും ഡിഎംകെയില്‍ എത്തുന്നത്. അത് എംജിആറിന്റെ പ്രത്യേക താത്പര്യാര്‍ത്ഥം ആയിരുന്നു എന്ന് മാത്രം. പിന്നീട് ജയലളിതയും കരുണാനിധിയുടെ ഏറ്റവും വലിയ എതിരാളിയായി മാറി എന്നത് ചരിത്രം.

കുടുംബവാഴ്ചയിലേക്ക്....

കുടുംബവാഴ്ചയിലേക്ക്....

മൂത്ത മകന്‍ ആയ എംകെ മുത്തുവിനെ സിനിമയിലും രാഷ്ട്രീയത്തിലും തന്റെ അനന്തരാവകാശിയായി കരുണാനിധി അവരോധിക്കുന്നു എന്ന ആരോപണം ഉയര്‍ന്ന കാലം ആയിരുന്നു എഴുപതുകളുടെ തുടക്കം. കാര്യങ്ങള്‍ ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നത് എങ്കില്‍, പാര്‍ട്ടിയില്‍ നടക്കാന്‍ പോകുന്നത് ഒരു കുടുംബ വാഴ്ച ആയിരിക്കും എന്ന തിരിച്ചറിവില്‍ എത്തിയിരുന്നു എംജിആര്‍. കരുണാനിധിയുമായുള്ള അഭിപ്രായ വ്യത്യാസവും രൂക്ഷമായിരുന്നു. പരസ്യമായ അഴിമതി ആരോപണങ്ങള്‍ക്കൊടുവില്‍ എംജിആറിനെ ഡിഎംകെയില്‍ നിന്ന് പുറത്താക്കി.

അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞു

അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞു

1972 ല്‍ ആയിരുന്നു എംജിആര്‍ എഐഎഡിഎംകെ രൂപീകരിക്കുന്നത്. എന്നാല്‍ നിയമസഭയിലേക്ക് പിന്നീട് തിരഞ്ഞെടുപ്പ് നടന്നത് 1977 ലും. അന്ന് എംജിആറിനൊപ്പം സിപിഎമ്മും ഉണ്ടായിരുന്നു. സിപിഐ കോണ്‍ഗ്രസ്സിനൊപ്പം ആയിരുന്നു. ഡിഎംകെയും ജനത പാര്‍ട്ടിയും ഒറ്റയ്‌ക്കൊറ്റയ്ക്കായിരുന്നു മ്ത്സരിച്ചത്. ഒടുവില്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 234 ല്‍ 144 സീറ്റുകളും നേടി എഐഎഡിഎംകെ സഖ്യം അധികാരത്തിലെത്തി. എംജിആര്‍ മുഖ്യമന്ത്രിയായി.

മരണംവരേയും കരുണാനിധിയെ തോല്‍പിച്ചു

മരണംവരേയും കരുണാനിധിയെ തോല്‍പിച്ചു

എംജിആറിന്റെ മരണം വരെ അദ്ദേഹത്തെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് തോല്‍പിച്ച് ഇറക്കിവിടാന്‍ കരുണാനിധിക്ക് സാധിച്ചില്ല. അതിനിടെ 1980 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍, എംജിആറിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ജനതാ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയായിരുന്നു മത്സരം. എതിരാളികള്‍ ഡിഎംകെയും ഇന്ദിര കോണ്‍ഗ്രസ്സും. വെറും രണ്ട് സീറ്റില്‍ ഒതുങ്ങേണ്ടി വന്നു എംജിആറിന്റെ സഖ്യത്തിന്. ഈ ആവേശത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് പിരിച്ചുവിടുവിച്ചു കരുണാനിധി. വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. പക്ഷേ, അപ്പോഴും എംജിആറിനോട് തോല്‍ക്കാനായിരുന്നു വിധി.

തിരിച്ചുവരവ്

തിരിച്ചുവരവ്

1987 ല്‍ എംജിആര്‍ അന്തരിച്ചു. അതിന് ശേഷം അദ്ദേത്തിന്റെ ഭാര്യ ജാനകിയമ്മാള്‍ മുഖ്യമന്ത്രിയായെങ്കിലും എഐഎഡിഎംകെയില്‍ കലഹം രൂക്ഷമായിരുന്നു. തുടര്‍ന്ന് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കരുണാനിധി വീണ്ടും ശക്തി തെളിയിച്ചു. തമിഴകത്തിന്റെ മുഖ്യമന്ത്രിയായി. എന്നാല്‍ ഈ കാലയളവില്‍ മറ്റൊരാള്‍ അണിയറയില്‍ ശക്തിയാര്‍ജ്ജിച്ചുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.

ജയലളിതയുടെ ആദ്യ അടി

ജയലളിതയുടെ ആദ്യ അടി

1991 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജയലളിതയോട് തോല്‍ക്കാന്‍ ആയിരുന്നു കരുണാനിധിയുടെ വിധി. ചരിത്രത്തില്‍ ആദ്യമായി ജയലളിത തമിഴകത്തിന്റെ മുഖ്യമന്ത്രിയായി. എംജിആറിനെ പോലെ തന്നെ ഒരു കരിസ്മയുമായിട്ടാണ് അവര്‍ തമിഴകത്തിന്റെ രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്തത്. പക്ഷേ, അത് അധികനാള്‍ നീണ്ടുനിന്നില്ല. അത്രയേറെ അഴിമതി ആരോപണങ്ങള്‍ ആയിരുന്നു അവര്‍ നേരിട്ടത്.

വീണ്ടും കരുണാനിധിയുഗം

വീണ്ടും കരുണാനിധിയുഗം

അടുത്ത തിരഞ്ഞെടുപ്പില്‍ കരുണാനിധി ജയലളിതയെ തറപറ്റിച്ചു. അന്ന് ടിഎംസിയും മൂപ്പനാരും കരുണാനിധിക്കൊപ്പം ഉണ്ടായിരുന്നു. സൂപ്പര്‍ താരം രജനി കാന്തിന്റെ പിന്തുണയും കൂടി കരുണാനിധിക്ക് ലഭിച്ചതോടെ ജയലളിതക്ക് പിടിച്ചുനില്‍ക്കാന്‍ ആയില്ല. വന്‍ വിജയം ആയിരുന്നു ഡിഎംകെ നേടിയത്.

വന്‍ വീഴ്ച

വന്‍ വീഴ്ച

എന്നാല്‍ ഒരു തുടര്‍ഭരണം സാധ്യമാക്കാന്‍ കരുമാനിധിക്ക് അപ്പോഴും കഴിഞ്ഞില്ല. 2001 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റമ്പി. പക വീട്ടാന്‍ കാത്തിരിക്കുകയായിരുന്നു ജയലളിത. അഴിമതി കേസില്‍ കരുണാനിധിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് അവര്‍ വലിയ പ്രകോപനം സൃഷ്ടിച്ചു. തമിഴകം മുഴുവന്‍ കരുമാനിധിക്ക് വേണ്ടി കേഴുന്ന കാഴ്ചയും ലോകം കണ്ടു.

അവസാനത്തെ തിരിച്ചുവരവ്

അവസാനത്തെ തിരിച്ചുവരവ്

ഏറ്റവും ഒടുവില്‍ കരുണാനിധി തമിഴകത്തിന്റെ മുഖ്യമന്ത്രിയായത് 2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. അന്ന് കൂട്ടുകക്ഷി ഭരണം ആയിരുന്നു. എങ്കിലും ഒരു പ്രശ്‌നവും കൂടാതെ അഞ്ച് വര്‍ഷം തികച്ച് ഭരിക്കാന്‍ കരുണാനിധിക്ക് സാധിച്ചു. മുമ്പ് രണ്ട് തവണ അദ്ദേഹത്തിന്റെ സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കകാര്‍ പിരിച്ചുവിട്ടിരുന്നു.

ജയലളിതയെ എതിര്‍ക്കാന്‍

ജയലളിതയെ എതിര്‍ക്കാന്‍

ജയലളിതയ്‌ക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസുകള്‍ തുടങ്ങുന്നത് കരുണാനിധിയുടെ കാലത്താണ്. ഒടുവില്‍ ജയലളിത ആ കേസില്‍ മരിക്കുന്നതിന് മുമ്പ് ജയിലിലും കിടന്നു. പക്ഷേ, അപ്പോഴേക്കും ജനമനസ്സുകള്‍ കീഴടക്കാനും ജയലളിത പഠിച്ചിരുന്നു. 2006 ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കരുണാനിധിയുടെ ഡിഎംകെ നിലംപരിശായി. യുപിഎ സര്‍ക്കാരില്‍ പങ്കാളിയായിരിക്കെ പാര്‍ട്ടി മന്ത്രിമാര്‍ നടത്തിയ അഴിമതികളും ഡിഎംകെയ്ക്ക് തിരിച്ചടിയായി.

എത്ര ഭാര്യമാര്‍...

എത്ര ഭാര്യമാര്‍...

സാമൂഹ്യ പരിഷ്‌കരണത്തിന് വേണ്ടി വാദിച്ചിരുന്ന ആളായിരുന്നു കരുണാനിധി. പക്ഷേ, അദ്ദേഹം എത്ര വിവാഹം കഴിച്ചിരുന്നു എന്നത് എന്നും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മൂന്ന് തവണയാണ് അദ്ദേഹം വിവാഹം കഴിച്ചത്. പത്മാവതി, ദയാലു അമ്മാള്‍, രാജാത്തി എന്നിവരായിരുന്നു ഭാര്യമാര്‍. ഒരേ സമയം ഒന്നിലധികം ഭാര്യമാര്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്.

അധികാരം മക്കളിലേക്ക്

അധികാരം മക്കളിലേക്ക്

എന്തൊക്കെ പറഞ്ഞാലും, കുടുംബാധിപത്യത്തിന്റെ ചീത്തപ്പേര് കരുണാനിധിയില്‍ നിന്ന് മാഞ്ഞുപോകില്ല. ആദ്യം മുത്തു ആയിരുന്നെങ്കില്‍ പിന്നീടത് എംകെ സ്റ്റാലിന്‍ ആയി. പാര്‍ട്ടിയുടെ പരമാധികാരം ഇപ്പോള്‍ സ്റ്റാലിനാണ് നല്‍കിയിട്ടുള്ളത്. അഴഗിരിയെ കേന്ദ്ര മന്ത്രിയാക്കിയതും കനിമൊഴിയെ രാജ്യസഭ എംപിയാക്കിയും എല്ലാം തീരാക്കറകലായി ചരിത്രത്തില്‍ അവശേഷിക്കും എന്ന് ഉറപ്പാണ്. മരുമകന്‍ മുരശൊലി മാരനും, മാരന്റെ മകന്‍ ദയാനിധി മാരനും ഡിഎംകെയില്‍ കിട്ടിയ സ്ഥാനങ്ങളും, അവരാല്‍ പാര്‍ട്ടിക്ക് കേള്‍ക്കേണ്ടി വന്ന പഴികളും കുറച്ചൊന്നും അല്ല.

ഭയക്കാത്ത നേതാവ്

ഭയക്കാത്ത നേതാവ്

എന്നിരുന്നാലും, ഭയമേതുമില്ലാത്ത ഒരു രാഷ്ട്രീയ നേതാവ് തന്നെ ആയിരുന്നു കരുണാനിധി എന്ന് പറയാം. രാമസേതു വിവാദത്തില്‍ അദ്ദേഹം ചോദിച്ച ചോദ്യം ഇന്ത്യ മഹാരാജ്യത്ത് ഇതുവരെ ഒരു രാഷ്ട്രീയ നേതാവും ചോദിച്ച് കാണില്ല. ആരാണ് രാമന്‍, ഏത് എന്‍ജിനീയറിങ് കോളേജില്‍ ആണ് രാമന്‍ പഠിച്ചത് എന്നൊക്കെ ആയിരുന്നു രാമസേതു വിവാദത്തില്‍ കരുണാനിധി ഉന്നയിച്ച ചോദ്യങ്ങള്‍. ഇത് വലിയ വിവാദത്തിനും വഴിവച്ചിരുന്നു.

തമിഴ് പുലികളുടെ തോഴന്‍

തമിഴ് പുലികളുടെ തോഴന്‍

ശ്രീലങ്കയില്‍ പോരാട്ടം നടത്തിക്കൊണ്ടിരുന്ന എല്‍ടിടിഇയുടെ പ്രധാന അഭയകേന്ദ്രം തമിഴ്‌നാട് തന്നെ ആയിരുന്നു. അവര്‍ക്ക് ഏറ്റവും അധിക പിന്തുണ നല്‍കി പോന്നിരുന്നത് ഡിഎംകെയും. പുലി നേതാവ് പ്രഭാകരന്‍ തന്റെ നല്ല സുഹൃത്തായിരുന്നു എന്ന് ഒരിക്കല്‍ കരുണാനിധി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

രാജീവ് ഗാന്ധി വധക്കേസില്‍ ഡിഎംകെയെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള പ്രധാന കാരണവും ഇതൊക്കെ തന്നെ ആയിരുന്നു. എന്നാല്‍, രാജീവ് ഗാന്ധിയെ കൊന്നതിന് ഇന്ത്യ ഒരിക്കലും എല്‍ടിടിഇയ്ക്ക് മാപ്പ് നല്‍കില്ലെന്നും കരുണാനിധി പിന്നീട് പറഞ്ഞിട്ടുണ്ട്.

66 വര്‍ഷങ്ങള്‍

66 വര്‍ഷങ്ങള്‍

ഇരുപതാം വയസ്സില്‍ ആണ് കരുണാനിധി ഒരു തിരക്കഥാകൃത്തായി ജൂപ്പിറ്റര്‍ പിക്‌ചേഴ്‌സില്‍ ജോലിക്ക് ചേരുന്നത്. ഒടുവില്‍ 2011 വരെ അദ്ദേഹം തന്റെ സിനിമാ എഴുത്ത് തുടര്‍ന്നു. 2011 ല്‍ പുറത്തിറങ്ങിയ പൊന്നര്‍ ശങ്കര്‍ ആണ് അദ്ദേഹം രചന നിര്‍വ്വഹിച്ച അവസാന ചിത്രം. ഇതേ വര്‍ഷം തന്നെ ഇളൈഞ്ജന്‍ എന്ന മറ്റൊരു ചിത്രവും കരുണാനിധിയുടെ തൂലികയില്‍ നിന്ന് പിറന്നിരുന്നു.

 മായാത്ത ഡ്രെസ്സ് കോ‍‍‍‍ഡ്

മായാത്ത ഡ്രെസ്സ് കോ‍‍‍‍ഡ്

കരുണാനിധി എന്ന പേര് കോള്‍ക്കുന്പോഴേ മനസ്സിലേക്ക് ഒരു രൂപം ഓടിയെത്തും. മലയാളികള്‍ക്കും അങ്ങനെ തന്നെ ആണ്. വെളുത്ത കുപ്പായവും മഞ്ഞ ഷോളു കറുത്ത കട്ടിക്കണ്ണാടി കൂളിങ് ഗ്ലാസ്സും. ദശാബ്ദങ്ങളോളം ഇത് തന്നെ ആയിരുന്നു കരുണാനിധിയുടെ വേഷവിധാനം. ആ കറുത്ത കണ്ണട മാറ്റിയത് അടുത്തിടെ ഡോക്ടര്‍മാരുടെ കടുത്ത നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാത്രം ആയിരുന്നു.

മായാത്ത കാല്‍വയ്പ്പുകള്‍

മായാത്ത കാല്‍വയ്പ്പുകള്‍

ചേരികളുടെ ഒരു നാടായിരുന്നു തമിഴകം. എന്നാല്‍ ചേരി നിര്‍മ്മാര്‍ജ്ജന ബോര്‍ഡ് രൂപീകരിച്ച്, തമിഴ് മക്കളെ വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ച് തുടങ്ങിയത് കരുണാനിധി ആയിരുന്നു. അതുകൊണ്ട് തന്നെ പഴയ തലമുറയ്ക്ക് ഏറെ പ്രിയങ്കരനാണ് അദ്ദേഹം. മനുഷ്യന്‍ മൃഗത്തെ പോലെ വണ്ടി വലിക്കുന്ന സൈക്കിള്‍ റിക്ഷകള്‍ നിരോധിച്ചതും കലൈഞ്ജര്‍ തന്നെ. കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം ആക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതും കരുണാനിധി ആയിരുന്നു. മെട്രോ റെയിലിന്‍റെ തുടക്കക്കാരനും ഇതേ കലൈഞ്ജര്‍ തന്നെ.

എന്‍ ഉയിരിനും മേലാന ഉടന്‍പിറപ്പുകളേ...

എന്‍ ഉയിരിനും മേലാന ഉടന്‍പിറപ്പുകളേ...

'എന്‍ ഉയിരിനും മേലാന ഉടന്‍പിറപ്പുകളേ....' , ഇങ്ങനെ ആയിരുന്നു കരുണാനിധിയുടെ ഓരോ പ്രസംഗവും തുടങ്ങിയിരുന്നത്. തമിഴ് ജനതയെ ആവേശം കൊള്ളിക്കാന്‍ പോന്നതായിരുന്നു ആ വാക്കുകള്‍. നര്‍മം നിറഞ്ഞതും തെളിവാര്‍ന്നതും കുറിക്കുകൊള്ളുന്നതും ആയ ആ വാക്കുകള്‍ എല്ലാം ഇനി ഓര്‍മ മാത്രമാവുകയാണ്.

English summary
Muthuvel Karunanidhi, the real Kalaignar of Tamil Nadu Dravida Politics- All about Karunanidhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X