എന്റെ റോള്‍ തീര്‍ന്നു, ഇതാണ് വിരമിക്കാനുള്ള സമയം... ദൗത്യങ്ങള്‍ മകനെ ഏല്‍പ്പിച്ച് സോണിയ
ശനിയാഴ്ചയാണ് രാഹുല്‍ പുതിയ അധ്യക്ഷനായി സ്ഥാനമേല്‍ക്കുന്നത്
Recommended Video

ദില്ലി: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി മകന്‍ രാഹുല്‍ ഗാന്ധി ശനിയാഴ്ച ഔദ്യോഗികമായി ചുമതലയേല്‍ക്കാനിരിക്കെ നിലവിലെ അധ്യക്ഷയായ സോണിയാ ഗാന്ധി വിരമിക്കാനൊരുങ്ങുന്നു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് സോണിയ രാഷ്ട്രീയം മതിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
കഴിഞ്ഞ 20 വര്‍ഷമായി രാജ്യത്ത് കോണ്‍ഗ്രസിനു ചുക്കാന്‍പിടിച്ച ശേഷമാണ് സോണിയയുടെ പടിയിറക്കം. വിദേശത്ത് ജനിച്ച് കോണ്‍ഗ്രസ് പ്രസിന്റായ എട്ടാമത്തെയാളും ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം ഈ റോളിലെത്തുന്ന ആദ്യത്തെയാളുമാണ് സോണിയ. എന്നാല്‍ മറ്റുള്ള ഏഴു പേരും കോണ്‍ഗ്രസിനെ നയിച്ചത് രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പായിരുന്നു.

താങ്ങായി രാഹുല്‍
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ തന്നെ രാഹുല്‍ സഹായിച്ചിരുന്നതായി സോണിയ വ്യക്തമാക്കി. ഇനിയെനിക്ക് വലിയ റോളില്ല, അതുകൊണ്ടു തന്നെ വിരമിക്കാനാണ് ആലോചിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ ഇനിയും തുടരാന്‍ താല്‍പ്പര്യമില്ല. സജീവമായി രാഷ്ട്രീയത്തില്‍ തുടരാന്‍ നിലവിലെ സാഹചര്യത്തില്‍ തനിക്കു സാധിക്കില്ലെന്നും സോണി നേതാക്കളെ അറിയിച്ചിട്ടുണ്ട്.

തീരുമാനം പദവികള്‍ നല്‍കാനിരിക്കെ
നിലവില്‍ യുപിഎയുടെ അധ്യക്ഷയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ സോണിയക്കു പുതിയ പദവി നല്‍കാനുള്ള ആലോചനയിലായിരുന്നു എഐസിസി. സമ്മേളനം വിളിച്ചു ചേര്‍ത്ത് ഇതിനെക്കുറിച്ച് ചര്‍ച്ച നടത്താനിരിക്കവെയാണ് താന്‍ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നു സോണിയ പാര്‍ട്ടിയെ അറിയിച്ചത്.

ചുമതലയേറ്റത് 1998ല്‍
1998ലാണ് സോണിയ കോണ്‍ഗ്രസിന്റെ അധ്യക്ഷയായി ചുമതലയേറ്റത്. ഭര്‍ത്താവ് രാജീവ് ഗാന്ധി കൊല ചെയ്യപ്പെട്ട് ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇത്. അക്കാലത്ത് ഇറ്റാലിയന്‍ പൗരത്വമുള്ള സോണിയയെ അധ്യക്ഷയായി തിരഞ്ഞെടുത്തതിനെതിരേ ചില കോണുകളില്‍ നിന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും അതിജീവിച്ച് സോണിയ പാര്‍ട്ടിയെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു. പാര്‍ട്ടി തിരിച്ചടികള്‍ നേരിട്ടപ്പോഴും പതറാതെ മുന്നേറിയ സോണിയ പിന്നീട് പാര്‍ട്ടിയുടെ അവസാനത്തെ വാക്കായി മാറുകയും ചെയ്തത് ചരിത്രം.

61ാമത്തെ പ്രസിഡന്റ്
കോണ്‍ഗ്രസിന്റെ 61ാമത്തെ പ്രസിഡന്റാണ് സോണിയ. 1947 ഡിസംബര്‍ ഒമ്പതിന് ഇറ്റലിയിലെ ഒരു സാധാരണ കുടുംബത്തിലാണ് അവര്‍ ജനിച്ചത്. കേംബ്രിഡ്ജിലെ പഠനകാലത്താണ് സോണി രാജീവ് ഗാന്ധിയെ പരിചയപ്പെടുന്നത്. പിന്നീട് ഇതു പ്രണയമായി മാറുകയായിരുന്നു.
മൂന്നു വര്‍ഷത്തെ പ്രണയത്തിനു ശേഷം രാജീവ് സോണിയയെ തന്റെ ജീവിതസഖിയാക്കുകയും ചെയ്തു. 1991ല്‍ തമിഴ്‌നാട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബോംബ് സ്‌ഫോടനത്തില്‍ രാജീവ് കൊല്ലപ്പെടുന്നത്. ഇതിനു ശേഷം വീട്ടില്‍ ഒതുങ്ങിക്കൂടുകായിരുന്ന സോണിയയെ പലരും നിര്‍ബന്ധിച്ചാണ് അധ്യക്ഷസ്ഥാനത്തേക്കു കൊണ്ടുവന്നത്.

സോണിയ തുടരുമെന്ന് സുര്‍ജേവാല
താന്‍ വിരമിക്കുകയാണെന്ന സോണിയയുടെ വാക്കുകള്‍ക്കു പിറകെ ഇതു തിരുത്തി കോണ്‍ഗ്രസ് വക്താവായ രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തി. രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണമായി വിരമിക്കാന്‍ സോണിയ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ പുതിയ അധ്യക്ഷനാവാനിരിക്കെ അദ്ദേഹത്തിനു വഴിമാറിക്കൊടുക്കുക മാത്രമാണ് സോണിയ ചെയ്യുന്നത്. അധ്യക്ഷ സ്ഥാനത്തു നിന്നു മാറിയാലും മാര്‍ഗനിര്‍ദേശങ്ങളുമായി പാര്‍ട്ടിയില്‍ അവര്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications