എന്റെ സുരക്ഷയും പിഴയും അപ്രധാനം, പൗരത്വ നിയമം വലിയ നുണ, തിരിച്ചടിച്ച് പ്രിയങ്ക!!
ദില്ലി: പോലീസ് കൈയ്യേറ്റത്തിലും സിആര്‍പിഎഫ് ആരോപണങ്ങളിലും പ്രതികരിച്ച് പ്രിയങ്ക ഗാന്ധി. തന്റെ സുരക്ഷ അപ്രധാനമായ കാര്യമാണ്. താന്‍ സ്‌കൂട്ടറില്‍ കയറി യാത്ര ചെയ്തതിന് ആ ഡ്രൈവര്‍ക്ക് ഏര്‍പ്പെടുത്തിയ പിഴയും അപ്രധാന കാര്യമാണെന്ന് പ്രിയങ്ക പറഞ്ഞു. നമ്മള്‍ പൗരത്വ നിയമത്തെ കുറിച്ചാണ് സംസാരിക്കേണ്ടത്. വലിയൊരു നുണയാണ് ആ നിയമം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരിക്കലും എന്‍ആര്‍സി നടപ്പാക്കില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ നിയമത്തിന് വിലയില്ലാത്ത അവസ്ഥയാണ്. ഗവര്‍ണര്‍ക്ക് ഞാന്‍ കത്തെഴുതിയിരുന്നു. പോലീസ് നടപടി അംഗീകരിക്കാനാവാത്തതാണെന്നും പ്രിയങ്ക പറഞ്ഞു. യുപി സര്‍ക്കാരിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഞങ്ങളുടെ കൈയ്യിലുണ്ട്. അവര്‍ പോലീസുമായി ചേര്‍ന്ന് പൗരത്വ നിയമ പ്രക്ഷോഭകര്‍ക്കെതിരെ എന്തൊക്കെ അതിക്രമമാണ് കാണിച്ചതെന്ന് കോണ്‍ഗ്രസിന് അറിയാമെന്നും പ്രിയങ്ക പറഞ്ഞു. അംബേദ്ക്കര്‍ വാദിയായ ദരാപുരി അറസ്റ്റിലായി. അദ്ദേഹത്തിന്റെ ഭാര്യ രോഗശയ്യയിലാണ്. ഇതെല്ലാം പോലീസ് ക്രൂരതയാണെന്നും പ്രിയങ്ക ആരോപിച്ചു.
പോലീസ് പലരെയും ഭീഷണിപ്പെടുത്തുന്നുണ്ട്. സാമൂഹ്യ പ്രവര്‍ത്തക സദാഫ് ജാഫറിനെ അവര്‍ വെറും വീഡിയോ ഉണ്ടാക്കിയതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്. അവരുടെ കുട്ടികള്‍ ഒറ്റയ്ക്കാണ്. സദാഫിനെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ദീപക് കബീറിനെതിരെ ഇപ്പോള്‍ ഗുരുതരമായ കേസുകളാണ് എടുത്തിരിക്കുന്നതെന്ന് പ്രിയങ്ക ആരോപിച്ചു. ജനങ്ങളോട് പ്രതികാരം തീര്‍ക്കാന്‍ യോഗി ആദിത്യനാഥ് നിര്‍ദേശിച്ചതനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ഹിന്ദു മതത്തില്‍ അക്രമം ഇല്ലെന്നും, ഇത് രാമന്റെ ഭൂമിയാണെന്നും ബിജെപി ഓര്‍ക്കണമെന്നും പ്രിയങ്ക പറഞ്ഞു.
പൗരത്വ നിയമത്തില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെയുള്ള പോലീസ് നടപടിയില്‍ അന്വേഷണം നടത്തണം. നിരപരാധികളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കേസില്‍ കുടുക്കുന്നത്. ഇതിനിടയിലാണ് അവര്‍ എന്റെ സുരക്ഷ ഉന്നയിക്കുന്നത്. അത് വലിയ കാര്യമല്ല. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും പ്രിയങ്ക പറഞ്ഞു. നേരത്തെ പോലീസ് നടപടിയില്‍ കോണ്‍ഗ്രസ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications