തരാറിന്റെ മെസേജുകള്‍ തരൂര്‍ ഡിലീറ്റ് ചെയ്തു?
ദില്ലി: പാകിസ്താന്‍ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാര്‍ അയച്ച മെസേജുകള്‍ ശശി തരൂര്‍ ഡിലീറ്റ് ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സുനന്ദ പുഷ്‌കറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മാധ്യമപ്രവര്‍ത്തക നളിനി സിങ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സുനന്ദ പുഷ്‌കര്‍ മരിക്കുന്നതിന് മുമ്പുള്ള കാര്യമാണിത്. ശശി തരൂരിന്റെ ബ്ലാക്ക് ബെറി ഫോണിലേക്ക് വന്ന മെസേജുകളാണത്രെ ഡിലീറ്റ് ചെയ്തത്. ഇക്കാര്യം സുനന്ദ പുഷ്‌കര്‍ തന്നെയാണ് തന്നോട് പറഞ്ഞതെന്ന് നളിനി സിങ് വെളിപ്പെടുത്തുന്നു.

സുനന്ദയുടെ അസ്വാഭാവിക മരണം സംഭവിച്ചത് 2014 വരി 17 നാണ്. തലേന്ന് രാത്രി 12 മണിക്ക് ശേഷമാണ് സുനന്ദ തന്നെ വിളിച്ചതെന്ന് നളിനി സിങ് പറയുന്നു. തരൂര്‍ ഡിലീറ്റ് ചെയ്ത മെസേജുകള്‍ വീണ്ടെടുക്കാനാകുമോ എന്നാവശ്യപ്പെട്ടായിരുന്നു സുനന്ദ നളിനി സിങിനെ വിളിച്ചത്.
തന്നെ വിളിച്ചപ്പോള്‍ സുനന്ദ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കരയുന്നുണ്ടായിരുന്നുവെന്നും നളിനി സിങ് വെളിപ്പെടുത്തുന്നുണ്ട്. മെഹര്‍ തരാറിന്റെ പേരില്‍ മുമ്പും തരൂരും സുനന്ദയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും നളിനി സങ് പറയുന്നു.
സുനന്ദയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറെ ശശി തരൂരും ഗുലാം നബി ആസാദും സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് നളിനി സിങിന്റെ വെളിപ്പെടുത്തല്‍. ഇത് ശശി തരൂരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മെഹര്‍ തരാറുമായുള്ള തരൂരിന്റെ ബന്ധത്തെ ട്വിറ്ററിലൂടെ രൂക്ഷമായി വിമര്‍ശിച്ച സുനന്ദ പിന്നീട് അത് തിരുത്തിയിരുന്നു.












Click it and Unblock the Notifications