'നമസ്തേ ട്രംപ്' പരിപാടിക്കൊരുങ്ങി അഹമ്മദാബാദ്!! നഗരത്തില്‍ കനത്ത സുരക്ഷ
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കി. ബഹുതല സുരക്ഷയാണ് ട്രംപിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാകും മോട്ടേര സ്റ്റേഡിയത്തില്‍ നടക്കുന്ന 'നമസ്തേ ട്രംപ്' പരിപാടിക്കായി ട്രംപ് എത്തുക

യുഎസ് സീക്രട്ട് സര്‍വ്വീസ്, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി), നാഷണൽ സെക്യൂരിറ്റി ഗാർഡ്സ് (എൻഎസ്‌ജി) എന്നീ സംഘങ്ങള്‍ ഇതിനോടകം തന്നെ നഗരത്തില്‍ സുരക്ഷ ചുമതല ഏറ്റെടുത്തിട്ടുണ്ട്.. ട്രംപ് സന്ദര്‍ശിക്കുന്ന സബർമതി ആശ്രമം, മോട്ടേര സ്റ്റേഡിയം, വിമാനത്താവള പരിസരം എന്നീ സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച പരിശോധന നടത്തി. അഹമ്മദാബാദ് എയര്‍പോര്‍ട്ട് മുതല്‍ മോട്ടേര സ്റ്റേഡിയം വരെയുള്ള 22 കിലോമീറ്റര്‍ പരിധിയിലെല്ലാം സിസിടിവി ക്യാമറാ നിരീക്ഷണം ഏര്‍പ്പെടുത്തും.
ഏകദേശം 7,000 ത്തോളം സിസിടിവി കാമറകളാണ് നഗരത്തിലെ 41 ഇടങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പോലീസ് സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമുകള്‍ വഴി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൊണ്ടിരിക്കും. ഡ്രോൺ നിരീക്ഷണ ക്യാമറകൾ, ജാമറുകൾ, എന്നിവയും ട്രംപിന്‍റെ വാഹന വ്യൂഹം കടന്ന് പോകുന്ന വഴികളിലും സ്റ്റേഡിയത്തിലും വിന്യസിക്കും.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനത്തിനും നമസ്തേ ട്രംപ് പരിപാടിയ്ക്കുമായി വന്‍ താരനിരയാണ് അണിനിരക്കുക. ബോളിവുഡ് താരങ്ങൾ, ക്രിക്കറ്റ് ഇതിഹാസങ്ങൾ, ബിസിനസ്സ് നേതാക്കൾ, രാഷ്ട്രീയ നേതാക്കൾ എന്നിങ്ങനെ നിരവധി മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.












Click it and Unblock the Notifications