പഞ്ചാബ് കോണ്‍ഗ്രസില്‍ തീരാതെ പ്രശ്‌നങ്ങള്‍, മുഖ്യമന്ത്രിയുടെ മകന്റെ വിവാഹത്തിനെത്താതെ സിദ്ദു
ദില്ലി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു. ചരണ്‍ജിത്തിന്റെ മകന്റെ വിവാഹത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ മൊത്തത്തില്‍ എത്തിയിരുന്നു. എന്നാല്‍ സിദ്ദു മാത്രം ചടങ്ങിനെത്തിയില്ല. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു. എന്നാല്‍ സിദ്ദു മാത്രം ചടങ്ങിനെത്തിയില്ല. ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് നിഗമനം. സിദ്ദു എവിടെ പോയി എന്നാണ് നേതാക്കള്‍ ചോദിക്കുന്നത്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നിന്ന് മടങ്ങുന്ന വഴി സിദ്ദു പഞ്ചാബിലേക്ക് പോകാതെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് പോയിരിക്കുകയാണ് അദ്ദേഹം.

വൈഷ്‌ണോ ദേവി ക്ഷേത്രം ഒരുപാട് ദൂരെയാണ്. എന്നിട്ടും സിദ്ദു എന്തിന് പോയി എന്നാണ് ചോദ്യം. ചന്നിയുടെ മകന്‍ നവജിത് സിംഗ് സച്ഛാ ധാം ഗുരുദ്വാരയില്‍ വെച്ചാണ് വിവാഹിതരായത്. മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രി മന്‍പ്രീത് ബാദല്‍ ചടങ്ങിനെത്തിയിരുന്നു. എന്തിനേറെ പറയുന്നു പഞ്ചാബിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തും ചടങ്ങിനെത്തിയിരുന്നു. വൈഷ്‌ണോ ദേവിയെ സന്ദര്‍ശിച്ച ശേഷം സിദ്ദു അതിനെ കുറിച്ചും ട്വീറ്റ് ചെയ്തിരുന്നു. ശരീരത്തിലെ എല്ലാ അഴുക്കുകളെയും അത് കഴുകി കളയുമെന്നായിരുന്നു സിദ്ദു ട്വീറ്റ് ചെയ്തത്. നേരത്തെ തന്നെ ചന്നിയുമായി സിദ്ദുവിന് പ്രശ്‌നങ്ങളുണ്ടെന്ന് സൂചനകളുണ്ടായിരുന്നു.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ സിദ്ദു ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഹൈക്കമാന്‍ഡ് ഇതുവരെ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടില്ല. ദളിത് മുഖത്തെ മാറ്റുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കുന്നതാണ്. അമരീന്ദര്‍ പക്ഷം സിദ്ദുവിനെ മുഖ്യമന്ത്രിയാക്കിയാല്‍ അതോടെ പാര്‍ട്ടിയെ കൈവിടും. അതും കോണ്‍ഗ്രസിന് പ്രതിസന്ധിയാണ്. അതുകൊണ്ട് വളരെ സൂക്ഷിച്ച് മാത്രമേ സിദ്ദുവിനെ പാര്‍ട്ടിയുടെ മുഖമായി പ്രഖ്യാപിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാവൂ. ചരണ്‍ജിത്ത് സിംഗ് ചന്നിയാണെങ്കില്‍ സര്‍ക്കാരില്‍ പിടിമുറുക്കി കഴിഞ്ഞു. പല മന്ത്രിമാരും ചന്നിക്കൊപ്പമാണ്.
നേരത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനം സിദ്ദു രാജിവെച്ചപ്പോള്‍ ഹൈക്കമാന്‍ഡ് ഇടപെടാന്‍ പോലും മടിച്ചിരുന്നു. പകരം ചരണ്‍ജിത്ത് ചന്നിയെയാണ് സമവായ ചര്‍ച്ചകള്‍ക്കായി നിയോഗിച്ചത്. സിദ്ദുവിന് ഹൈക്കമാന്‍ഡിലുള്ള സ്വാധീനം നഷ്ടമായെന്നായിരുന്നു ഇത് തെളിയിച്ചത്. പഞ്ചാബില്‍ സിദ്ദുവുണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കൂടുതല്‍ വഷളാക്കിയത് സിദ്ദു തന്നെയാണെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. അമരീന്ദര്‍ സിംഗിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചപ്പോള്‍ സിദ്ദു തന്നെ പ്രശ്‌നങ്ങളുമായി വന്നുവെന്നാണ് ഗാന്ധി കുടുംബത്തിന്റെയും നിലപാട്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായാല്‍ അത് സിദ്ദുവിനെ ബാധിക്കാനാണ് സാധ്യത.
അതേസമയം സിദ്ദുവിന് മുഖ്യമന്ത്രിയാവാനുള്ള മോഹവും കൊണ്ട് നടക്കുകയാണെന്ന് ശിരോമണി അകാലിദള്‍ ആരോപിച്ചു. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ മുഖ്യമന്ത്രിയായതിലുള്ള അസൂയയാണ് സിദ്ദു ഇപ്പോള്‍ പ്രകടിപ്പിക്കുന്നതെന്നും അകാലിദള്‍ പറഞ്ഞു. നേരത്തെ സിദ്ദുവിന്റെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. ചന്നിക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ ഈ വീഡിയോയില്‍ സിദ്ദു നടത്തുന്നുണ്ട്. അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരണ്‍ജിത്ത് ചന്നി കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നും, അവര്‍ എന്നെ മുഖ്യമന്ത്രിയാക്കണമായിരുന്നുവെന്നും ഈ വീഡിയോയില്‍ സിദ്ദു പറയുന്നുണ്ട്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
പഞ്ചാബില്‍ കോണ്‍ഗ്രസ് വന്‍ പരാജയമായിരുന്നു. എന്നാല്‍ ആ പരാജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ കോണ്‍ഗ്രസ് കളിച്ച നാടകമാണ് പട്ടികജാതി കാര്‍ഡ്. എന്നാല്‍ അതിപ്പോള്‍ പാര്‍ട്ടിയെ തിരിച്ചടിച്ചിരിക്കുകയാണെന്നും അകാലിദള്‍ വൈസ് പ്രസിഡന്റ് ദല്‍ജിത്ത് സിംഗ് ചീമ പറഞ്ഞു. പുതിയ മുഖ്യമന്ത്രി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് സിദ്ദു തന്നെയാണ് പറയുന്നതെന്നും ചീമ പറഞ്ഞു. പട്ടികജാതി വിഭാഗത്തിന് എത്രത്തോളം ബഹുമാനമാണ് നല്‍കുന്നതെന്നാണ് സിദ്ദു തെളിയിച്ചിരിക്കുന്നത്. ലഖിംപൂര്‍ ഖേരി പ്രതിഷേധത്തില്‍ രണ്ട് മിനുട്ട് പോലും മുഖ്യമന്ത്രിയെ കാത്തിരിക്കാന്‍ സിദ്ദുവിന് സാധിക്കുന്നില്ലെന്നും ചീമ വ്യക്തമാക്കി.












Click it and Unblock the Notifications