38 പാർട്ടികളുമായി എന്‍ഡിഎ യോഗം: പുതിയ പാർട്ടികള്‍ ഏതൊക്കെയെന്ന് നാളെ അറിയാമെന്ന് ജെപി നദ്ദ
ഡല്‍ഹി: നാളെ ഡല്‍ഹിയില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ 38 പാർട്ടികള്‍ പങ്കെടുക്കുമെന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ ജെപി നദ്ദ. എന്‍ഡിഎ സഖ്യകക്ഷികളുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും വർധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്റെ പദ്ധതികളുടെയും നയങ്ങളുടെയും ഗുണപരമായ സ്വാധീനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇത് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെപി നദ്ദ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.
എൻഡിഎ ഇന്ത്യയെ ശക്തിപ്പെടുത്താൻ വേണ്ടിയുള്ളതാണെങ്കിൽ, യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) നേതാവില്ലാത്തതും നയരഹിതവുമാണ്. ഇത് ഫോട്ടോ എടുക്കാന്‍ മാത്രം കൊള്ളാമെന്നും പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ചുകൊണ്ട് ജെപി നദ്ദ പറഞ്ഞു. "ദേശീയ ജനാധിപത്യ സഖ്യം രാജ്യത്തെ സേവിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള അനുയോജ്യമായ ഒരു സഖ്യമാണ്. യുപിഎയ്‌ക്ക് ഒരു നേതാവില്ല, തീരുമാനങ്ങളെടുക്കാൻ അധികാരവുമില്ല. അത് സ്വാർത്ഥ താൽപ്പര്യങ്ങളിൽ അധിഷ്ഠിതമായ ഒരു സഖ്യമാണ്. ഫോട്ടോ എടുക്കുന്നതിന് വേണ്ടി മാത്രമുള്ളത്." ജെപി നദ്ദ അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടി എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകണം എന്നതാണ് എൻഡിഎ അജണ്ട. ഒപ്പം വരണോ എന്നത് അവരാണ് തീരുമാനിക്കേണ്ടത്. കേന്ദ്ര സർക്കാർ, കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കപ്പടുന്നുവെന്ന വിമർശനം ശരിയല്ല. കേന്ദ്ര ഏജൻസികൾ സ്വാതന്ത്രരാണ്. ഇത് ജനാധിപത്യ രാജ്യമാണ്. പ്രതിപക്ഷം ഇരവാദമാണ് ഉന്നയിക്കുന്നത്. പുതിയതായി ഏതൊക്കെ പാർട്ടികള്‍ സഖ്യത്തിലേക്ക് വരുമെന്ന കാര്യം നാളെ അറിയാമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു.
2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വീണ്ടും ബിജെപിക്ക് അധികാരം നൽകാൻ ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. യുപിഎയുടെ 10 വർഷം ഭരണനിർവ്വഹണത്തിന്റെയും അഴിമതിയുടെയും കാലഘട്ടമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 9 വർഷമായി മോദി സർക്കാർ രാജ്യത്ത് നല്ല ഭരണം നൽകി. ജനക്ഷേമത്തിനായി എൻഡിഎ സർക്കാർ തുടർച്ചയായി പ്രവർത്തിക്കുകയാണ്. കോവിഡ് -19 മാനേജ്മെന്റിലും പ്രധാനമന്ത്രി ഒരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
യുപിയിൽ നിന്നുള്ള എസ്‌ബിഎസ്‌പി, മഹാരാഷ്ട്രയിൽ നിന്നുള്ള അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), ബിഹാറിൽ നിന്നുള്ള ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) എന്നിവരുൾപ്പെടെ മറ്റ് നാല് പാർട്ടികളും പുതുതായി എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ജെഡിഎസിനെ ഇതുവരെ ബിജെപി യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. യോഗത്തിലേക്ക് ക്ഷണം ലഭിച്ചാൽ പങ്കെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് ജെഡിഎസ് അധ്യക്ഷന്‍ ദേവഗൗഡ വ്യക്തമാക്കിയിട്ടുണ്ട്. ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 26 പ്രതിപക്ഷ കക്ഷികളുടെ രണ്ട് ദിവസത്തെ യോഗം ബെംഗളൂരുവില്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അതിലേറെ പാർട്ടുകളുമായി എന്‍ഡിഎയും യോഗം ചേരുന്നതെന്നതാണ് ശ്രദ്ധേയം.












Click it and Unblock the Notifications