നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട്; നടപടിയുമായി കേന്ദ്രം, എൻടിഎ ഡയറക്ടര്‍ ജനറലിനെ നീക്കി
ഡൽഹി: നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടറെ മാറ്റി കേന്ദ്രസർക്കാർ.
സുബോധ് കുമാര്‍ സിങിനെയാണ് മാറ്റിയത്. പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേകം യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ് സിങ് കരോളയ്ക്കാണ് പകരം ചുമതല.
നിലവിൽ ഇന്ത്യ ട്രേഡ് പ്രൊമോഷൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് പ്രദീപ് സിങ്. അധിക ചുമതലയാണ് അദ്ദേഹത്തിന് നൽകിയത്. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെയാണ് നിയമനം എന്ന് കേന്ദ്രം വ്യക്തമാക്കി.

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടിൽ വലിയ പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്രസർക്കാർ. വിഷയത്തിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പ്രതിപക്ഷം ഒന്നടങ്കം കേന്ദ്രത്തിനെതിരെ രംഗത്തെത്തി കഴിഞ്ഞു.അതേസമയം വിഷയം അന്വേഷിക്കാൻ പ്രത്യക ഉന്നതതല സമിതിയെ നിയോഗിച്ചിരിക്കുകയാണ് സർക്കാർ. 7 അംഗ സമിതിയാണ് രൂപീകരിച്ചത്. മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ കെ രാധാകൃഷ്ണനാണ് സിമിതിയുടെ അധ്യക്ഷൻ. കേന്ദ്ര വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാള്‍ സമിതിയുടെ മെമ്പര്‍ സെക്രട്ടറിയാണ്. പരീക്ഷാ നടത്തിപ്പിലെ പരിഷ്‌കരണം, ഡാറ്റാ സെക്യൂരിറ്റി പ്രോട്ടോക്കോൾ മെച്ചപ്പെടുത്തൽ , എൻടിഎ കമ്മിറ്റിയുടെ ഘടനയും പ്രവർത്തനവും തുടങ്ങിയ വിഷങ്ങളിൽ രണ്ട് മാസത്തിനുള്ളിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ബിഹാർ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. മുഖ്യകണ്ണിയായ സഞ്ജീവ് മൂഖിയക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി. അതിനിടെ ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികൾക്കായുള്ള പുനപ്പരീക്ഷ നാളെ നടക്കും. അതിനിടെ നാളെ നടക്കാനിരുന്ന നീറ്റ്-പിജി എൻട്രസ് പരീക്ഷകൾ സർക്കാർ മാറ്റി വെച്ചു. നീറ്റ്-പിജി പ്രവേശന പരീക്ഷയുടെ സമഗ്രത നിലനിർത്തുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ സമഗ്രമായ വിലയിരുത്തൽ നടത്തുമെന്നും പരീക്ഷയുടെ പുതിയ തീയതി എത്രയും വേഗം പ്രഖ്യാപിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
'വിദ്യാർത്ഥികൾക്കുണ്ടായ അസൗകര്യത്തിൽ ആരോഗ്യ മന്ത്രാലയം ആത്മാർത്ഥമായി ഖേദിക്കുന്നു. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ മുൻനിർത്തിയും പരീക്ഷാ നടപടികളുടെ സുതാര്യത കാത്തുസൂക്ഷിക്കുന്നതിനുമാണ് ഈ തീരുമാനം', മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സി എസ് ഐ ആർ- യുജിസി നെറ്റ് പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് നടപടിയെന്നാണ് യു ജി സി വിശദീകരണം.












Click it and Unblock the Notifications