നിര്‍ഭയ കേസില്‍ വീണ്ടും ദയാഹര്‍ജി; മാര്‍ച്ച് 20ന് തൂക്കിലേറ്റാനിരിക്കെ പുതിയ നീക്കം
ദില്ലി: നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ പ്രതി വിനയ് ശര്‍മ പുതിയ ദയാഹര്‍ജി സമര്‍പ്പിച്ചു. ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ മുമ്പാകെയാണ് പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. തനിക്കെതിരായ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നാണ് ആവശ്യം. കേസില്‍ ആറ് പ്രതികളാണുള്ളത്. ഒരാള്‍ വിചാരണക്കിടെ ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു പ്രതി കൗമാരക്കാരനാണ്. ഇയാളെ ജുവനൈല്‍ നിയമ പ്രകാരമാണ് വിചാരണ ചെയ്തത്. തടവ് ശിക്ഷ കഴിഞ്ഞ് ഈ പ്രതി മോചിതനായി. ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന ആര്‍ക്കും വ്യക്തമല്ല.

ഈ മാസം അഞ്ചിന് വിചാരണ കോടതി പ്രതികള്‍ക്കെതിരെ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നാല് പ്രതികളും സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും കോടതിയും രാഷ്ട്രപതിയും തള്ളിയ സാഹചര്യത്തിലാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ രണ്ട് മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികള്‍ വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഏറ്റവും പുതിയ മരണവാറണ്ടില്‍ വ്യക്തമാക്കുന്നത് ഈ മാസം 20ന് നാല് പ്രതികളെയും തൂക്കിലേറ്റുമെന്നാണ്.
പ്രതി പവന്‍ കുമാര്‍ ഗുപ്ത സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത് ഈമാസം നാലിനാണ്. ദയാഹര്‍ജി തള്ളണമെന്ന് ദില്ലി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ദില്ലി സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തില്‍ രാഷ്ട്രപതിയും നിരസിക്കുമെന്ന് ഉറപ്പായിരുന്നു. പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ദയാഹര്‍ജി സമര്‍പ്പിച്ചത്. അധികം വൈകാതെ തന്നെ ദില്ലി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തു. തൊട്ടുപിന്നാലെ രാഷ്ട്രപതിയും തീരുമാനമെടുത്തു.
തനിക്കെതിരായ മരണ വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പവന്‍ കുമാര്‍ ദില്ലി കോടതിയെ സമീപിച്ചിരുന്നു. താന്‍ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നാണ് ഹര്‍ജിയില്‍ ഇയാള്‍ ബോധിപ്പിച്ചത്. തുടര്‍ന്ന് ഹര്‍ജി വിധി പറയാന്‍ കോടതി മാറ്റിവയ്ക്കുകയാണ് ചെയ്തത്. രാഷ്ട്രപതിയുടെ തീരുമാനം വന്ന ശേഷം വിധി പ്രഖ്യാപിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ ഉടനെ ദില്ലി കോടതിയും ഹര്‍ജി നിരസിച്ചു. തുടര്‍ന്നാണ് പുതിയ മരണവാറണ്ട് പ്രതികള്‍ക്കെതിരെ ഇറക്കിയത്.
മുകേഷ് കുമാര്‍ സിങ്, പവന്‍ കുമാര്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍. 2012 ഡിസംബര്‍ 16നാണ് കേസിന് ആസ്പദമായ സംഭവം. ദില്ലിയില്‍ ഓടുന്ന ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പ്രതികള്‍ കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് അതേ മാസം 29ന് പെണ്‍കുട്ടി മരിച്ചു. രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് സംഭവം സാക്ഷിയായത്.


Click it and Unblock the Notifications