നീതി ആയോഗ് യോഗത്തില്‍ നീതിഷില്ല: കെസിആര്‍ ബഹിഷ്‌കരിച്ചു, സംസ്ഥാനങ്ങള്‍ ഉന്നയിച്ചത് ഇക്കാര്യങ്ങള്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന നീതി ആയോഗ് യോഗത്തിന് നിറം മങ്ങല്‍. ബിജെപിയുടെ തന്നെ സഖ്യകക്ഷിയായ ജെഡിയുവില്‍ നിന്ന് മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ പങ്കെടുത്തില്ല. ബിജെപിയുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് താന്‍ ഇല്ലെന്ന് നിതീഷ് പ്രഖ്യാപിച്ചത്.

അത് മാത്രമല്ല തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും യോഗം ബഹിഷ്‌കരിച്ചിരിക്കുകയാണ്. തെലങ്കാനയെ നിരന്തരം ബിജെപിയും മോദി സര്‍ക്കാരും അവഗണിക്കുകയാണെന്ന് കെസിആര്‍ കുറ്റപ്പെടുത്തി. ഇതേ തുടര്‍ന്നാണ് മോദിയുടെ നീതി ആയോഗ് യോഗം കെസിആര്‍ ബഹിഷ്‌കരിച്ചത്.
നീതി ആയോഗിന്റെ ഏഴാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗമാണ് നടന്നത്. നഗര വികസനം, ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കല്‍, എന്നിവയാണ് പ്രധാന അജണ്ട. 2019 ജൂലായ് മാസത്തിന് ശേഷം നേരിട്ട് ഇത്തരമൊരു യോഗം ചേരുന്നത് ആദ്യമായിട്ടാണ്.
എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തിയതാണ് നീതി ആയോഗ് ഉന്നതാധികാര സമിതി. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിംഗ്, എസ് ജയശങ്കര്‍, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഹരിയാന, മധ്യപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.
അതേസമയം യോഗത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ജിഎസ്ടി നഷ്ടപരിഹാരമാണ് ഉന്നയിച്ചത്. സംസ്ഥാനങ്ങളുടെ വിഹിതം വര്‍ധിപ്പിക്കാനാണ് കേന്ദ്രത്തോട് ബാഗല്‍ ആവശ്യപ്പെട്ടത്. പ്രത്യേകിച്ച് കേന്ദ്ര നികുതിയില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന പങ്ക് വര്‍ധിപ്പിക്കണമായിരുന്നു ആവശ്യം.
സംസ്ഥാനങ്ങളുടെ വിഭവങ്ങള്‍ക്കാണ് കൂടുതല്‍ ഭാരം താങ്ങേണ്ടി വരുന്നതെന്ന് ബാഗല്‍ പറഞ്ഞു. നഷ്ടപരിഹാര കാലാവധി അഞ്ച് വര്‍ഷം കൂടി നീട്ടണമെന്നാണ് ബാഗല്‍ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന് വലിയ തോതില്‍ വരുമാന ഇടിവുണ്ടായതായും, അത് പുതിയ നികുതി പരിഷ്‌കരണം കൊണ്ടുണ്ടായതാണെന്നും ബാഗല്‍ കുറ്റപ്പെടുത്തി.
ധാതു വസ്തുക്കളായ കല്‍ക്കരി അടക്കമുള്ളവയുടെ റോയല്‍റ്റി നിരക്ക് വര്‍ധിപ്പിക്കാനും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ പെന്‍ഷന്‍ സിസ്റ്റത്തില്‍ നിക്ഷേപിച്ച തുകയില്‍ റീഫണ്ടും ബാഗേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സേനകള്‍ക്കായി നല്‍കിയ തുകകള്‍ കേന്ദ്രം സംസ്ഥാനത്തിന് മടക്കി നല്‍കണമെന്നാണ് ആവശ്യം.
അതേസമയം മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഭൂപേഷ് ബാഗല്‍ ആവശ്യപ്പെട്ടു. നഗരങ്ങളുടെയും പട്ടണങ്ങളുടെയും അടുത്തുള്ള ഗ്രാമീണ മേഖലയിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് നിര്‍ദേശിച്ചത്. പ്രത്യേകിച്ച് ജനസംഖ്യം 20000ത്തില്‍ താഴെയുള്ള പ്രദേശങ്ങളെ നോക്കി തിരഞ്ഞെടുക്കാനാണ് ബാഗേല്‍ പറഞ്ഞത്.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും നിര്‍ണായക ആവശ്യമാണ് ഉന്നയിച്ചത്. പ്രകൃതി ദുരന്തങ്ങള്‍ കാരണം എല്ലാ വര്‍ഷവും ഒഡീഷയ്ക്ക് ദുരിതമാണെന്ന് പട്‌നായിക്ക് ചൂണ്ടിക്കാണിച്ചു. ഒഡീഷയ്ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും, ദുരന്ത പ്രതിരോധത്തിനായി കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കണമെന്നും പട്‌നായിക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications