നിതീഷ് നിര്‍ണായക നീക്കത്തിന്, ബിജെപിയുടെ പിന്തുണ കത്ത് കിട്ടി; ആര്‍ജെഡി മന്ത്രിമാരെ പുറത്താക്കും
പട്‌ന: ബീഹാറില്‍ നിതീഷ് കുമാര്‍ സഖ്യം വിടുമെന്ന കാര്യത്തില്‍ തീരുമാനമാകുന്നു. എല്ലാ ആര്‍ജെഡി മന്ത്രിമാരെയും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനാണ് ശ്രമം. നാളെ ഈ പ്രഖ്യാപനമുണ്ടാകുമെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ജെഡിയുവും ഒരുമിച്ച് മത്സരിക്കാനും തീരുമാനമായിട്ടുണ്ട്.
ഇക്കാര്യത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകളും പൂര്‍ത്തിയായി. നിതീഷ് കുമാറിനെ പിന്തുണച്ച് കൊണ്ടുള്ള കത്തുകള്‍ എല്ലാ ബിജെപി എംഎല്‍എമാരും കൈമാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം നിതീഷ് കുമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നേരിട്ടാണ് ചര്‍ച്ചകള്‍ നടത്തുന്നത്.

ജെഡിയു എംഎല്‍എമാരും ബിജെപി എംഎല്‍എമാരും നാളെ നിതീഷിന്റെ വസതിയില്‍ ഉച്ചഭക്ഷണത്തിനായി ചേരുന്നുണ്ട്. അതിന് ശേഷം ഇരുപാര്‍ട്ടികളിലെയും എംഎല്‍എമാര്‍ ഗവര്‍ണറെ കാണും. തുടര്‍ന്ന് നിതീഷിനെ പിന്തുണച്ച് കൊണ്ടുള്ള കത്തുകള്‍ ഇവര്‍ ഗവര്‍ണര്‍ക്ക് കൈമാറും. എല്ലാ ആര്‍ജെഡി എംഎല്‍എമാരെയും പുറത്താക്കി പകരം ബിജെപി എംഎല്‍എമാരെ മന്ത്രിമാരായി നിയമിക്കും.
പുതിയ ഉപമുഖ്യമന്ത്രിയെ ബിജെപി തീരുമാനിക്കും. ഇതോടെ തേജസ്വി യാദവും പുറത്താവും. 2025 വരെ നിതീഷ് മുഖ്യമന്ത്രി പദത്തില്‍ തുടരും. ഇതാണ് ബിജെപിയുമായി ഉണ്ടാക്കിയ കരാര്‍. അതേസമയം 2025ന് ശേഷം നിതീഷ് കുമാറിന് കേന്ദ്രത്തില്‍ വലിയ റോള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.നിതീഷിന് കുമാറിന് കേന്ദ്ര മന്ത്രിസ്ഥാനം തന്നെ ലഭിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.
ബീഹാര്‍ രാഷ്ട്രീയം അദ്ദേഹം ഉപേക്ഷിക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. അതേസമയം സുശീല്‍ കുമാര്‍ മോദിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നാണ് സൂചന. നേരത്തെ എന്‍ഡിഎയുടെ ഭാഗമായിരുന്നപ്പോള്‍ നിതീഷ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു സുശീല്‍ കുമാര്‍ മോദി.സഖ്യത്തെ അന്ന് പ്രതിസന്ധികളില്ലാതെ മുന്നോട്ട് കൊണ്ടുപോയിരുന്നതും സുശീല്‍ മോദിയും നിതീഷും തമ്മിലായിരുന്നു.
എന്നാല്‍ അദ്ദേഹത്തെ കേന്ദ്രത്തിലേക്ക് മാറ്റിയത് മുതലായിരുന്നു നിതീഷും ബിജെപിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അതേസമയം നിതീഷിന്റെ മുന്നില്‍ ചില ഉപാധികളും ബിജെപി വെച്ചിട്ടുണ്ട്. രണ്ട് ഉപമുഖ്യമന്ത്രിമാരെ ബിജെപി ആവശ്യപ്പെടും. അതിനൊപ്പം സ്പീക്കറുടെ പോസ്റ്റും വേണമെന്നാണ് ബിജെപി പറയുന്നത്.
എന്നാല്‍ നിതീഷിനൊപ്പം വീണ്ടും ചേരുന്നതില്‍ ബിജെപി പ്രവര്‍ത്തകര്‍ കടുത്ത അസംതൃപ്തിയിലാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമസഭ പിരിച്ചുവിട്ട്, ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പും നടത്തണമെന്ന നിതീഷിന്റെ നിര്‍ദേശത്തെ ബിജെപി തള്ളുന്നു. ആര്‍ജെഡിയും, അതുപോലെ നിതീഷിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും തിരിച്ചടിയാവുമെന്നാണ് ബിജെപി വിലയിരുത്തല്‍.












Click it and Unblock the Notifications