അച്ചടക്കമില്ലെങ്കില്‍ വിമാനത്തില്‍ പറക്കണ്ട: നോ ഫ്ലൈ ലിസ്റ്റ് ജൂലൈയില്‍!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: വിമാനത്തിൽ അച്ചടക്കമില്ലാത്തവർക്ക് വിലക്കേർപ്പെടുത്തുന്നതിനുള്ള നോ ഫ്ലൈ ലിസ്റ്റ് ഉടൻ. ജൂലൈ ആദ്യവാരം മുതൽ നോ ഫ്ലൈ ലിസ്റ്റ് പ്രാബല്യത്തിൽ വരുമെന്ന് ഏവിയേഷൻ സെക്രട്ടറി ആർ എൻ ചൗബെയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തെലുഗു ദേശം പാർട്ടി എംഎൽഎ ദിവാകർ റെഡ്ഡി വിശാഖപട്ടണം വിമാനത്താവളത്തിൽ വെച്ച് എയർലൈൻ ജഡീവനക്കാരോട് അപരമര്യാദയായി പെരുമാറിയ സംഭവമുണ്ടായതോടെയാണ് ചൗബെ ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച നടപടികൾ സർക്കാർ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അന്തിമ നോ ഫ്ലൈ ലിസ്റ്റ് തീരുമാനിക്കുന്നതിനായി ജൂൺ അവസാനം യോഗം ചേരുമെന്നും പ്രസിദ്ധീകരിക്കുന്ന പട്ടിക ഉടൻ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമേ ടിക്കറ്റ് ബുക്കിംഗിന് ആധാറോ മറ്റ് തിരിച്ചറിയൽ രേഖകളോ നിർബന്ധമാക്കുന്നതിനുള്ള സാധ്യതകളും സർക്കാർ ആലോചിക്കുന്നുണ്ട്. വ്യാജ പേരുകളിൽ ടിക്കറ്റെടുക്കുന്നത് തടയുന്നതിനായാണ് ഈ നീക്കം.

airplane

നേരത്തെ ശിവസേന എംപി രവീന്ദ്രഗെയ്ക്ക് വാദ് എയർ ഇന്ത്യ ജീവനക്കാരെ ചെരിപ്പുകൊണ്ടടിച്ച സംഭവത്തിൽ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ ഗെയ്ക്ക് വാദിന് വിലക്കേർപ്പെടുത്തിയിരുന്നു. ഈ സംഭവത്തെ തുടർന്നാണ് അച്ചടക്കമില്ലാത്ത യാത്രക്കാർക്ക് വിലക്കേർപ്പെടുത്തുന്നതിനുള്ള ചട്ടം കൊണ്ടുവരാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ നീക്കം. റെഡ്ഡിയ്ക്കെതിരെ എയർലൈൻസ് ജീവനക്കാരന്‍ പരാതി നൽകിയിട്ടില്ലെങ്കിലും സര്‍ക്കാർ വിഷയം അന്വേഷിക്കുന്നുണ്ട്. പേരു വെളിപ്പെടുത്തി പരാതി നൽകുന്നത് കൂടുതൽ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് കരുതിയാണ് പരാതി നൽകാത്തതെന്നാണ് സൂചന.

വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന വിഐപികള്‍ എയർലൈൻ ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്ന സംഭവങ്ങൾ അടുത്ത കാലത്ത് അധികം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വ്യോമയാന മന്ത്രാലയത്തിന്‍റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം ഉണ്ടായിട്ടുള്ളത്. എയർലൈൻ ജീവനക്കാരും ക്രൂ അംഗങ്ങളും ഇതേ വിഷയത്തിൽ പരാതികളുമായി മന്ത്രാലയത്തെ സമീപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

English summary
Passengers, including dignitaries, with unruly behaviour may soon face a ban on flying that may extend for life. Aviation secretary R N Choubey has told TOI that a no-fly list will come into effect in the first week of July.
Please Wait while comments are loading...