ഇടക്കാല ജാമ്യം അനുവദിച്ചാലും ഔദ്യോഗിക കൃത്യനിർവഹണം നടത്താൻ കഴിയില്ല; കെജ്രിവാളിനോട് സുപ്രീം കോടതി
ന്യൂഡൽഹി: മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് നൽകിയ കെജ്രിവാളിന്റെ ഹർജി സുപ്രീം കോടതി വിധി പറയാൻ മാറ്റി. കൂടാതെ ജാമ്യ ഹർജി പരിഗണിക്കുന്ന വേളയിൽ കോടതി നടത്തിയ ചില നിരീക്ഷണങ്ങളും കെജ്രിവാളിന് തിരിച്ചടിയാണ്. ഇടക്കാല ജാമ്യം അനുവദിച്ചാലും കെജ്രിവാളിന് ഔദ്യോഗിക കൃത്യ നിർവഹണം നടത്താൻ സാധിക്കില്ലെന്നാണ് കോടതി അറിയിച്ചത്.
ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്. മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്‌മി പാർട്ടി (എഎപി) മേധാവിയും ഡൽഹി മുഖ്യമന്ത്രിയുമായ കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്‌റ്റഡി മെയ് 20 വരെ ഡൽഹി റോസ് അവന്യൂ കോടതി നീട്ടിയിരുന്നു.

വാദത്തിനിടെ കെജ്രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയോട് രണ്ടംഗ ബെഞ്ച്, ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയാൽ അദ്ദേഹം ഓഫീസിൽ ഹാജരാകുമോ, ഫയലുകളിൽ ഒപ്പിടുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉൾപ്പെടെ ചോദിച്ചിരുന്നു. പിന്നീടാണ് കെജ്രിവാൾ ജാമ്യം ലഭിച്ചാൽ ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ബെഞ്ച് അറിയിച്ചത്.
തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മാത്രമാണ് തങ്ങൾ ഇടക്കാല ജാമ്യത്തെ കുറിച്ച് ആലോചിക്കുന്നതെന്നും ഇല്ലായിരുന്നെങ്കിൽ വിഷയം പരിഗണിക്കുക ഇല്ലായിരുന്നുവെന്നും കോടതി പറഞ്ഞു. കെജ്രിവാൾ ഡൽഹിയിലെ സിറ്റിംഗ് മുഖ്യമന്ത്രിയായതിനാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചരണം നടത്തേണ്ടതുണ്ടെന്നും അതുകൊണ്ട് ജാമ്യാപേക്ഷയിൽ വാദം കേൾക്കുമെന്നും സുപ്രീം കോടതി ഇഡിയോട് അറിയിച്ചു.
ഇതൊരു അസാധാരണ സംഭവം ആണെന്നും തിരഞ്ഞെടുപ്പുകൾ അഞ്ച് വർഷത്തിൽ ഒരിക്കൽ നടക്കുന്നവയാണെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ ജയിലിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചു വൻ ഭൂരിപക്ഷത്തിൽ ജയിച്ച മുൻ കേന്ദ്ര പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസിന്റെ കാര്യവും കോടതി ഇതിനിടെ ചൂണ്ടിക്കാട്ടി.
എന്നാൽ ഇതിനെ ശക്തമായി ഇഡി എതിർക്കുകയുണ്ടായി. ഈ ഒരു ഘട്ടത്തിൽ അരവിന്ദ് കെജ്രിവാളിന് ജാമ്യം നൽകുന്നത് തെറ്റായ കീഴ്വഴക്കങ്ങൾ സൃഷ്‌ടിക്കും എന്നായിരുന്നു ഇഡിയുടെ നിലപാട്. രാഷ്ട്രീയക്കാർക്ക് സാധാരണക്കാരിൽ നിന്ന് വ്യത്യസ്‌തമായി എന്തെങ്കിലും കൂടുതൽ അധികാരങ്ങളോ അവകാശങ്ങളോ ഇല്ലെന്നും ഇഡി ചൂണ്ടിക്കാട്ടി.
അതേസമയം, മാർച്ച് 21നാണ് ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡി കെജ്രിവാളിനെ അറസ്‌റ്റ് ചെയ്‌തത്. അടുത്ത ദിവസം ഡൽഹി റോസ് അവന്യൂ കോടതി അദ്ദേഹത്തെ ഇഡിയുടെ കസ്‌റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് ഏപ്രിൽ ഒന്നിന് കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിടാനായിരുന്നു കോടതിയുടെ തീരുമാനം. പിന്നീട് പലപ്പോഴായി കസ്‌റ്റഡി നീട്ടുകയായിരുന്നു. നിലവിൽ മെയ് 20 വരെയാണ് അദ്ദേഹത്തിന്റെ കസ്‌റ്റഡി കാലാവധി.












Click it and Unblock the Notifications