അഭ്യൂഹങ്ങൾക്ക് വിരാമം; കസേര ഉറപ്പിച്ച് യെഡിയൂരപ്പ.. മന്ത്രിസഭാ വികസനം ബുധനാഴ്ച
ബെംഗളൂരു;കർണാടകത്തിൽ ബുധനാഴ്ച മന്ത്രിസഭ വികസനം നടത്താൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. എട്ട് പേർ പുതുതായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. യെഡിയുരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കേന്ദ്ര നേതൃത്വം മാറ്റിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്കിടെയാണ് മന്ത്രിസഭ വികസനം നടക്കുന്നത്.
വിമത ശബ്ദം ഒതുക്കാൻ മന്ത്രിസഭ വികസനത്തിന് യെഡിയൂരപ്പ തയ്യാറായെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം ആദ്യം അനുവാദം നൽകാതിരുന്നത് വലിയ അഭ്യൂഹങ്ങൾക്കായിരുന്നു വഴിവെച്ചിരുന്നത്. യെഡിയൂരപ്പയെ നിലനിർത്തുന്നതിൽ കേന്ദ്ര നേതത്വത്തിന് താത്പര്യമില്ലെന്നും അദ്ദേഹത്തിന്റെ പ്രായവും പാർട്ടിയിൽ യെഡ്ഡിക്കെതിരെ ഉയരുന്ന പരാതികളും പരിഗണിച്ച് അദ്ദേഹത്തെ മാറ്റി നിർത്താൻ ആലോചിക്കുന്നതിനാലാണ് മന്ത്രിസഭാ വികസിപ്പിക്കാൻ അനുമതി നൽകാതിരുന്നത് എന്നായിരുന്നു പ്രചരിച്ച വാർത്തകൾ.
എന്നാൽ ഇതിനിടെ ശനിയാഴ്ച യെഡിയൂരപ്പ ദില്ലിയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, കർണാടക ചുമതലയുള്ള അരുൺ സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും അനുകൂല തിരുമാനം നേടിയെടുക്കുകയായുമായിരുന്നു. മന്ത്രിസഭയിൽ ശക്തരായ നേതാക്കളെ കൂടി ഉൾപ്പെടുത്തണമെന്ന നിർദ്ദേശവും ദേശീയ നേതൃത്വം മുന്നോട്ട് വെച്ചിട്ടുണ്ട്.
കോൺഗ്രസിൽ നിന്നും ബിജെപിയിൽ എത്തിയ എംടിബി നാഗരാജ്,ആർ ശങ്കർ എന്നീ നേതാക്കളെ മന്ത്രിസഭയിൽ പുതുതായി ഉൾപ്പെടുത്തും.മുതിർന്ന ബിജെപി നേതാക്കളും എംഎൽഎമാരാുമായ അങ്കാറ, ഉമേഷ് കാട്ടി, മുരുകേഷ് നിരാനി, അരവിന്ദ് ലിംബാവലി എന്നിവരേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും.സ്വതന്ത്ര എംഎൽഎയെയും എക്സൈസ് മന്ത്രിയുമായ നാഗേഷിനെയും മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ട്.
നിലവിൽ 27 പേരാണു മന്ത്രിസഭയിലുള്ളത്. പരമാവധി 34 വരെയാകാം. കഴിഞ്ഞ വർഷം കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ നേതാക്കളേയും ബിജെപിയിലെ പ്രമുഖരേയും ഒരു പോലെ തൃപ്തിപ്പെടുത്തേണ്ടതാകും യെഡിയൂരപ്പ നേരിടുന്ന പ്രധാന വെല്ലുവിളി. സ്ഥാനം ലഭിക്കാത്തവർ വരും ദിവസങ്ങളിൽ വിമത നീക്കം നടത്തുമെന്ന കാര്യത്തിൽ സംശയമില്ല.
കെ സുരേന്ദ്രൻ മത്സരിക്കേണ്ട; കേരളം പിടിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഒരുക്കുന്നത് മറ്റൊരു പ്ലാൻ