യുവമോര്‍ച്ച നേതാവിന്റെ വധം; പിന്നില്‍ മലയാളികളല്ലെന്ന് മന്ത്രി, രണ്ടു പേര്‍കൂടി അറസ്റ്റില്‍
ബെംഗളൂരു: മംഗളൂരുവിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ വധത്തിന് പിന്നില്‍ മലയാളികളല്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. പ്രദേശത്തുള്ള ചിലര്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നുള്ളവരാണ് കൊലപാതകം നടത്തിയതെന്നും കേരള രജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് ഇവരെത്തിയതെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ബിജെപി നേതാക്കള്‍ ഈ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
രണ്ടു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ബന്ധമുള്ളതിനാല്‍ പോലീസ് അന്വേഷിച്ചാല്‍ മതിയാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിട്ടത്. എന്നാല്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുടെ പ്രതികരണത്തില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറയുന്നത്.

ദക്ഷിണ കന്നഡ ജില്ലയിലുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്ന് അദ്ദേഹം പറയുന്നു. എല്ലാ പ്രതികളെയും വൈകാതെ പിടിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു സമുദായത്തിലെ അംഗങ്ങളാണ് പ്രതികള്‍. ഇവര്‍ കേരളത്തില്‍ നിന്നുള്ള ചിലരുമായി ബന്ധപ്പെട്ടിരുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും പ്രതികളെ കുറിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രവീണ്‍ വധക്കേസില്‍ രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആബിദ്, നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഇതുവരെ ആറ് പേര്‍ അറസ്റ്റിലായി. പ്രതികളുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തി.
കഴിഞ്ഞ മാസം 26ന് രണ്ടു ബൈക്കുകളിലെത്തിയവരാണ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയത്. ബെല്ലാരെയിലെ കോഴിക്കട നടത്തുകയായിരുന്നു ഇയാള്‍. കടയടച്ച് പോകാനിരിക്കെയാണ് അക്രമികളെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് 19കാരന്‍ കൊല്ലപ്പെട്ട സംഭവത്തിലുള്ള പ്രതികാരമാണിതെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നീട് നിരവധി പേരെ ചോദ്യം ചെയ്തു. ഇതില്‍ നിന്ന് നാല് പേരെ അറസ്റ്റ് ചെയ്തു. എല്ലാവരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പോലീസ് പറയുന്നു.
അതേസമയം, ദിവസങ്ങള്‍ക്ക് ശേഷം സൂറത്ത് കല്ലില്‍ മറ്റൊരു മുസ്ലിം യുവാവ് വെട്ടേറ്റ് മരിച്ചു. രാത്രി തന്റെ കടയുടെ മുന്നില്‍ നില്‍ക്കുമ്പോഴാണ് കാറിലെത്തിയവര്‍ കൊലപാതകം നടത്തിയത്. കാറിന്റെ ഡ്രൈവറടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. വാടകക്കെടുത്ത കാറിലെത്തിയവരാണ് അക്രമികള്‍ എന്ന് പോലീസ് കണ്ടെത്തി. നേരത്തെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞിരുന്നു. ഇതിനിടെ പ്രവീണ്‍ നെട്ടാരുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കുകയും 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തത് വിവാദമായിരുന്നു. പ്രവീണ്‍ നെട്ടാരുവിന്റെ വധത്തില്‍ പ്രതിഷേധിച്ച് നിരവധി ബിജെപി പ്രവര്‍ത്തകര്‍ രാജിഭീഷണി മുഴക്കിയിരുന്നു.












Click it and Unblock the Notifications