ജയലളിത: ആരോഗ്യനിലയെക്കുറിച്ച് ഒരാഴ്ചയായി വിവരമില്ല, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിരീക്ഷിച്ച് പൊലീസ്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരാത്ത സാഹചര്യത്തില്‍ ജാഗ്രതയോടെ പൊലീസും സൈബര്‍ വിദഗ്ദരും. ഡോക്ടര്‍മാരോ അണ്ണാ ഡിഎംകെയോ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാത്തതാണ ് പൊലീസ് ജാഗ്രത പുലര്‍ത്തുന്നതിന് പിന്നിലുള്ള കാരണം.
ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനായി സൈബര്‍ വിദഗ്ദരും കനത്ത ജാഗ്രതയിലാണ്. തമിഴ്‌നാട്ടില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയാണ് ലക്ഷ്യം. ബ്രിട്ടനില്‍ നിന്നെത്തിയ രണ്ട് ഡോക്ടര്‍മാരും ദില്ലി എയിംസില്‍ നിന്നെത്തിയ മൂന്ന് ഡോക്ടര്‍മാരും ജയലളിതയെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

അറസ്റ്റും കേസും
ഇതിനകം തന്നെ ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് അമ്പതോളം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും എട്ട് പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. കോയമ്പത്തൂരില്‍ ബാങ്കില്‍ ജോലി ചെയ്യുന്ന രണ്ടുപേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

സോഷ്യല്‍ മീഡിയ പണി തരും
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനോ , സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യരുതെന്നും പൊലീസ് കര്‍ശന താക്കീത് നല്‍കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് കുറ്റവാളികള്‍ക്കെതിരെ രകര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പനിയോ ശ്വാസകോശത്തിനേറ്റ അണുബാധയോ
68കാരിയായ ജയലളിതയെ സെപ്തംബര്‍ 22നാണ് ചെന്നെയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജ്ജലീകരണവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പാര്‍ട്ടി നല്‍കുന്ന വിവരം. എന്നാല്‍ ശ്വാസകോശത്തിനേറ്റ അണുബാധയ്ക്കുള്ള ചികിത്സ നല്‍കിവരികയാണെന്ന് ഡോക്ടര്‍മാര്‍ പിന്നീട് സ്ഥിരീകരിച്ചു.

പകരക്കാരനെ നിയമിച്ചു
ജയലളിത ആശുപത്രിയിലായതോടെ സംസ്ഥാനത്തിന്റെ അധികാരം താളം തെറ്റാതിരിക്കാന്‍ മുഖ്യമന്ത്രിയായി ഒ പനീര്‍ശെല്‍വത്തെ നിയമിച്ചിരുന്നു. പ്രതിപക്ഷ നേതാക്കളുടെ എതിര്‍പ്പ് മറികടന്നായിരുന്നു ജയലളിതയുടെ നിര്‍ദ്ദേശ പ്രകാരം പനീര്‍ശെല്‍വത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായി നിയമിച്ചത്.












Click it and Unblock the Notifications