മന്ത്രിപദവി: ആപില്‍ ഭിന്നതയില്ലെന്ന് കെജ്രിവാള്‍
ദില്ലി: മന്ത്രി പദവിയെ ചൊല്ലി പാര്‍ട്ടിക്കകത്ത് ഭിന്നതയുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിദ് കെജ്രിവാള്‍ രംഗത്ത്. മന്ത്രി പദവി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ലക്ഷ്മി നഗര്‍ എംഎല്‍എ വിനോദ് കുമാര്‍ ബെന്നി രംഗത്തെത്തിയെന്നും ഇത് പാര്‍ട്ടിക്കകത്ത് ഭിന്നതയുണ്ടാക്കിയെന്നും കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മന്ത്രിപദവി ലഭിക്കാത്തതില്‍ അതൃപ്തി ഇല്ലെന്ന് വിനോദ് കുമാര്‍ ബെന്നി അറിയിച്ചതായി കെജ്രിവാള്‍ വ്യക്തമാക്കി.
വിവാദങ്ങളല്ല, പ്രശ്‌നപരിഹാരമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അധികാരമേറ്റ് രണ്ട് ദിവസത്തിനകം ജനങ്ങള്‍ക്ക് സൗജന്യ കുടിവെള്ളം ലഭ്യമാക്കുന്നതുള്‍പ്പടെ പ്രകടന പത്രികയിലെ എല്ലാ വാഗ്ദാനങ്ങളും പാലിക്കും. സത്യപ്രതിജ്ഞ തിയ്യതി സംബന്ധിച്ച് ഗവര്‍ണറില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ല. തിയ്യതി അറിഞ്ഞുകഴിഞ്ഞാല്‍ അണ്ണ ഹസാരയെ ചടങ്ങിന് ക്ഷണിക്കുന്ന കാര്യം ആലോചിക്കു- കെജ്രിവാള്‍ പറഞ്ഞു. ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദഹം.

കഴിഞ്ഞ ദിവസമാണ് മന്ത്രിപദവിയെ ചൊല്ലി വിനോദ് കുമാര്‍ ബെന്നി അരവിദ് കെജ്രിവാളിന്റെ വീട്ടിലെത്തി പ്രതിഷേധമറിയിച്ചത്. മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് എഎപിയുടെ യോഗത്തില്‍ നിന്നും ബെന്നി ഇറങ്ങിപ്പോയിരുന്നു. തനിക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ ബുധനാഴ്ച പത്രസമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നും അതില്‍ സുപ്രധാനകാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ബെന്നി ഭീഷണിമുഴക്കുകയും ചെയ്തു.
തുടര്‍ന്ന് മുതിര്‍ന്ന ആപ് നേതാവ് യോഗേന്ദ്ര യാദവ് ബെന്നിയെ അനുനയിപ്പിക്കുകയായിരുന്നു. തനിക്ക് എംഎല്‍എയോ മന്ത്രിയോ ആകാന്‍ ആഗ്രഹമില്ലെന്നും മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയതെന്നും ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നുമാണ് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം വിനോദ്കമാര്‍ ബെന്നി പ്രതികരിച്ചത്.












Click it and Unblock the Notifications