വികലാംഗനായ ഭര്‍ത്താവിനെ വലിച്ചിഴച്ച് കൊണ്ടുപോകുമ്പോള്‍ ആ ഭാര്യയുടെ ചങ്ക് പിടഞ്ഞിരിക്കില്ലേ?
സ്‌ട്രെച്ചര്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് ആന്ധ്രപ്രദേശില്‍ ഭാര്യയ്ക്ക് ഭര്‍ത്താവിനെ ഡോക്ടറുടെ അടുത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോകേണ്ടി വന്നത്.
ആനന്ദ്പൂര്‍ : ഒഡിഷയിലെ ദനാ മാഞ്ചിയെ ആരും മറന്നിട്ടുണ്ടാകില്ല. ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹവും ചുമന്ന് മാഞ്ചിക്ക് നടക്കേണ്ടി വന്നത് കിലോമീറ്ററുകളോളമായിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ആശുപത്രി അധികൃതരുടെ ക്രൂരത കാരണം ഭര്‍ത്താവിനെ വലിച്ചഴച്ച് കൊണ്ടുപോകേണ്ടി വന്ന ഭാര്യയുടെ ഗതികേടാണ് വാര്‍ത്തയാകുന്നത്. സ്‌ട്രെച്ചര്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് ആന്ധ്രപ്രദേശില്‍ ഭാര്യയ്ക്ക് ഭര്‍ത്താവിനെ ഡോക്ടറുടെ അടുത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോകേണ്ടി വന്നത്.
അനന്ദ്പൂരിലെ ഗുണ്ടക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. പി. ശ്രീനിവാസാചാരിയെയാണ് ഭാര്യ ശ്രീവാണി വലിച്ചിഴച്ച് കൊണ്ടു പോയത്. കടുത്ത വയറു വേദനയും ഡയേറിയയും മൂലം നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ശ്രീനിവാസാചാരിയെ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ വികലാംഗന്‍ കൂടിയായിരുന്നു.

രോഗിയെ ഒന്നാം നിലയിലുള്ള ഡോക്ടറുടെ അടുത്തേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഉടന്‍ തന്നെ സ്‌ട്രെച്ചര്‍ ആവശ്യപ്പെട്ട് ശ്രീവാണി ആശുപത്രി അധികൃതരെ സമീപിക്കുകയായിരുന്നു. എന്നാല്‍ സ്‌ട്രെച്ചര്‍ വിട്ടു നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ശ്രീവാണി ഭര്‍ത്താവിനെ സ്‌ട്രെച്ചറുകള്‍ കൊണ്ടു പോകുന്ന റാംപിലൂടെ വലിച്ചിഴച്ച് കൊണ്ടു പോയത്.
വികലാംഗനായ ഭര്‍ത്താവിനെ ശ്രീവാണി വലിച്ചിഴച്ച് കൊണ്ടു പോകുമ്പോള്‍ പലരും നോക്കി നിന്നെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ല. പലരും ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുക മാത്രമാണ് ചെയ്തത്.
അതേസമയം സ്‌ട്രെച്ചര്‍ വിട്ടു നല്‍കില്ലെന്ന് പറഞ്ഞുവെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. രണ്ട് വീല്‍ ചെയറുകളും ഒരു സ്‌ട്രെച്ചറും ഒഴിവുണ്ടെന്നും റിസെപ്ഷനില്‍ കാത്തിരുന്നാല്‍ മതിയെന്നും ശ്രീവാണിയെ അറിയിച്ചെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ കാത്തു നില്‍ക്കാന്‍ തയ്യാറാകാതെ അവര്‍ ഭര്‍ത്താവിനെ വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നുവെന്നും അവര്‍ പറയുന്നു.
ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്തു കൊണ്ടുവന്നത്. ഇതിനു പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. കൂടുതല്‍ സ്‌ട്രെച്ചറുകള്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് ഉത്തരവായിട്ടുണ്ട്.












Click it and Unblock the Notifications