ഏക സിവില്‍ കോഡ് വെറും വീമ്പിളക്കൽ, ഹിന്ദുത്വ രാഷ്ട്രമെന്ന ആശയവുമായി ബന്ധപ്പെട്ടത്: അമര്‍ത്യ സെന്‍
ഡല്‍ഹി: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കാനുളള നീക്കത്തിനെതിരെ നൊബേല്‍ പുരസ്‌ക്കാര ജേതാവ് അമര്‍ത്യ സെന്‍. ഏക സിവില്‍ കോഡ് നടപ്പിലാക്കാനുളള ശ്രമങ്ങള്‍ വെറും വീമ്പിളക്കല്‍ മാത്രമാണെന്ന് അമര്‍ത്യ സെന്‍ പ്രതികരിച്ചു. ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിലൂടെ ആര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത് എന്നും അമര്‍ത്യ സെന്‍ ചോദിച്ചു. വിശ്വ ഭാരതിയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്നുളള ആശയവുമായി ഏക സിവില്‍ കോഡ് നടപ്പിലാക്കാനുളള നീക്കം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അമര്‍ത്യ സെന്‍ ചൂണ്ടിക്കാട്ടി. ''ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഇനി വൈകരുത് എന്ന് ഇന്ന് ഞാന്‍ പേപ്പറുകളില്‍ കണ്ടു. എവിടെ നിന്നാണ് ഇത്തരമൊരു മണ്ടത്തരത്തിന്റെ വരവ്. ഏക സിവില്‍ കോഡ് ഇല്ലാതെയാണ് നാം ആയിരക്കണക്കിന് വര്‍ഷങ്ങളായി ജീവിക്കുന്നത്. ഭാവിയിലും അതില്ലാതെ ജീവിക്കാനാകും'', അമര്‍ത്യ സെന്‍ കൂട്ടിച്ചേര്‍ത്തു.

''രാജ്യത്തിന് മുന്നോട്ട് പോകാനുളള ഏക വഴിയെന്ന് പറയുന്നത് ഹിന്ദു രാഷ്ട്രത്തിലൂടെയല്ല. ഇത്തരം കാര്യങ്ങളില്‍ എല്ലാവര്‍ക്കും ഒരു വിശാലമായ കാഴ്ചപ്പാട് ഉണ്ടാകേണ്ടതാണ്. ഹിന്ദു മതത്തെ ദുരുപയോഗപ്പെടുത്താനുളള ശ്രമം തീര്‍ച്ചയായും ഉണ്ട്'', അമര്‍ത്യ സെന്‍ വ്യക്തമാക്കി.
വളരെയേറെ വ്യത്യസ്തകളുളള ആളുകള്‍ ഉള്‍പ്പെടുന്ന സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നത്തെ പ്രത്യക്ഷത്തില്‍ ലളിതവത്ക്കരിക്കാനുളള ശ്രമങ്ങളാണ് ഏക സിവില്‍ കോഡ് നടപ്പിലാക്കാനുളള നീക്കങ്ങള്‍ക്ക് പിന്നിലെന്നും അമര്‍ത്യ സെന്‍ ആരോപിച്ചു. ഇന്ത്യയെ കുറിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ബരാക് ഒബാമ നടത്തിയ പരാമര്‍ശങ്ങള്‍ക്കും അമര്‍ത്യ സെന്‍ മറുപടി പറഞ്ഞു.
ന്യൂനപക്ഷ അവകാശങ്ങളുടെ പേരില്‍ ഇന്ത്യ വേര്‍പിരിഞ്ഞേക്കാം എന്നായിരുന്നു ഒബാമ നേരത്തെ പറഞ്ഞത്. ''മതം, വര്‍ഗം, ലിംഗം എന്നിങ്ങനെ രാജ്യത്തുളള വ്യത്യസ്തതകള്‍ വെല്ലുവിളിയാകാം. ഒബാമ അക്കാര്യം ചൂണ്ടിക്കാട്ടിയെന്നതില്‍ തനിക്ക് സന്തോഷമുണ്ട്. നമുക്കിടയിലെ തന്നെ പലര്‍ക്കും ഇക്കാര്യം വളരെ എളുപ്പത്തില്‍ ചൂണ്ടിക്കാട്ടാവുന്നതേ ഉളളൂ'' എന്നാണ് അമര്‍ത്യ സെന്നിന്റെ പ്രതികരണം.












Click it and Unblock the Notifications