പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രധാനമന്ത്രിക്ക് കത്തുമായി വടക്കുകിഴക്കന്‍ എംപിമാര്‍
ദില്ലി: നിര്‍ദ്ദിഷ്ട പൗരത്വ ഭേദഗതി ബില്ലിന്റെ പരിധിയില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത്. പന്ത്രണ്ട് ബിജെപി ഇതര എംപിമാരാണ് ഈ ആവശ്യവുമായി കത്തയച്ചത്. ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ പ്രദേശത്തെ ആദിവാസി ജനത കുടിയൊഴിപ്പിക്കലിന് ഇരയാകുമെന്ന് കത്തില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുഖ്യമന്ത്രിമാരുമായും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്ന പശ്ചാത്തലത്തിലാണ് കത്ത്. മേഖലയിലെ സിവില്‍ സൊസൈറ്റി സംഘടനകളും ബില്ലിനെ എതിര്‍ക്കുന്നതായി എംപിമാര്‍ അഭിപ്രായപ്പെട്ടു. കത്തയച്ചതില്‍ ഭൂരിഭാഗവും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് എംപിമാരാണ്.
അത്തരമൊരു ബില്‍ രാജ്യത്തുടനീളം ഒരേപോലെ നടപ്പാക്കപ്പെടുകയാണെങ്കില്‍ വടക്കുകിഴക്കന്‍ പ്രദേശത്തെ ഗോത്രവിഭാഗക്കാരടക്കം നാടുകടത്തലിന് ഇരയാകുമെന്ന് ഞങ്ങള്‍ കൂട്ടായി വിശ്വസിക്കുന്നു. പ്രദേശത്തെ ജനങ്ങളുടെ വികാരം പ്രധാനമന്ത്രിയെ അറിയിക്കുകയെന്നത് തങ്ങളുടെ ധാര്‍മ്മിക കടമയാണെന്ന് കത്തെഴുതാന്‍ മുന്‍കൈയ്യെടുത്ത ഷില്ലോംഗ് എംപി വിന്‍സെന്റ് എച്ച് പാല പറഞ്ഞു.

വടക്കുകിഴക്കന്‍ ജനതയ്ക്ക് പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് കൃത്യമായി ധാരണയുണ്ടെന്നും അതിനാല്‍ അവര്‍ ശക്തമായി പ്രതിഷേധിക്കുന്നുണ്ടെന്നും കത്തിന്റെ ഒപ്പിട്ട ബാര്‍പേട്ട (അസം) എംപി അബ്ദുല്‍ ഖലേക്ക് പറഞ്ഞു. പതിനാറാം ലോക്‌സഭയിലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ജനങ്ങള്‍ അവരുടെ എതിരഭിപ്രായം തുറന്നു പറഞ്ഞിട്ടുണ്ട്. അതിനാല്‍, ഇക്കാര്യം ഗൗരവമായി പരിശോധിക്കാനും ആശങ്കകള്‍ വേഗത്തില്‍ പരിഹരിക്കാനും കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ അംഗവുമായ മുകുത് മിതി, ആസാമിലെ നാഗോണ്‍ എംപി പ്രദ്യുത് ബോര്‍ഡോലോയ് എന്നിവരും കത്തില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു. അസം, മേഘാലയ, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, സിക്കിം എന്നിവിടങ്ങളില്‍ നിന്നും ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും തിരഞ്ഞെടുത്ത 12 എംപിമാരാണ് കത്തില്‍ ഒപ്പിട്ടവര്‍. നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള 15ഓളം ബിജെപി എംപിമാര്‍ കത്തില്‍ ഒപ്പിട്ടിട്ടില്ല.
എന്നിരുന്നാലും വടക്കുകിഴക്കന്‍ സംസ്ഥാനത്തെ പൗരത്വ ഭേദഗതി ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് മണിപ്പൂരില്‍ നിന്നുള്ള ബിജെപി എംപി രാജ്കുമാര്‍ രഞ്ജന്‍ സിംഗ് ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. ലോക്സഭയിലെ സീറോ അവറിനിടെ സംസാരിച്ച അദ്ദേഹം ബില്ലിനെതിരെ മണിപ്പൂരില്‍ വളരെയധികം പ്രതിഷേധമുണ്ടെന്നും പുതിയ പൗരത്വ നിയമത്തെക്കുറിച്ച് ജനങ്ങള്‍ ഭയപ്പെടുന്നതായും പറഞ്ഞു. പുതിയ നിയമം നടപ്പിലാക്കുകയാണെങ്കില്‍ സംസ്ഥാനത്ത് ധാരാളം കുടിയേറ്റക്കാര്‍ ഉണ്ടാകുമെന്നന് അവര്‍ ഭയപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications