• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരിടത്ത് വരള്‍ച്ച, തൊട്ടടുത്ത് ജലസമൃദ്ധി... ചെന്നൈയിലെ ഞെട്ടിപ്പിക്കുന്ന വൈരുദ്ധ്യം! ഒരു തടാകവിജയം

ചെന്നൈ: ചെന്നൈ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരള്‍ച്ചയും ജലക്ഷാമവും ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ കൂട്ടത്തോടെ ബന്ധുവീടുകളിലേക്ക് ചേക്കേറേണ്ട സ്ഥിതി. വെള്ളത്തിന് തീവിലയും. ചിലയിടത്ത് പണം കൊടുത്താല്‍ പോലും വെള്ളം കിട്ടാത്ത അവസ്ഥയും ഉണ്ട്.

വറ്റി വരണ്ട നീര്‍ത്തടങ്ങള്‍: ചെന്നൈ ജലക്ഷാമത്തിന്റെ രൂക്ഷത പുറത്തു വിട്ട് സാറ്റലൈറ്റ് ചിത്രം

എന്നാല്‍ ചെന്നൈയുടെ മറ്റൊരു വശത്ത് ജലസമൃദ്ധിയാണിപ്പോള്‍. ആവടിയിലെ ഒരു തടാകം മാറ്റിയെടുത്തത് വഴി അവര്‍ സൃഷ്ടിച്ചത് മറ്റൊരു ചരിത്രം തന്നെയാണ്.

85 ഏക്കറില്‍ പരന്നുകിടക്കുന്നതാണ് പരുതാപട്ട് തടാകം. കഴിഞ്ഞ വര്‍ഷം വരെ ദയനീയമായിരുന്നു ഈ തടാകത്തിന്റെ സ്ഥിതി. അകാലത്തില്‍ ഇല്ലാതായ മറ്റ് അനേകം തടകങ്ങളെ പോലെ കൈയ്യേറ്റവും മാലിന്യവും തന്നെ ആയിരുന്നു പരുതാപട്ട് തടാകത്തേയും കൊന്നുകൊണ്ടിരുന്നത്. പക്ഷേ, അതില്‍ നിന്ന് ഒരു വര്‍ഷം കൊണ്ട് ഒരു തടാകത്തിന്റെ പുനര്‍ജന്മം ആണ് ലോകം കണ്ടത്.

28 കോടി രൂപ ചെലവിട്ടായിരുന്നു തടാകത്തിന്റെ പുനരുദ്ധാരണം നടന്നത്. അഞ്ഞൂറില്‍പരം ആളുകളെ ഇതിന്റെ ഭാഗമായി മാറ്റിപ്പാര്‍പ്പിച്ചു. തടാകത്തിലെ മാലിന്യങ്ങള്‍ മുഴുവന്‍ നീക്കി. മണ്ണും മാലിന്യങ്ങളും എടുത്ത് 12 അടി താഴ്ചയുണ്ടാക്കി. കൂടാതെ മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ ഒരു ബണ്ടും പണിതു. ഒരു ബയോ പാര്‍ക്ക് പോലെയായിരുന്നു പരുതാപട്ട് തടാകത്തിന്റെ പുനര്‍ജന്മം.

ഇപ്പോള്‍ 35 കോടി ചെലവിട്ട് തടാക തീരത്ത് ഒരു മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റ് കൂടി സ്ഥാപിച്ചിട്ടുണ്ട്. ആവടി നഗരത്തില്‍ നിന്നുള്ള മലിന ജലം മുഴുവന്‍ ശുദ്ധീകരിക്കുകയാണ് ലക്ഷ്യം. അടുത്ത ആഴ്ച മുതല്‍ ഇത്തരത്തില്‍ ശുദ്ധീകരിക്കുന്ന ഒരു കോടി ലിറ്റര്‍ വെള്ളം തടാകത്തിലേക്ക് ഒഴുക്കി വിടും. അതുപോലെ ഒരു കോടി ലിറ്റര്‍ വെള്ളം വ്യാവസായിക ആവശ്യങ്ങള്‍ക്കായി വില്‍ക്കുകയും ചെയ്യും.

ആവടി എംഎല്‍എയും തമിഴ്‌നാട് സാംസ്‌കാരിക മന്ത്രിയും ആയ കെ പാണ്ടിരാജന്‍ ആയിരുന്നു ഈ പദ്ധതിയുടെ ബുദ്ധി കേന്ദ്രം. മാ ഫോയി പാണ്ടിരാജന്‍ എന്നാണ് ഇദ്ദേഹം പൊതുവേ അറിയപ്പെടുന്നത്. പതിനഞ്ച് തടാകങ്ങളുള്ള ജില്ലയാണ് ആവടി. ജില്ലയിലെ എല്ലാ തടാകങ്ങളും പരിതാപട്ട് പോലെ പുനരുജ്ജീവിപ്പിക്കുകയാണ് പാണ്ടിരാജന്റെ അടുത്ത ലക്ഷ്യം.

എന്നാല്‍ ചെന്നൈയുടെ കുടിവെള്ള ദൗര്‍ലഭ്യം പരിഹരിക്കാന്‍ ഇപ്പോള്‍ പരിതാപട്ട് തടാകത്തിന് സാധിക്കുമോ എന്നൊരു ചോദ്യവും ബാക്കിയാണ്. കാരണം, തടാകത്തിലെ വെള്ളം മനുഷ്യോപയോഗത്തിന് പര്യാപ്തമാംവിധം ശുദ്ധമാക്കപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കാന്‍ ആയിട്ടില്ല. പക്ഷേ, വരും നാളുകളില്‍ ചെന്നൈയിലെ ജലക്ഷാമത്തിന് പരുതാപട്ട് തടാകം ആശ്വാസം നല്‍കുമെന്ന് ഉറപ്പിക്കാം.

English summary
Northern Chennai lake rejuvenated after 28 crore project in one year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X