'റിമോർട്ട് കൺട്രോൾ അല്ല'; പുതിയ അധ്യക്ഷന് പരിപൂർണ സ്വാതന്ത്ര്യമെന്ന് രാഹുൽ ഗാന്ധി
ബെംഗളൂരു: പുതിയ അധ്യക്ഷനെ ഗാന്ധി കുംടുംബം നിയന്ത്രിക്കുമെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനും പാര്‍ട്ടിയെ നയിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കർണാടകയിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ട് സ്ഥാനാർത്ഥികൾക്കും അവരുടേതായി സ്ഥാനവും നിലപാടുകളും ഉണ്ട്. അവരെ റിമോർട്ട് കൺട്രോൾ എന്ന് വിളിക്കുകയെന്നത് രണ്ട് പേരേയും അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരു അധ്യക്ഷന്‍ വന്നാലും അവരെ സോണിയ ഗാന്ധി റിമോട്ട് കണ്‍ട്രോളാക്കി മാറ്റുമെന്നായിരുന്നു ബി ജെ പി വിമർശനം.മല്ലികാർജ്ജുൻ ഖാർഗെയ ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.
കോൺഗ്രസ് ഒരു ഫാസിസ്റ്റ് പാർട്ടിയല്ല. ചർച്ചകളെ സംഭാഷണങ്ങളെ വ്യത്യസ്തമായ കാഴ്ചപാടുകളെ എല്ലാം സ്വീകരിക്കുന്നതാണ് ഞങ്ങളുടെ പാർട്ടി. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാം. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
നമ്മുടെ ഭരണഘടന പറയുന്നത് ഭാരതം ഒന്നാണെന്നാണ്. അതിനർത്ഥം നമ്മുടെ എല്ലാ ഭാഷകൾക്കും സംസ്ഥാനങ്ങൾക്കും പാരമ്പര്യങ്ങൾക്കും തുല്യ പ്രാധാന്യം ഉണ്ടെന്നാണ്. അതാണ് നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യം. അവിടെ വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്ന നടപടി അങ്ങേയറ്റം ദേശവിരുദ്ധമാണ്. അത്തരക്കാർ ആര് തന്നെയായാലും അവർക്കെതിരെ കോൺഗ്രസ് ശക്തമായി തന്നെ പോരാടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബി ജെ പി രാജ്യത്തെ വിഭജിച്ച് വിദ്വേഷം പരത്തുകയാണ്. അതുകൊണ്ടാണ് ഞങ്ങൾ ഭാരത് ജോഡോ യാത്ര നടത്തുന്നത്. ഞാൻ മാത്രമല്ല ലക്ഷക്കണക്കിന് ആളുകളാണ് ഈ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരിക്കുന്നത്. ബി ജെ പി പയറ്റുന്ന വെറുപ്പിന്റെ രാഷ്ട്രീയം ജനങ്ങളെ മടുപ്പിച്ചു. തൊഴിലില്ലായ്മയും വിലക്കയറ്റും അവരെ ക്ഷീണിപ്പിച്ചു, രാഹുൽ പറഞ്ഞു.
ഭാരത് ജോഡോ യാത്ര കർണാടകത്തിൽ പുരോഗമിക്കുകയാണ്. കേരളത്തിൽ പര്യടനം പൂർത്തിയാക്കി സപ്റ്റംബർ 30 നായിരുന്നു ഭാരത് ജോഡോ യാത്ര കർണാടകത്തിൽ പ്രവേശിച്ചത് 511 കിമിയാണ് കർണാടകത്തിൽ ഭാരത് ജോഡോ യാത്ര നടക്കുക. 21 ദിവസമാണ് പര്യടനം. കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം സോണിയയും പങ്കെടുത്തിരുന്നു.












Click it and Unblock the Notifications