ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ആമിര്‍ ഖാന്‍
മുംബൈ: അസഹിഷ്ണുതാ പരാമര്‍ശം നടത്തി വിവാദത്തിലായ ആമിര്‍ ഖാന്‍ താന്‍ അത്തരത്തിലൊരു പരാമര്‍ശനം നടത്തിയില്ലെന്ന് വാദവുമായി രംഗത്തെത്തി. ആമിര്‍ ഖാന്റെ രംഗ് ദേ ബസന്ദി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ പത്താംവാര്‍ഷിക ദിനത്തില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് തന്റെ മുന്‍ നിലപാട് തെറ്റിദ്ധരിക്കപ്പെടുകയാണെന്ന് ആമിര്‍ ബോധ്യപ്പെടുത്തിയത്.
ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ചില മാധ്യമങ്ങളാണ് ഇതിന് പിന്നില്‍. ഇന്ത്യയെ ഞാന്‍ അത്രയേറെ ഇഷ്ടപ്പെടുന്നു. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. വ്യത്യസ്തങ്ങളായ ഭാഷയും സംസ്‌കാരവും ഒത്തുചേര്‍ന്ന ഇതുപോലെ മറ്റാരു രാജ്യമില്ല.

ഇന്ത്യയ്ക്ക് പുറത്ത് രണ്ടാഴ്ചയില്‍ അധികം താമസിക്കാന്‍ തനിക്ക് കഴിയില്ല. എവിടെയെത്തിയാലും ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹമാണ്. ഇവിടെയാണ് ഞാന്‍ ജനിച്ചത്. ഇവിടെത്തന്നെ മരിക്കുകയും ചെയ്യും. എന്റെ വാക്കുകള്‍ വേദനിപ്പിച്ചവരെ എനിക്ക് മനസിലാക്കാനാകുമെന്നും ആമിര്‍ ഖാന്‍ വ്യക്തമാക്കി.
ആമിര്‍ ഖാന്റെ അസഹിഷ്ണുതാ പരാമര്‍ശത്തിനെതിരെ അക്ഷയ് കുമാര്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. എല്ലാ രാജ്യത്തിനും ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും. എന്നാല്‍ അത്തരം അവസരത്തില്‍ കടുത്ത പരാമര്‍ശം നടത്തരുതെന്നായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം. നേരത്തെ അസഹിഷ്ണുതാ പരാമര്‍ശം നടത്തിയ ഷാരൂഖ് ഖാനും പിന്നീട് മാപ്പു പറഞ്ഞിരുന്നു.












Click it and Unblock the Notifications