ഒഡീഷ ട്രെയിൻ അപകടം: റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
ഡല്‍ഹി: ഒഡീഷയിലുണ്ടായ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. 300ഓളം യാത്രക്കാര്‍ മരണപ്പെട്ട അപകടം രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളിലൊന്നാണ്. അപകടത്തിന് കാരണം സിഗ്നല്‍ സംവിധാനത്തിലെ പാളിച്ചയാണോ എന്നുളള ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ്. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുളള സംവിധാനം ഘടിപ്പിക്കാൻ കേന്ദ്ര സർക്കാരിനാകുന്നില്ല. എന്നാൽ പ്രതിപക്ഷ നേതാക്കളെ നിരീക്ഷിക്കാനുളള ചാര സോഫ്‌റ്റ്വെയറുകള്‍ക്ക് വേണ്ടി കോടികള്‍ ചിലവഴിക്കുന്നുണ്ട്, അഭിഷേക് ബാനർജി കുറ്റപ്പെടുത്തി.

''നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ദേ ഭാരത് ട്രെയിനുകളെ കുറിച്ചും പുതിയതായി നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷനുകളെ കുറിച്ചും പൊങ്ങച്ചം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അവര്‍ മതിയാ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നതില്‍ ശ്രദ്ധ കൊടുക്കുന്നില്ല''.
''കേന്ദ്ര സര്‍ക്കാരിന്റെ ഈ നിസംഗതാ മനോഭാവത്തിന്റെയും പ്രവൃത്തികളുടേയും ഫലം അനുഭവിക്കുന്നത് പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ രാജ്യത്തെ ജനങ്ങളാണ്, അത് നോട്ട് നിരോധനമായിക്കോട്ടെ, ജിഎസ്ടി ആയിക്കോട്ടെ കൊവിഡ് ലോക്ക്ഡൗണും കര്‍ഷക നിയമങ്ങളും , അപര്യാപ്തമായ റെയില്‍വേ സുരക്ഷാ സംവിധാനങ്ങളോ ആയിക്കോട്ടെ'', അഭിഷേക് ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
തൃണമൂല്‍ വക്താവ് സാകേത് ഖോകലെയും സുരക്ഷാ പ്രശ്‌നം ഉന്നയിച്ച് രംഗത്ത് വന്നട്ടുണ്ട്. ചില ഗൗരവകരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ടെന്ന് സാകേത് ഖോകലെ ട്വിറ്ററില്‍ കുറിച്ചു. റെയില്‍വേ സംവിധാനങ്ങളില്‍ സുരക്ഷയ്ക്ക് വേണം മുന്‍ഗണന കൊടുക്കാന്‍ എന്നത് അടിവരയിടുന്ന തരത്തിലുളള അപകടമാണ് നടന്നിരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് പ്രതികരിച്ചു.
സര്‍ക്കാര്‍ ആഢംബര തീവണ്ടികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ട ട്രെയിനുകളും ട്രാക്കുകളും അവഗണിക്കപ്പെടുകയാണ്. ഒഡീഷയിലെ മരണങ്ങള്‍ അതിന്റെ ഫലമാണ്. റെയില്‍വേ മന്ത്രി രാജി വെയ്ക്കണം, ബിനോയ് വിശ്വം ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications