പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയിലേക്ക്; അപകടസ്ഥലവും, പരിക്കേറ്റവരെയും സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: പ്രധാനമന്തി നരേന്ദ്ര മോദി ഒഡീഷയിലേക്ക്. ട്രെയിന്‍ അപകടമുണ്ടായ സ്ഥലവും, പരിക്കേറ്റവരെയും അദ്ദേഹം സന്ദര്‍ശിക്കും, കട്ടക്കിലെ ആശുപത്രിയില്‍ ഇന്ന് അദ്ദേഹം എത്തും. റെയില്‍വേ ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം വിളിച്ച് ഒഡീഷയിലെ സാഹചര്യങ്ങളും പ്രധാനമന്ത്രി വിലയിരുത്തി.
ഇതിനോടകം മുന്നൂറിലേറെ പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രിയില്‍ കഴിയുന്നവരുടെ പലരുടെയും നില ഗുരുതരമാണ്. പ്രധാനമന്ത്രി ആദ്യം അപകടസ്ഥലം സന്ദര്‍ശിക്കുമെന്നും, പിന്നീട് ആശുപത്രിയിലെത്തി പരിക്കേറ്റവരെ കാണുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു.

അതേസമയം അപകടസ്ഥലത്തെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായി റെയില്‍വേ അറിയിച്ചു. അപകട കാരണം അറിയാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൗത്ത് ഈസ്റ്റ് സര്‍ക്കിളിലെ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ എഎം ചൗധരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. നിരവധി പേരാണ് ബോഗികള്‍ക്കടിയില്‍പ്പെട്ട് കൊല്ലപ്പെട്ടത്.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ബോഗികള്‍ മുറിച്ചാണ് ഈ മൃതദേഹങ്ങള്‍ പലതും പുറത്തെത്തിച്ചത്. അപകടത്തിന്റെ ആഘാതത്തില്‍ കംപാര്‍ട്‌മെന്റിന്റെ പുറത്തേക്ക് തെറിച്ചു പോയെന്ന് പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെ ബെര്‍ഹംപോര്‍ സ്വദേശി പിയൂഷ് പോഡ്ഡര്‍ പറയുന്നു. എങ്ങനെയെങ്കിലും പുറത്തുകടക്കാനായിരുന്നു ശ്രമം. അവിടെയാകെ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നുവെന്നും പോഡ്ഡര്‍ പറഞ്ഞു.
അപകടസ്ഥലത്ത് നിന്ന് ഉച്ചത്തിലുള്ള നിലവിളി ശബ്ദം കേട്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ സ്ഥലത്തേക്ക് എത്തിയത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ കോച്ചുകളാണ് കണ്ടത്. 'പ്രദേശവാസികളുടെ സഹായം കൊണ്ടാണ് പലരെയും പുറത്തെത്തിക്കാനായത്. പലരുടെയും ലഗേജുകള്‍ അടക്കം എടുത്ത് കൊടുത്തുവെന്നും' രക്ഷപ്പെട്ട യാത്രക്കാരിലൊരാളായ രൂപം ബാനര്‍ജി പറഞ്ഞു.
അതേസമയം ബാലസോര്‍ ജില്ലാ ആശുപത്രി ശരിക്കും യുദ്ധഭൂമി പോലെയാണ് നിരവധി പേരാണ് ഇവിടെ ആശുപത്രി വരാന്തയില്‍ മറ്റുമായി ഉള്ളത്. അത്രയേറെ പേരാണ് ഇവിടെ പരിക്കേറ്റ് എത്തിയിരിക്കുന്നത്.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണോ ഒഡീഷയിലെ ബാലസോറില്‍ എത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തി. അങ്ങേയറ്റത്തെ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പതിനേഴോളം കോച്ചുകളാണ് പാളം തെറ്റിയത്. ഇവയ്‌ക്കെല്ലാം വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് എന്‍ഡിആര്‍എഫ് ഐജി ഓപ്പറേഷന്‍ അധ്യക്ഷന്‍ നരേന്ദ്ര സിംഗ് ബുന്ദേല പറഞ്ഞു.
'അപകടത്തില്‍പ്പെട്ട എല്ലാ ബോഗികളും പരിശോധിക്കുന്നുണ്ട്. ഇതില്‍ മൃതദേഹങ്ങളും ഉണ്ടോ എന്ന് നോക്കുന്നുണ്ടെന്നും' ബുന്ദേല പറഞ്ഞു. അതേസമയം അപകടസ്ഥലത്ത് കുടുങ്ങി കിടക്കുന്നവരെയും, പരിക്കേറ്റവരെയും തിരിച്ചെത്തിക്കാന്‍ മന്ത്രിസംഘത്തെ അയച്ചിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. ഇവര്‍ രക്ഷാപ്രവര്‍ത്തനങ്ങളിലും സഹായിക്കും.












Click it and Unblock the Notifications