ഒഡീഷ ട്രെയിന്‍ അപകടം: 'ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടും', അപകടസ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. അപകടത്തില്‍ പരിക്കേറ്റ് കട്ടക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും അദ്ദേഹം സന്ദര്‍ശിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി അപകടസ്ഥലം സന്ദര്‍ശിച്ചത്.
ശനിയാഴ്ച വൈകീട്ട് 3.45 ഓടെയാണ് ബാലസോറിലെ ബാഹംഗ ബാസാര്‍ സ്‌റ്റേഷന് സമീപത്ത് ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി എത്തിയത്. കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവും രക്ഷാപ്രവര്‍ത്തക സംഘങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും തല്‍സ്ഥിതി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

അപകടത്തിന് കാരണക്കാരായവരെ ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ യോഗം വിളിച്ചിരുന്നു.
അതേസമയം, അപകടത്തില്‍ 261 പേരാണ് മരണപ്പെട്ടത്. 900 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്ക്. അപകടസ്ഥലത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ടെന്ന് റെയില്‍വെ അറിയിച്ചിരുന്നു. കൂടാതെ സ്ഥലത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെയാണ് ഹൗറ എക്സ്പ്രസ്, കോറമണ്ഡല്‍ എക്സ്പ്രസ്, ഗുഡ്സ് ട്രെയിന്‍ എന്നിവ അപകടത്തില്‍പ്പെട്ടത്.
ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപം രാത്രി 7.20 ഓടെയാണ് അപകടം. പാളം തെറ്റിയ ബോഗിക്കുള്ളില്‍ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. നാട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്നാണ് തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.












Click it and Unblock the Notifications