ഒഡീഷ ട്രെയിന്‍ അപകടം: 261 മരണം, രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് റെയില്‍വെ
ന്യൂഡല്‍ഹി: ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 261 ആയി. 900 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടത്തിനാണ് ഒഡീഷ സാക്ഷ്യം വഹിച്ചത്. അപകട സ്ഥലം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥലത്തെത്തി. അപകട സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം പ്രധാനമന്ത്രി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തി കാണും.
ബാലസോറിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് റെയില്‍വെ വക്താവ് ആദിത്യ ചൗധരി അറിയിച്ചു. മരിച്ചവരുടെ എണ്ണം 261 ആണെന്നും പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബാലസോറിലെ ട്രെയിന്‍ അപകടസ്ഥലത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെയാണ് ഹൗറ എക്‌സ്പ്രസ്, കോറമണ്ഡല്‍ എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിന്‍ എന്നിവ അപകടത്തില്‍പ്പെട്ടത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി അടിയന്തരയോഗം വിളിച്ചിരുന്നു. റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി സംസാരിച്ച് പരിക്കേറ്റ എല്ലാവര്‍ക്കും സധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഇന്നലെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
അപകടത്തിന്റെ കാരണം സിഗ്നല്‍ തകരാറെന്നാണ് സൂചന. അപകടവുമായി ബന്ധപ്പെട്ട റെയില്‍വെ സ്റ്റേഷനിലെ തത്സമയ ഡേറ്റ ലോഗര്‍ ദൃശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടിട്ടുണ്ടെന്നാണ് വിവരം. സംഭവത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റിയ ട്രെയിനിന്റെ ബോഗികള്‍ അടുത്തുള്ള പാളത്തിലേക്ക് കയറിയെന്നും അതുവഴി വന്ന ഹൗറ എക്‌സ്പ്രസ് ഈ ബോഗികളിലേക്ക് ഇടിച്ചുകയറിയെന്നുമാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ഹൗറ എക്‌സ്പ്രസിന്റെ ബോഗികളും പാളം തെറ്റുകയായിരുന്നു.
അപകടത്തില്‍പ്പെട്ട കോറമണ്ഡല്‍ എക്‌സ്പ്രസില്‍ 1257 റിസര്‍വ്ഡ് യാത്രക്കാരും ഹൗറ എക്‌സ്പ്രസില്‍ 1039 റിസര്‍വ്ഡ് യാത്രക്കാരുമുണ്ടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതുകൂടാതെ റിസര്‍വ് ചെയ്യാത്ത ഒട്ടേറെ യാത്രക്കാരും ട്രെയിനുകളിലുണ്ടായിരുന്നു. കോറമണ്ഡല്‍ എക്‌സ്പ്ര്‌സ് പാളം തെറ്റിയ ശേഷമാണോ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചതെന്നും അതല്ല പാളം തെറ്റിയ ശേഷമാണോ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചതെന്നും സംബന്ധിച്ചുള്ള വിശദീകരണം ലഭിച്ചിട്ടില്ല,. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തത വരുത്തിയിട്ടില്ല.
മരിച്ചവരില്‍ പലരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അജ്ഞ്ത മൃതദേഹങ്ങളുടെ വലിയ നിര ഒഡിഷയിലെ വിവിധ ആശുപത്രികളിലുണ്ടെന്നാണ് വിവരം. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുന്നുണ്ട്.












Click it and Unblock the Notifications