മോദിയുടെ കളി; വിമാനത്താവളത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത്, കോണ്‍ഗ്രസ് മുക്ത ഭാരതം!!
കോണ്‍ഗ്രസ് നേതാക്കളുടെ പേരിലുള്ള സര്‍ക്കാര്‍ പദ്ധതികളുടെ പേരുകള്‍ ഏറെ കുറെ മാറ്റം വരുത്തിയ കേന്ദ്രസര്‍ക്കാര്‍ വിമാനത്താവളങ്ങളുടെ പേര് മാറ്റാന്‍ ഒരുങ്ങുകയാണിപ്പോള്‍.
ദില്ലി: കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന പ്രഖ്യാപനം നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ നീക്കം. കോണ്‍ഗ്രസ് നേതാക്കളുടെ പേരിലുള്ള സര്‍ക്കാര്‍ പദ്ധതികളുടെ പേരുകള്‍ ഏറെ കുറെ മാറ്റം വരുത്തിയ കേന്ദ്രസര്‍ക്കാര്‍ വിമാനത്താവളങ്ങളുടെ പേര് മാറ്റാന്‍ ഒരുങ്ങുകയാണിപ്പോള്‍.
വിമാനത്താവളങ്ങളുടെ പേരിനൊപ്പമുള്ള പ്രമുഖ വ്യക്തികളുടെ പേര് മാറ്റാനാണ് നീക്കം. ഇതു കോണ്‍ഗ്രസ് നേതാക്കളായ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരെ വിമാനത്താവളത്തിനോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നത് ഒഴിവാക്കാനാണെന്നാണ് ആക്ഷേപം.

വിമാനത്താവളങ്ങളുടെ പേര് മാറ്റാന്‍ ആലോചിക്കുന്നുണ്ടെന്ന് സിവില്‍ വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇനി നഗരങ്ങളുടെ പേരിലാവും വിമാനത്താവളങ്ങള്‍ അറിയപ്പെടുക. ഇതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

വിഷയത്തില്‍ ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. അന്തിമ തീരുമാനം ഉടന്‍ എടുക്കും. നിലവില്‍ രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖരുടെ പേരില്‍ നിരവധി വിമാനത്താവളങ്ങളുണ്ട്. പല വിമാനത്താവളങ്ങള്‍ക്കും പ്രമുഖരുടെ പേര് നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതെല്ലാം തള്ളി നഗരങ്ങളുടെ പേരിലാവും വിമാനത്താവളങ്ങള്‍ ഇനി അറിയപ്പെടുകയെന്ന് മന്ത്രി അറിയിച്ചു.

ഉദ്യോഗസ്ഥ തലത്തിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഏത് സ്ഥലത്താണോ വിമാനത്താവളമുള്ളത് ആ സ്ഥലത്തിന്റെ പേരായിരിക്കും ഇനി വിമാനത്താവളത്തിന് ഇടുക. എന്നാല്‍ ഇക്കാര്യത്തില്‍ എതിര്‍പ്പുയരാന്‍ സാധ്യതയുള്ളതിനാല്‍ അന്തിമ തീരുമാനമെടുക്കുന്നത് വൈകുകയാണ്.

കഴിഞ്ഞ വര്‍ഷമാണ് വിമാനത്താവളങ്ങളുടെ പേരുകള്‍ മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. വിദേശ വിനോദസഞ്ചാരികള്‍ക്ക് വ്യക്തികളുടെ പേരിലുള്ള വിമാനത്താവളങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമുണ്ടാവുന്നുവെന്നാണ് പേരുമാറ്റാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. ഇന്ത്യന്‍ നേതാക്കളുടെ പേരുകള്‍ അവര്‍ക്ക് വ്യക്തമായി അറിയാത്തതിനാല്‍ പേരുമാറ്റുമെന്നാണ് മന്ത്രി ഇംഗ്ലീഷ് പത്രത്തോട് വ്യക്തമാക്കിയത്.

വിമാനത്താവളങ്ങളുടെ നാമകരണം സംബന്ധിച്ച് ഔദ്യോഗിക നയം നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. പുതിയ മാര്‍ഗരേഖ സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷമായിരിക്കും പ്രഖ്യാപനം. വിമാനത്താവളങ്ങളിലെ ടെര്‍മിനലുകള്‍ക്ക് പ്രമുഖ വ്യക്തികളുടെ പേര് നല്‍കാന്‍ അനുമതിയുണ്ടാവുമെന്നാണ് റിപോര്‍ട്ട്. ഇക്കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിക്കുന്നതിന് അനുസരിച്ചായിരിക്കും തീരുമാനിക്കുക.

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ബെംഗളൂരുവിലെ കെംപിഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങി രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളെല്ലാം വ്യക്തികളുടെ പേരിലാണ്.

ഇങ്ങനെ മാറ്റം വരുത്തുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ നേരിടേണ്ടി വരും. ഉദാഹരണത്തിന് ഛണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്യമെടുക്കാം. പഞ്ചാബ്-ഹരിയാന സര്‍ക്കാരുകള്‍ക്ക് 24.5 ശതമാനം വീതം ഓഹരി ഉടമസ്ഥതയുള്ള ഈ വിമാനത്താവളത്തിന്റെ ബാക്കി ഓഹരികളുടെ ഉമട കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കാണ്. വിമാനത്താവളത്തിന് ഭഗത് സിങ് അന്താരാഷ്ട്ര വിമാനത്താവളം, മൊഹാലി എന്ന് പേരിടണമെന്ന് 2009ല്‍ പഞ്ചാബ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹരിയാന സര്‍ക്കാര്‍ പാസാക്കിയ പ്രമേയം പ്രകാരം ഭഗത് സിങ് അന്താരാഷ്ട്ര വിമാനത്താവളം, ചാണ്ഡീഗഡ് എന്നാണ്. കേന്ദ്രം പുതിയ മാറ്റം വരുത്തുമ്പോള്‍ ഏത് പേര് സ്വീകരിക്കുമെന്നതാണ് പ്രശ്‌നം.












Click it and Unblock the Notifications