ഒരു കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്? അമിത് ഷായുമായും നദ്ദയുമായും കൂടിക്കാഴ്ച നടത്തി കുല്‍ദീപ് ബിഷ്‌ണോയി
ചണ്ഡീഗഢ്: കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക പരത്തി ഒരു നേതാവ് കൂടി ബി ജെ പിയിലേക്ക് അടുക്കുന്നു. ഹരിയാനയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് കുല്‍ദീപ് ബിഷ്‌ണോയി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തി.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിഷ്ണോയി ക്രോസ് വോട്ട് ചെയ്തതാണ് അജയ് മാക്കന്റെ തോല്‍വിയിലേക്ക് നയിച്ചത്. ഇതേ തുടര്‍ന്ന് ബിഷ്ണോയിയെ എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് നീക്കിയിരുന്നു. ഹൂഡയുടെ വിശ്വസ്തനായ ഉദയ് ഭാനിനെ പാര്‍ട്ടി അധ്യക്ഷനായി കേന്ദ്ര നേതൃത്വം നിയമിച്ചതിന് പിന്നാലെ ബിഷ്ണോയിക്ക് അതൃപ്തിയുണ്ടായിരുന്നു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അജയ് മാക്കന് വോട്ട് ചെയ്യുന്നതിന് പകരം കുല്‍ദീപ് ബിഷ്ണോയ്, ബി ജെ പിയും അതിന്റെ സഖ്യകക്ഷിയായ ജനനായക് ജനതാ പാര്‍ട്ടിയും പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരത്തിനിറങ്ങിയ കാര്‍ത്തികേയ ശര്‍മ്മയ്ക്ക് ക്രോസ് വോട്ട് ചെയ്യുകയായിരുന്നു.
അതേസമയം കുല്‍ദീപ് ബിഷ്‌ണോയി നിയമസഭാംഗങ്ങളുടെ പാര്‍ട്ടി യോഗങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലെന്നും തന്റെ മനസാക്ഷി പ്രകാരമാണ് താന്‍ വോട്ട് ചെയ്തതെന്നും പറഞ്ഞിരുന്നു. അതേസമയം രാജ്യസഭയിലെ ക്രോസ് വോട്ടിംഗിന് പിന്നാലെ കുല്‍ദീപ് ബിഷ്‌ണോയിയെ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്ത് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രംഗത്തെത്തിയിരുന്നു.
മൊഞ്ചത്തി പെണ്ണെ ഐമാ റോസ്മീ...; കിടിലന്‍ ചിത്രങ്ങളുമായി താരം
അദ്ദേഹം പാര്‍ട്ടിയില്‍ ചേരുകയാണെങ്കില്‍ പാര്‍ട്ടി അദ്ദേഹത്തെ സ്വാഗതം ചെയ്യും, എന്നായിരുന്നു മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞിരുന്നത്. ഹരിയാനയിലെ പ്രമുഖ ജാട്ട് ഇതര മുഖമായ കുല്‍ദീപ് ബിഷ്ണോയി മുന്‍ ഹരിയാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അന്തരിച്ച ഭജന്‍ ലാലിന്റെ മകനാണ്.
നാല് തവണ എം എല്‍ എയായ ബിഷ്ണോയി നിലവില്‍ ഹിസാറിലെ ആദംപൂര്‍ നിയമസഭാ സീറ്റിനെ പ്രതിനിധീകരിക്കുന്നു. രണ്ട് തവണ എം പിയായിരുന്നു. ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസ് (ബി എല്‍) എന്ന സ്വന്തം സംഘടന രൂപീകരിച്ചിരുന്നു. അഖില ഭാരതീയ ബിഷ്ണോയി മഹാസഭയുടെ രക്ഷാധികാരി കൂടിയാണ് അദ്ദേഹം.












Click it and Unblock the Notifications