പാകിസ്ഥാനില്‍ നിന്ന് ആണവ സിഗ്നലിംഗ് ഉണ്ടായിരുന്നില്ല, മൂന്നാം കക്ഷി ഇടപെട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ അമേരിക്കയുടെ പങ്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാര്‍ലമെന്ററികാര്യ കമ്മിറ്റിയോടാണ് അദ്ദേഹത്തിന്റെ വിശദീകരണം. സൈനിക നടപടികള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി തലത്തിലാണ് എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം എല്ലായ്‌പ്പോഴും പരമ്പരാഗത മേഖലയിലാണെന്നും പാകിസ്ഥാന്റെ ആണവ സിഗ്‌നലിംഗ് ഇല്ലെന്നും വിക്രം മിസ്രി ആവര്‍ത്തിച്ചു.
നാല് ദിവസം നീണ്ടുനിന്ന സൈനിക സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ അമേരിക്കയുടെ പങ്കിനെക്കുറിച്ച് പാനല്‍ അംഗങ്ങള്‍ ആവര്‍ത്തിച്ച് വാദങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് വിക്രം മിസ്രിയുടെ വിശദീകരണം. മേയ് 10 ന് ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാര്‍ എല്ലാ സൈനിക നടപടികളും നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെയും സിവിലിയന്‍ പ്രദേശങ്ങളെയും ലക്ഷ്യമിടാനുള്ള പാകിസ്ഥാന്റെ തീവ്രമായ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതിനിടയില്‍ പാകിസ്ഥാന്റെ വ്യോമതാവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തി. അതിനാല്‍ തന്നെ പാകിസ്ഥാന്‍ ചൈനീസ് നിര്‍മ്മിത ആയുധ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗൗരവമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഭിഷേക് ബാനര്‍ജി, കോണ്‍ഗ്രസിന്റെ രാജീവ് ശുക്ല, ദീപേന്ദര്‍ ഹൂഡ, എ ഐ എം ഐ എം മേധാവി അസദുദ്ദീന്‍ ഒവൈസി, ബിജെപിയുടെ അപരാജിത സാരംഗി, അരുണ്‍ ഗോവില്‍ എന്നിവരുള്‍പ്പെടെ നിരവധി ജനപ്രതിനിധികള്‍ പങ്കെടുത്തു.
അതേസമയം തുര്‍ക്കിയുടെ നിലപാടില്‍ അത്ഭുതമില്ല എന്ന് വിക്രം മിസ്രി പറഞ്ഞു. 'തുര്‍ക്കി പരമ്പരാഗതമായി ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യമല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാനെ പിന്തുണയ്ക്കുന്നതില്‍ തുര്‍ക്കി തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രപരമായി, തുര്‍ക്കി ചെയ്തതില്‍ ഞങ്ങള്‍ക്ക് അതിശയിക്കാനില്ല. ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം സമീപഭാവിയില്‍ സാധാരണ നിലയിലാകുമെന്ന് ഞങ്ങള്‍ കാണുന്നില്ല,'' മിസ്രി പറഞ്ഞു
അതിനിടെ കിരാന കുന്നുകളിലെ ആണവ കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഇന്ത്യ നിരസിച്ചിരുന്നു. കിരാന കുന്നുകളിലെ ആണവ കേന്ദ്രം ലക്ഷ്യമിട്ടിട്ടില്ലെന്ന് വ്യോമസേന ഡയറക്ടര്‍ ജനറല്‍ എയര്‍ മാര്‍ഷല്‍ എകെ ഭാരതിയാണ് സ്ഥിരീകരിച്ചത്.
''കിരാന കുന്നുകളില്‍ ഒരുതരം ആണവ കേന്ദ്രം ഉണ്ടെന്ന് ഞങ്ങളോട് പറഞ്ഞതിന് നന്ദി. ഞങ്ങള്‍ക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. കിരാന കുന്നുകളില്‍, അവിടെ എന്തെങ്കിലുമുണ്ടെങ്കില്‍, ഞങ്ങള്‍ ആക്രമണം നടത്തിയിട്ടില്ല,'' ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications