ഓപ്പറേഷന്‍ സിന്ദൂര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും; ഉറപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സഭയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ കൂടുതല്‍ ഏകോപനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
''ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള പ്രധാന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിന് ഞങ്ങള്‍ തയ്യാറാണ്. പാര്‍ലമെന്റ് സുഗമമായി നടത്തുന്നതിന് സര്‍ക്കാര്‍-പ്രതിപക്ഷ ഏകോപനം ഉണ്ടായിരിക്കണം,'' റിജിജു വ്യക്തമാക്കി. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ താന്‍ മധ്യസ്ഥത വഹിച്ച് ശത്രുത അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദവുമായി ബന്ധപ്പെട്ട് സഭയില്‍ ചോദ്യം ഉന്നയിക്കാന്‍ പ്രതിപക്ഷം പദ്ധതിയിടുന്നുണ്ട്.

ഇതിനിടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. സര്‍ക്കാര്‍ വിഷയം സഭയില്‍ പരിഗണിക്കുമെന്ന് റിജിജു പറഞ്ഞു. പാര്‍ലമെന്ററി കാര്യ വകുപ്പ് കൂടി വഹിക്കുന്ന റിജിജു, ജസ്റ്റിസ് വര്‍മ്മയെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന് ഇതിനകം തന്നെ നിയമസഭാംഗങ്ങളില്‍ നിന്ന് ഗണ്യമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ജസ്റ്റിസ് വര്‍മ്മയെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന് എംപിമാരില്‍ നിന്ന് ലഭിച്ച ഒപ്പുകളുടെ എണ്ണം ഇതിനകം 100 കവിഞ്ഞു അദ്ദേഹം പറഞ്ഞു.
ക്രിയാത്മകമായ ചര്‍ച്ചയുടെ പ്രാധാന്യവും റിജിജു ഊന്നിപ്പറഞ്ഞു. പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ എപ്പോഴും സന്നിഹിതനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷക്കാല സമ്മേളനത്തില്‍ 17 ബില്ലുകള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ചര്‍ച്ചകള്‍ക്കിടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുറന്ന മനസ്സോടെ ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ തയ്യാറാണ്. നിയമങ്ങളെയും പാര്‍ലമെന്ററി പാരമ്പര്യങ്ങളെയും തങ്ങള്‍ വിലമതിക്കുന്നു എന്നും റിജിജു പറഞ്ഞു. അതേസമയം വര്‍ഷകാല സമ്മേളനത്തില്‍ നിരവധി വിവാദപരമായ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഫലവത്തും ചര്‍ച്ചാധിഷ്ഠിതവുമായ ഒരു സമ്മേളനത്തിന് സര്‍ക്കാര്‍ തയ്യാറാണെന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
ബിഹാറിലെ വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍, പഹല്‍ഗാമില്‍ അടുത്തിടെ നടന്ന ഭീകരാക്രമണം, ട്രംപിന്റെ മധ്യസ്ഥ അവകാശവാദം എന്നിവയുള്‍പ്പെടെ പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷം ഉദ്ദേശിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ സര്‍വകക്ഷി യോഗത്തില്‍ ഉന്നയിച്ചു. വിവാദ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications