ഫോണ്‍ ചോർത്തല്‍ ആരോപണം നനഞ്ഞ പടക്കമോ? മൊയ്ത്ര മുതല്‍ തരൂർ വരെ, ഒടുവില്‍ ആപ്പിളിന്റെ മറുപടി
ഡല്‍ഹി: കേന്ദ്ര സർക്കാറിനെ മുള്‍മുനയില്‍ നിർത്തി പ്രതിപക്ഷ എംപിമാരുടെ ഫോണ്‍ ചോർത്തല്‍ ആരോപണം ആദ്യം ഉയർത്തുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ മെഹുവ മൊയ്ത്രയാണ്. ഭരണകൂട പിന്തുണയുള്ള അറ്റാക്കര്‍മാര്‍ ഐ ഫോണുകള്‍ ഹാക്ക് ചെയ്‌തേക്കാമെന്ന മുന്നറിയിപ്പ് ആപ്പിളില്‍നിന്ന് ലഭിച്ചുവെന്ന് ശശി തരൂർ അടക്കമുള്ള പ്രതിപക്ഷ എംപിമാർ ആരോപിച്ചു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ശിവസേന ഉദ്ദവ് താക്കറെ പക്ഷം എംപി പ്രിയങ്കാ ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, എഎപി എംപി രാഘവ് ഛദ്ദ തുടങ്ങിയവർക്ക് ഇത്തരത്തിലുള്ള സന്ദേശം ലഭിച്ചത്.
തങ്ങള്‍ക്ക് ലഭിച്ച സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ഇവർ എക്സ് പ്ലാറ്റ് ഫോമിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറഇ സീതാറാം യെച്ചൂരി, എസ്പി നേതാവ് അഖിലേഷ് യാദവ്, ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍ എന്നിവര്‍ക്ക് പുറമെ തങ്ങളുടെ ഓഫീസിലുള്ളവർക്കും സമാനമായ സന്ദേശം ലഭിച്ചെന്ന് വ്യക്തമാക്കി എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നു.

ആദ്യം രംഗത്ത് വന്നത് മൊഹുവ മൊയ്ത്ര
മൊഹുവാ മൊയ്ത്രയാണ് ഫോണ്‍ ചോർത്തല്‍ ആരോപണവുമായി ആദ്യം രംഗത്ത് വന്നത്. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഫോണ്‍ ചോർത്തലാണ് നടക്കുന്നത്. സര്‍ക്കാരിന്റെ ഭയം കാണുമ്പോള്‍ കഷ്ടം തോന്നുന്നുവെന്നും മൊഹുവാ മൊയ്ത്ര പരിഹസിച്ചു. ഇതിന് പിന്നാലെ മറ്റുള്ളവരും സമാനമായ പരാതിയുമായി രംഗത്ത് വരികയായിരുന്നു. പെഗാസസ് അടക്കമുള്ള ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണം നേരത്തേയും ഉയര്‍ന്നിരുന്നു.
രാഹുല്‍ ഗാന്ധിയുടെ പ്രതികരണം
മോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തായി. നരേന്ദ്ര മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമായി. വിമാനത്താവളങ്ങളും, വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതി. ഭയപ്പെട്ട് പിന്നോട്ടില്ല. എത്ര വേണമെങ്കിലും ചോർത്തിക്കോളൂ ഭയമില്ലെന്നും പറഞ്ഞ രാഹുല്‍ പെഗാസസില്‍ അന്വേഷണം എവിടേയും എത്താത്തതും ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന്റെ പ്രതികരണം
പ്രതിപക്ഷം അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു കേന്ദ്ര ഐ ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ആപ്പിള്‍ 150 രാജ്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയതായും കേന്ദ്രം വ്യക്തമാക്കി.
ആപ്പിളിന്റെ വിശദീകരണം
ഏതെങ്കിലും പ്രത്യേക ഭരണകൂടത്തിന്റെ ഹാക്കര്‍മാരാണ് ചോര്‍ത്തലിന് പിന്നിലെന്ന് തങ്ങളുടെ മുന്നറിയിപ്പുകൊണ്ട് ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ആപ്പിളിന്റെ പ്രതികരണം. നോട്ടിഫിക്കേഷന്‍ തെറ്റായ മുന്നറിയിപ്പ് ആവാനുള്ള സാധ്യതയും ആപ്പിള്‍ തള്ളിക്കളഞ്ഞില്ല. അറ്റാക്കര്‍മാര്‍ രീതി മാറ്റാന്‍ സാധ്യതയുള്ളതിനാല്‍ ഏത് സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ആപ്പിള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.












Click it and Unblock the Notifications