പ്രതിപക്ഷ യോഗം ജൂണ്‍ 23ലേക്ക് മാറ്റിയത് ഖാര്‍ഗെയുടെ പങ്കാളിത്തം ഉറപ്പിക്കാന്‍, അസൗകര്യം കോണ്‍ഗ്രസിന്
ദില്ലി: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ജൂണ്‍ പന്ത്രണ്ടില്‍ നിന്ന് 23ലേക്ക് മാറ്റിയത് കോണ്‍ഗ്രസിന് വേണ്ടി. പട്‌നയില്‍ നടക്കേണ്ടിയിരുന്ന യോഗം കോണ്‍ഗ്രസ് അസൗകര്യം പറഞ്ഞതിനെ തുടര്‍ന്നാണ് മാറ്റിയത്. ഡിഎംകെയും പ്രശ്‌നം പറഞ്ഞിരുന്നെങ്കിലും, കോണ്‍ഗ്രസിന്റെ പ്രമുഖ രണ്ട് നേതാക്കള്‍ പങ്കെടുക്കാതിരിക്കുന്നത് ഒഴിവാക്കാനായിട്ടാണ് മാറ്റിയത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജൂണ്‍ പന്ത്രണ്ടിനായിരുന്നെങ്കില്‍ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കുമായിരുന്നില്ല. പകരം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിലൊരാളെ പട്‌നയിലേക്ക് അയക്കാനായിരുന്നു തീരുമാനിച്ചത്. അതേസമയം ഖാര്‍ഗെ പങ്കെടുത്തില്ലെങ്കില്‍ യോഗത്തിന്റെ പൊലിമ തന്നെ നഷ്ടപ്പെടുമായിരുന്നു.

കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിന് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉണ്ടായിരുന്നു എന്നാണ് സൂചന. ജൂണ്‍ ഇരുപതിന് പ്രതിപക്ഷ യോഗം നടത്താനായിരുന്നു കോണ്‍ഗ്രസ് ആഗ്രഹിച്ചത്. എന്നാല്‍ 23 ആണ് എല്ലാവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന തിയതി എന്നാണ് സൂചന. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, രാഹുല്‍ ഗാന്ധിയും അമേരിക്കന്‍ പര്യടനത്തിലാണ്.
എന്നാല്‍ ജെഡിയു ഇതൊന്നും പരിഗണിക്കാതെയാണ് ആദ്യത്തെ തിയതി പ്രഖ്യാപിച്ചത്. ചില രാഷ്ട്രീയ പാര്‍ട്ടികളോട് മാത്രമാണ് അവര്‍ ചര്‍ച്ച ചെയ്തത്. ഇവര്‍ക്ക് ഈ ദിവസം യോഗത്തില്‍ പങ്കെടുക്കുന്നതിന് തടസ്സങ്ങളിലായിരുന്നു. സിപിഎമ്മിനും, ഡിഎംകെയ്ക്കും ഈ ദിവസം പങ്കെടുക്കാന്‍ സാധിക്കില്ലായിരുന്നു.ജെഡിയു നേരത്തെ തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിമാരിലൊരാളെ വരൂ എന്ന സൂചനയും കോണ്‍ഗ്രസ് നല്‍കിയിരുന്നു.
രാഹുല്‍ ഗാന്ധി ജൂണ്‍ 18നാണ് ഇന്ത്യയില്‍ മടങ്ങിയെത്തുക. കോണ്‍ഗ്രസ് തടസ്സം പറഞ്ഞതോടെയാണ് ജെഡിയു അക്കാര്യത്തെ കുറിച്ച് ചിന്തിച്ചത്. ബിജെപി വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിപക്ഷ യോഗത്തില്‍ കോണ്‍ഗ്രസില്ലാതിരിക്കുന്നത് ആത്മഹത്യാപരമാണ്. ആ സഖ്യത്തിന് ആയുസ്സും ഉണ്ടാവില്ലെന്ന് നിതീഷ് കുമാറിന് അറിയാം.
ഇതോടെ മറ്റൊരു തിയതി കണ്ടെത്താന്‍ ജെഡിയു മുന്നില്‍ നില്‍ക്കുകയായിരുന്നു. ജൂണ്‍ ഇരുപതിന് ശേഷമുള്ള ഒരു തിയതിയില്‍ പ്രതിപക്ഷം യോഗം നടക്കുമെന്നാണ് എല്ലാ പ്രതിപക്ഷ നേതാക്കളെയും ജെഡിയു അറിയിച്ചത്. ജൂണ്‍ 23ന് യോഗം നടക്കാനുള്ള സാധ്യത കൂടുതലാണ്.
പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന നിലയില്‍ പ്രതിപക്ഷ ഐക്യത്തെ നിയന്ത്രിക്കുന്ന ശക്തിയായി ഉണ്ടാവണമെന്നാണ് കോണ്‍ഗ്രസ് ഇപ്പോഴും ആഗ്രഹിക്കുന്നത്. പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന പദവിയുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് ആഗ്രഹിക്കുന്നില്ല.
കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ ആഗ്രഹിക്കാത്തവരെ അനുനയിപ്പിക്കാനാണ് നിതീഷ് കുമാറിനെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയത്. ബിജെപിക്കെതിരെ ഒരു മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥി എന്നതാണ് പ്രതിപക്ഷത്തിന്റെ തന്ത്രം. പക്ഷേ ഇത് കോണ്‍ഗ്രസ് അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നത് അതുകൊണ്ട് സങ്കീര്‍ണമാണ്.












Click it and Unblock the Notifications