ബിജെപിക്കെതിരെ ഒറ്റക്കെട്ട്; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുമെന്ന് പ്രതിപക്ഷം
പാട്‌ന: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുമെന്ന് പ്രതിപക്ഷം. പാട്‌നയിലെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ ഒന്നിച്ച് നില്‍ക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. അടുത്ത യോഗം ജൂലൈ 10-12 വരെ ഷിംലയില്‍ നടക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
ഇന്നത്തെ കൂടിക്കാഴ്ച പോസിറ്റീവ് ആയിരുന്നെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. തങ്ങള്‍ എല്ലാവരും തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുള്‍പ്പെടെയുള്ളവര്‍ പ്രതിപക്ഷ നേതാക്കളുടെ സംയുക്ത പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഷിംല യോഗത്തില്‍ അന്തിമമാക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ തങ്ങള്‍ തീരുമാനിച്ചു എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇത് പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. 'ഞങ്ങള്‍ക്ക് ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം.
പക്ഷേ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇതൊരു തുടര്‍പ്രക്രിയായിരിക്കും,' എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പില്‍ പോരാടുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയും പറഞ്ഞു. പാട്‌നയില്‍ നിന്ന് ആരംഭിക്കുന്നത് ഒരു പൊതു പ്രസ്ഥാനമാണ് എന്നും അടിയന്തരാവസ്ഥക്കാലത്തെ ജെപി പ്രസ്ഥാനത്തെ സൂചിപ്പിച്ചുകൊണ്ട് മമത ബാനര്‍ജി പറഞ്ഞു.
അതേസമയം ആം ആദ്മി പാര്‍ട്ടി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ എംകെ സ്റ്റാലിനും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ വിമാനം വൈകുമെന്നതിനാലാണ് ഇരുവരും നേരത്തെ മടങ്ങിയത് എന്ന് നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നിലപാടിനെ ആം ആദ്മി പാര്‍ട്ടി ചോദ്യം ചെയ്തതായാണ് വിവരം.
ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ശിവസേന (യുബിടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, എന്‍സിപി വര്‍ക്കിങ് പ്രസിഡന്റുമാരായ സുപ്രിയ സുലെ, പ്രഫുല്‍ പട്ടേല്‍, പിഡിപി നേതാവ് മെഹബൂബ മുഫ്തി, ജെകെഎന്‍സി നേതാവ് ഒമര്‍ അബ്ദുള്ള, സിപിഐ എം നേതാവ് സീതാറാം യെച്ചൂരി, സി പി ഐ നേതാവ് ഡി രാജ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
15 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഒപ്പിട്ട പ്രസ്താവനയും യോഗത്തിന് ശേഷം പുറത്തിറക്കി. പ്രതിപക്ഷ കക്ഷികളുടെ അടുത്ത യോഗത്തിന് കോണ്‍ഗ്രസാണ് അധ്യക്ഷത വഹിക്കുക. അതേസമയം പ്രതിപക്ഷത്തിന്റെ നീക്കത്തെ പരിഹസിച്ച് ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. പാട്‌നയില്‍ നടക്കുന്നത് ഫോട്ടോ സെഷനാണ് എന്നാണ് അമിത് ഷാ പറഞ്ഞത്.












Click it and Unblock the Notifications