ഇന്ത്യാ സഖ്യം അടുത്ത യോഗത്തിനൊരുങ്ങുന്നു; വേദിയാകുന്നത് മുംബൈ, വിവരങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യ പ്രതിപക്ഷ സഖ്യത്തിന്റെ അടുത്ത യോഗം മുംബൈയില്‍ നടക്കും. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ സഖ്യത്തിന്റെ മൂന്നാമത്തെ യോഗമാണിത്. ഓഗസ്റ്റ് പതിനഞ്ചിന് ശേഷമോ, സെപ്റ്റംബര്‍ ആദ്യ വാരമോ ആയിരിക്കും യോഗം നടക്കാന്‍ സാധ്യത. അന്തിമ തിയതി ഉടന്‍ പ്രഖ്യാപിക്കും.
എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായുള്ള യോഗത്തിന് ശേഷമാണ് നാനാ പടോലെ ഇക്കാര്യം പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ ആദ്യവാരം പ്രതിപക്ഷ യോഗം നടത്താന്‍ പവാറുമായുള്ള കൂടിക്കാഴ്ച്ചയില്‍ നിര്‍ദേശിച്ചുവെന്ന് പടോലെ പറഞ്ഞു. എന്നാല്‍ തിയതി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ അധികാരത്തില്‍ ഇല്ലാത്ത ഒരു സംസ്ഥാനത്ത് ആദ്യമായിട്ടാണ് യോഗം നടക്കുന്നത്.

ആദ്യ യോഗം പട്‌നയിലാണ് നടന്നത്. അവിടെ നിതീഷ് കുമാറാണ് മുഖ്യമന്ത്രി. രണ്ടാം യോഗം കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലായിരുന്നു. മുംബൈയില്‍ ഓഗസ്റ്റ് 25-26 തിയതികളിലായിട്ടായിരിക്കും പ്രതിപക്ഷ യോഗം നടക്കുകയെന്ന് നേരത്തെ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബെംഗളൂരുവില്‍ നടന്ന യോഗത്തിലാണ് വേദിയുടെ കാര്യം തീരുമാനിച്ചിരുന്നത്. പൊതു മിനിമം പരിപാടികള്‍ക്കായിരിക്കും യോഗത്തില്‍ പ്രാധാന്യം നല്‍കുക. പതിനൊന്നംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു.
അതേസമയം ഈ കമ്മിറ്റിയാണ് പ്രതിപക്ഷ ഐക്യത്തിന്റെ കണ്‍വീനര്‍ ആരായിരിക്കണമെന്ന് തീരുമാനിക്കുക. ക്യാമ്പയിന്‍ മാനേജ്‌മെന്റിനായി ഡല്‍ഹിയില്‍ പ്രതിപക്ഷ സെക്രട്ടേറിയേറ്റ് സ്ഥാപിക്കുന്ന കാര്യവും ഖാര്‍ഗെയുടെ പരിഗണനയിലുണ്ട്. പ്രത്യേക കമ്മിറ്റികളും രൂപീകരിക്കും. ഇവര്‍ പ്രത്യേകം വിഷയങ്ങള്‍ കൈകാര്യം ചെയ്യും. സംസ്ഥാന തലത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ട്. പക്ഷേ അത് പ്രത്യയശാസ്ത്രപരമല്ല. ജനങ്ങളുടെ നന്മയെ കരുതി അതെല്ലാം മാറ്റി വെക്കാവുന്നതാണെന്നും ഖാര്‍ഗെ നേരത്തെ പറഞ്ഞിരുന്നു.
മുംബൈയിലെ യോഗം ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗമാണ് സംഘടിപ്പിക്കുന്നത്. എന്‍സിപി ശരത് പവാര്‍ വിഭാഗത്തിന്റെയും കോണ്‍ഗ്രസിന്റെയും സഹായവുമുണ്ടാവും. പ്രതിപക്ഷ സഖ്യം രൂപീകരിച്ചതിന് ശേഷം പാര്‍ലമെന്റില്‍ അടക്കം ഒറ്റക്കെട്ടായിട്ടാണ് പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് അടക്കം അജണ്ടയിലുള്ളതാണ്.
ഡല്‍ഹി ഓര്‍ഡിനന്‍സിനെതിരെ വോട്ട് ചെയ്യുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചതാണ്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായതോടെ ബിജെപിയും സഖ്യം ശക്തിപ്പെടുത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. 38 പാര്‍ട്ടികള്‍ പങ്കെടുത്ത എന്‍ഡിഎ യോഗവും നേരത്തെ ബിജെപി സംഘടിപ്പിച്ചിരുന്നു. വിവിധ എംപിമാരെ അടുത്ത ദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാണുന്നുമുണ്ട്.












Click it and Unblock the Notifications